അഭിറാം മനോഹർ|
Last Modified ബുധന്‍, 28 ജനുവരി 2026 (15:14 IST)
2026 ഐസിസി ടി20 ലോകകപ്പിനെ ചുറ്റിപ്പറ്റി പുതിയ വിവാദങ്ങള്‍ ഉയരുന്നതിനിടെ, പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (PCB) കടുത്ത നിലപാടിലേക്ക് നീങ്ങുന്നുവെന്ന് സൂചന. ബംഗ്ലാദേശ് ടൂര്‍ണമെന്റില്‍ നിന്നും ഒഴിഞ്ഞതില്‍ ബംഗ്ലാദേശിന് ഐക്യദാര്‍ഡ്യമായി പാകിസ്ഥാന്‍ ലോകകപ്പ് ബഹിഷ്‌കരിച്ചേക്കുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചെങ്കിലും ലോകകപ്പില്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം വരുന്ന തിങ്കളാഴ്ചയോടെ മാത്രമെ പാകിസ്ഥാന്‍ അറിയിക്കുകയുള്ളു എന്നാണ് ലഭ്യമായ വിവരം.
ഇപ്പോഴിതാ ലോകകപ്പ് ബഹിഷ്‌കരിച്ചില്ലെങ്കില്‍ ഇന്ത്യയുമായുള്ള മത്സരത്തില്‍ നിന്നും പാകിസ്ഥാന്‍ വിട്ടുനില്‍ക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പാകിസ്ഥാനില്‍ നിന്നും വരുന്നത്.ഐസിസിയുടെ അടുത്തകാലത്തെ ചില തീരുമാനങ്ങള്‍ക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് ഈ ശക്തമായ പ്രതികരണം.
സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യയില്‍ മത്സരങ്ങള്‍ കളിക്കാന്‍ വിസമ്മതിച്ച ബംഗ്ലാദേശിനെ ലോകകപ്പില്‍ നിന്ന് ഒഴിവാക്കി സ്‌കോട്ലന്‍ഡിനെ ഉള്‍പ്പെടുത്തിയ ഐസിസി തീരുമാനമാണ് പാകിസ്ഥാനെ പ്രകോപിപ്പിച്ചത്. ബംഗ്ലാദേശിന് സഹആതിഥേയരായ ശ്രീലങ്കയില്‍ മത്സരങ്ങള്‍ കളിക്കാന്‍ അനുമതി നല്‍കാമായിരുന്നുവെന്നും, പകരം അവരെ പുറത്താക്കുകയാണ് ഐസിസി ചെയ്തതെന്നും പാക് ക്രിക്കറ്റ് ബോര്‍ഡ് ആരോപിക്കുന്നു. ലോകകപ്പ് ബഹിഷ്‌കരിക്കുന്നത് അന്താരാഷ്ട്ര ക്രിക്കറ്റ് സമൂഹത്തിന് മുന്നില്‍ പാകിസ്ഥാനെ ഒറ്റപ്പെടുത്തുമെന്ന സാഹചര്യത്തില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ നിന്നും പിന്മാറാനാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് നിലവില്‍ ആലോചിക്കുന്നത്.
ഫെബ്രുവരി 15ന് നിശ്ചയിച്ചിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ മത്സരം ക്രിക്കറ്റ് ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ ആകര്‍ഷണമുള്ള മത്സരങ്ങളിലൊന്നായതിനാല്‍ പാകിസ്ഥാന്റെ ഈ ഭീഷണി വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാനിടയുണ്ട്.
പാകിസ്ഥാന്‍ പിന്മാറുകയോ മത്സരം കളിക്കാതിരിക്കുകയോ ചെയ്താല്‍, ബ്രോഡ്കാസ്റ്റര്‍മാരും സ്‌പോണ്‍സര്‍മാരും നിയമനടപടികളിലേക്ക് പോകാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഇതുമൂലം പാകിസ്ഥാന്‍ ക്രിക്കറ്റിന് വലിയ സാമ്പത്തിക നഷ്ടവും ഐസിസിയുമായുള്ള ബന്ധത്തില്‍ കടുത്ത സമ്മര്‍ദവും ഉണ്ടാകുമെന്നാണ് മുന്‍ താരങ്ങളും ക്രിക്കറ്റ് നിരീക്ഷകരും മുന്നറിയിപ്പ് നല്‍കുന്നത്. അതേസമയം, ഐസിസി ഇതുവരെ വിഷയത്തില്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.