1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Pakistan armed groups warns foreign players to skip PSL

വല്ലതും സംഭവിച്ചാല്‍ പിന്നെ കുറ്റം പറയരുത്, പിഎസ്എല്ലിലെ വിദേശതാരങ്ങള്‍ക്ക് താലിബാന്റെ ഭീഷണി

ഖൈബര്‍ പഖ്തൂണ്‍ഖ്വ, ബലൂചിസ്ഥാന്‍ എന്നീ പ്രദേശങ്ങളിലെ ജനജീവിതം ദുരിതത്തിലാഴുമ്പോള്‍ ആഘോഷ ക്രിക്കറ്റ് നടത്തുന്നത് അശ്ലീലമാണെന്നാണ് സംഘടനയുടെ ആരോപണം.

Pakistan, PSL, Cricket News, Foriegn players
മാര്‍ച്ച് 26-ന് ആരംഭിക്കാനിരിക്കുന്ന പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ (PSL) 11-ാം സീസണ്‍ ഗുരുതരമായ പ്രതിസന്ധിയില്‍. പാകിസ്ഥാനിലെ സായുധ സംഘടയായ തെഹ്രികെ താലിബാന്‍ പിഎസ്എല്ലില്‍ നടക്കുന്ന താരങ്ങള്‍ക്ക് നേരിട്ട് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. വിദേശതാരങ്ങള്‍ ടൂര്‍ണമെന്റില്‍ നിന്നും പിന്മാറണമെന്നും അല്ലെങ്കില്‍ പിന്നീട് സംഭവിക്കുന്ന കാര്യങ്ങള്‍ പശ്ചാത്തപിക്കരുതെന്നുമാണ് താലിബാന്‍ വക്താവായ ആസാദ് മന്‍സൂറിന്റെ പ്രസ്താവന.
 
 ഖൈബര്‍ പഖ്തൂണ്‍ഖ്വ, ബലൂചിസ്ഥാന്‍ എന്നീ പ്രദേശങ്ങളിലെ ജനജീവിതം ദുരിതത്തിലാഴുമ്പോള്‍ ആഘോഷ ക്രിക്കറ്റ് നടത്തുന്നത് അശ്ലീലമാണെന്നാണ് സംഘടനയുടെ ആരോപണം. വിദേശ താരങ്ങളുടെ സുരക്ഷ ഉറപ്പുനല്‍കാന്‍ കഴിയില്ലെന്നും ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു. ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത് ഉള്‍പ്പെടെ നിരവധി വിദേശ താരങ്ങള്‍ ഇതിനകം പാകിസ്ഥാനില്‍ എത്തിക്കഴിഞ്ഞ സാഹചര്യത്തില്‍ ഈ മുന്നറിയിപ്പ് ഏറെ ഗൗരവമായതായാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ഉള്‍പ്പടെ കണക്കാക്കുന്നത്. പ്രസിഡന്‍ഷ്യല്‍ തലത്തിലുള്ള സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (PCB) ഉറപ്പുനല്‍കുന്നുണ്ടെങ്കിലും പുതിയ ഭീഷണി ക്രിക്കറ്റ് താരങ്ങള്‍ക്ക് അസ്വസ്ഥത സൃഷ്ടിക്കുന്നതാണ്.
 
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ ഇന്ധനക്ഷാമം മൂലം ഇത്തവണ കാണികളില്ലാതെ അടച്ചിട്ട സ്റ്റേഡിയങ്ങളിലാണ് പിഎസ്എല്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ഇതിന് പിന്നാലെയാണ് വിദേശതാരങ്ങള്‍ക്ക് നേരെ തീവ്രവാദ സംഘടനകളുടെ ഭീഷണി കൂടി വന്നിരിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള പാകിസ്ഥാന്‍ ഇത്തവണ ലാഹോര്‍, കറാച്ചി എന്നീ നഗരങ്ങളില്‍ മാത്രമായാണ് പിഎസ്എല്‍ നടത്തുന്നത്.
 
അടുത്ത ലേഖനം
മരണത്തെ മുഖാമുഖം കണ്ട്, 7 കിലോയാണ് നഷ്ടമായത്, ഐസിയുവിനെ ദിനങ്ങൾ ഓർത്തെടുത്ത് ശ്രേയസ് അയ്യർ