ഇന്ത്യന്‍ ടീം അടിമുടി മാറ്റത്തിലേക്ക്; യുവ താരങ്ങള്‍ പ്ലേയിങ് ഇലവനില്‍ ഇടംപിടിക്കും, കോലി അടക്കമുള്ളവര്‍ വിശ്രമത്തിലേക്ക്

രേണുക വേണു| Last Modified ചൊവ്വ, 9 നവം‌ബര്‍ 2021 (11:00 IST)
ഇന്ത്യന്‍ ടീമില്‍ അടിമുടി മാറ്റത്തിനു സാധ്യത. ടി 20 ലോകകപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ടീമില്‍ മാറ്റങ്ങള്‍ അനിവാര്യമാണെന്ന് പുതിയ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് അഭിപ്രായമുണ്ട്. രോഹിത് ശര്‍മ നായകസ്ഥാനത്തേക്ക് എത്തുകയാണെങ്കില്‍ രോഹിത് - രാഹുല്‍ ഓപ്പണിങ് സഖ്യം തുടര്‍ന്നേക്കും. രോഹിത്തിനെ ഒഴിവാക്കി രാഹുലിനെയോ പന്തിനെയോ പുതിയ ടി 20 നായകനാക്കിയാല്‍ രാഹുലിനൊപ്പം ഓപ്പണിങ് സ്ഥാനത്തേക്ക് ഋതുരാജ് ഗെയ്ക്വാദ്, പൃഥ്വി ഷാ എന്നിവരില്‍ ഒരാളെ പരിഗണിക്കാനാണ് സാധ്യത. ഏത് ബൗളറെയും ഭയമില്ലാതെ നേരിടാന്‍ മനോധൈര്യമുള്ള പൃഥ്വി ഷാ ഓപ്പണിങ് കൂട്ടുകെട്ടില്‍ ഉള്ളത് ടീമിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

വിരാട് കോലി ടി 20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ സാധ്യതയുണ്ട്. ഏകദിനത്തിലും ടെസ്റ്റിലും കൂടുതല്‍ ശ്രദ്ധ ചെലുത്താനാണ് കോലി ആഗ്രഹിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്രേയസ് അയ്യര്‍ ടി 20 യിലും പ്ലേയിങ് ഇലവനില്‍ സ്ഥാനം പിടിച്ചേക്കും. ഹാര്‍ദിക് പാണ്ഡ്യക്ക് പകരം ഓള്‍റൗണ്ടറായി വെങ്കിടേഷ് അയ്യരെ ടീമിലേക്ക് വിളിക്കും. യുസ്വേന്ദ്ര ചഹലിനെ സ്പിന്‍ ആക്രമണത്തിലേക്ക് തിരിച്ചുവിളിക്കാനും സാധ്യതയുണ്ട്. അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി 20 ലോകകപ്പിനു മുന്നോടിയായി അടിമുടി മാറ്റങ്ങള്‍ വേണമെന്നാണ് ദ്രാവിഡിന്റെ ആവശ്യം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :