Ishan Kishan: ഇഷാൻ കിഷൻ, യു ബ്യൂട്ടി ! ഔട്ട്‌സൈഡറിൽ നിന്ന് പോക്കറ്റ് ഡൈനാമോയിലേക്ക്

അഭിഷേകിനെ നഷ്ടമായതിന്റെ തൊട്ടടുത്ത പന്ത് സ്‌ട്രൈക് ചെയ്യുന്നത് ഇഷാൻ ആണ്

Ishan Kishan, Ishan Kishan You Beauty, Ishan Kishan in World Cup, Ishan Kishan Innigs, ഇഷാൻ കിഷൻ
Nelvin Gok| Last Modified തിങ്കള്‍, 16 ഫെബ്രുവരി 2026 (07:59 IST)
Ishan Kishan

Ishan Kishan: ആദ്യ ഓവറിൽ ഇന്ത്യക്ക് ഓപ്പണർ അഭിഷേക് ശർമയെ നഷ്ടമാകുന്നു. കൊളംബോയിലെ പിച്ച് ട്രിക്കിയും സ്ലോയുമാണെന്ന് ഇന്ത്യക്ക് നന്നായി അറിയാം. 160-170 സ്‌കോർ ബോർഡിൽ വന്നാൽ കാര്യങ്ങൾ എളുപ്പമാണ്. എന്നാൽ സൂക്ഷിച്ചു കളിച്ചാലേ ആ സ്‌കോറിലേക്കു എത്തൂവെന്ന് ഉറപ്പ്. അവിടെയാണ് ഇഷാൻ കിഷന്റെ പ്ലാൻ ബി !

അഭിഷേകിനെ നഷ്ടമായതിന്റെ തൊട്ടടുത്ത പന്ത് സ്‌ട്രൈക് ചെയ്യുന്നത് ഇഷാൻ ആണ്. ഷഹീൻ ഷാ അഫ്രീദി എറിഞ്ഞ രണ്ടാം ഓവറിന്റെ ആദ്യ പന്ത് സ്‌ക്വയർ ലെഗിൽ സിക്‌സ് ! ആദ്യ വിക്കറ്റ് നഷ്ടമായ ഇന്ത്യയെ പ്രതിരോധത്തിലേക്കു വിടാതെ കളിയുടെ താളം സെറ്റ് ചെയ്തിരിക്കുന്നു ഇഷാൻ കിഷൻ. തൊട്ടടുത്ത പന്ത് ഫോർ ! പവർപ്ലേയിൽ പരമാവധി റൺസ് കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്ന് ഇഷാൻ മനസിലാക്കുന്നുണ്ട്. അഞ്ചാം ഓവർ എറിയാനെത്തിയ അബ്രാർ അഹമ്മദിനെ സിക്‌സും ഫോറും നൽകി വരവേൽക്കുന്നുണ്ട് ഇഷാൻ. അബ്രാറിന്റെ രണ്ടാം ഓവറിൽ തുടർച്ചയായി മൂന്ന് ഫോറുകൾ ! ഷദാബ് ഖാനും ഇഷാന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. ഒൻപതാം ഓവറിലെ നാലാം പന്തിൽ ഇഷാൻ പുറത്താകുമ്പോൾ ഇന്ത്യയുടെ സ്‌കോർ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 88 റൺസ്, അതിൽ 77 റൺസും നേടിയത്. ഇന്ത്യ 150 ൽ താഴേക്ക് വീഴാതെ കാത്തത് ഈ ഇന്നിങ്‌സാണ്. 40 പന്തിൽ 10 ഫോറും മൂന്ന് സിക്‌സും സഹിതം 192.50 സ്‌ട്രൈക് റേറ്റിലാണ് ഇഷാൻ കളിച്ചത്.

ടോപ് ഓർഡറിൽ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും മറ്റു ബാറ്റർമാരെല്ലാം ക്രീസിൽ പരുങ്ങലിലാകുന്നുണ്ട്. അവിടെയാണ് പിച്ചിന്റെ വേഗക്കുറവ് കൃത്യമായി റീഡ് ചെയ്തുകൊണ്ട് ബാക്ക് ഫൂട്ടിൽ നിലയുറപ്പിച്ച് ഇഷാന്റെ ക്ലാസി ഇന്നിങ്‌സ്.

അനുസരണക്കുറവ്, മാനേജ്‌മെന്റിനോടു ബഹുമാനക്കുറവ്, ഗൗരവമില്ലായ്മ തുടങ്ങി ഒട്ടേറെ കാരണങ്ങൾ നിരവധിയായിരുന്നു ഇഷാനെ രാജ്യാന്തര ടീമിൽ നിന്ന് മാറ്റിനിർത്താൻ. 2023 നവംബറിൽ ഇന്ത്യക്കു വേണ്ടി ടി20 കളിച്ച ശേഷം ഏതാണ്ട് രണ്ട് വർഷത്തോളം താരം രാജ്യാന്തര ടീമിൽ നിന്ന് പുറത്തായിരുന്നു. പിന്നീട് ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുന്നത് ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച ശേഷമാണ്.

സയദ് മുഷ്താഖ് അലി ട്രോഫിയിൽ 10 കളികളിൽ നിന്ന് 57.44 ശരാശരിയിൽ 197.33 സ്‌ട്രൈക് റേറ്റോടെ 517 റൺസ് അടിച്ചെടുത്ത ഇഷാൻ ജാർഖണ്ഡിനെ കന്നി കിരീടം ചൂടിപ്പിച്ച നായകനുമായി. ഫൈനലിൽ 49 പന്തുകളിൽ ആറ് ഫോറുകളും 10 സിക്‌സും സഹിതം 101 റൺസുമായി കളിയിലെ താരം. തുടർന്ന് ന്യൂസിലൻഡിനെതിരായ ട്വന്റി 20 പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായി. അപ്പോഴും സഞ്ജു സാംസൺ ഉള്ളതിനാൽ ഓപ്പണർ സ്ഥാനം ലഭിച്ചില്ല.

ലോകകപ്പ് പ്ലേയിങ് ഇലവനിൽ എത്തണമെങ്കിൽ ന്യൂസിലൻഡിനെതിരെ അതിശയിപ്പിക്കുന്ന പ്രകടനം വേണമെന്ന് മനസിലാക്കിയ ഇഷാൻ വൺഡൗൺ ആയി ഇറങ്ങി നാല് കളികളിൽ നിന്ന് 215 റൺസ് അടിച്ചുകൂട്ടി റൺവേട്ടയിൽ രണ്ടാമനായി. ഇതോടെ ലോകകപ്പ് ഓപ്പണർ ആയി ഇഷാൻ മതിയെന്നു ഇന്ത്യൻ മാനേജ്‌മെന്റ് തീരുമാനിച്ചു. ലോകകപ്പിൽ ഇതുവരെ മൂന്ന് കളികളിൽ നിന്ന് 197.50 സ്‌ട്രൈക് റേറ്റിൽ 158 റൺസാണ് ഇഷാൻ നേടിയിരിക്കുന്നത്. റൺവേട്ടക്കാരിലെ ആദ്യ അഞ്ച് പേരിൽ ഒരാൾക്കു പോലും 190 സ്‌ട്രൈക് റേറ്റ് ഇല്ലെന്നത് കൂടി ചേർത്തുവായിക്കുമ്പോൾ മനസിലാകും നഷ്ടപ്പെട്ടതിനു പകരം ഇരട്ടിയായി നേടണമെന്ന് ഉറപ്പിച്ചാണ് ഇഷാൻ ക്രീസിൽ നിൽക്കുന്നതെന്ന് !



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :