'ഇത് വൈറ്റ് ബോള്‍ ക്രിക്കറ്റല്ല,'; ബട്‌ലറിനോട് കോലി പറഞ്ഞത് ഇങ്ങനെ

രേണുക വേണു| Last Modified ചൊവ്വ, 17 ഓഗസ്റ്റ് 2021 (13:42 IST)

ഇന്ത്യ-ഇംഗ്ലണ്ട് താരങ്ങള്‍ തമ്മിലുള്ള ഏറ്റമുട്ടല്‍ ആയിരുന്നു ലോര്‍ഡ്‌സ് ടെസ്റ്റിന്റെ അവസാന ദിനം കണ്ടത്. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോസ് ബട്‌ലറും കളിക്കിടെ കൈമാറിയ വാക്ശരങ്ങള്‍ എന്തായിരുന്നു എന്ന് ഒടുവില്‍ വെളിപ്പെട്ടിരിക്കുകയാണ്. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുമ്പോള്‍ ഇന്ത്യയുടെ വാലറ്റത്തെ നിരന്തരം സ്ലെഡ്ജ് ചെയ്ത ബട്‌ലര്‍ക്ക് കോലി നല്‍കിയത് അതേ നാണയത്തിലുള്ള തിരിച്ചടി. തോല്‍വി ഒഴിവാക്കാന്‍ ഇംഗ്ലണ്ട് ബാറ്റ് ചെയ്യുമ്പോള്‍ ആണ് ക്രീസില്‍ നില്‍ക്കുകയായിരുന്ന ജോസ് ബട്‌ലര്‍ കോലിയുടെ നാവിന്റെ ചൂട് അറിഞ്ഞത്. ബട്‌ലറുടെ വിക്കറ്റ് വീഴാതെ ജയിക്കില്ലെന്ന് മനസിലാക്കിയ നായകന്‍ കോലി തുടര്‍ച്ചയായി സ്ലെഡ്ജിങ് നടത്തുകയായിരുന്നു.

ക്രീസില്‍ ഗാര്‍ഡ് എടുക്കുകയായിരുന്ന ബട്‌ലറുടെ അടുത്ത് പോയി 'ഗാര്‍ഡിനെ കുറിച്ചൊന്നും ചിന്തിക്കേണ്ട സുഹൃത്തേ..ഇത് വൈറ്റ് ബോള്‍ ക്രിക്കറ്റൊന്നുമല്ല,' എന്നാണ് കോലി പറഞ്ഞത്. കോലി തന്നെ പരിഹസിക്കുകയാണെന്ന് ബട്‌ലര്‍ക്ക് മനസിലായി. പിന്നീട് ഇരുവരും തമ്മില്‍ വീണ്ടും എന്തൊക്കെയോ സംസാരിച്ചു. മാത്രമല്ല, ഈ സ്ലെഡ്ജിങ് കഴിഞ്ഞ് ഏതാനും ഓവറുകള്‍ കഴിയുമ്പോഴേക്കും ബട്‌ലറുടെ വിക്കറ്റും തെറിപ്പിച്ച് ഇന്ത്യ വിജയം ഉറപ്പിച്ചു.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :