ഓസ്‌ട്രേലിയയുടെ അത്താഴം മുടക്കാന്‍ വെസ്റ്റ് ഇന്‍ഡീസിന് സാധിക്കും ! ടി 20 യില്‍ ഇന്ന് നിര്‍ണായകം

രേണുക വേണു| Last Modified ശനി, 6 നവം‌ബര്‍ 2021 (08:03 IST)

ടി 20 ലോകകപ്പില്‍ പ്രമുഖ ടീമുകള്‍ക്ക് ഇന്ന് അഗ്നിപരീക്ഷ. ഗ്രൂപ്പ് ഒന്നില്‍ നിന്ന് സെമി ഫൈനലിലേക്ക് പ്രവേശിക്കുന്ന രണ്ടാമത്തെ ടീമിനെ ഇന്നറിയാം. നാല് കളികളില്‍ നാലിലും ജയിച്ച് ഇംഗ്ലണ്ട് നേരത്തെ സെമി ഉറപ്പിച്ചിരുന്നു. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകളില്‍ ആര് ഇംഗ്ലണ്ടിനൊപ്പം സെമിയില്‍ പ്രവേശിക്കുമെന്ന് അറിയാന്‍ ഇന്നത്തെ മത്സരങ്ങള്‍ പൂര്‍ത്തിയാകണം.

ഇന്ന് ഉച്ചകഴിഞ്ഞ് 3.30 നാണ് ഓസ്‌ട്രേലിയ വെസ്റ്റ് ഇന്‍ഡീസിനെ നേരിടുക. ഈ കളിയില്‍ ജയിച്ചാല്‍ ഓസ്‌ട്രേലിയയ്ക്ക് സെമി ഫൈനല്‍ ഉറപ്പിക്കാം. നെറ്റ് റണ്‍റേറ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മുകളിലാണ് ഓസ്‌ട്രേലിയയുടെ സ്ഥാനം. നാല് കളികളില്‍ നിന്ന് മൂന്ന് ജയവുമായി ആറ് പോയിന്റാണ് ഓസ്‌ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും ഇപ്പോള്‍ ഉള്ളത്. ഓസ്‌ട്രേലിയയുടെ നെറ്റ് റണ്‍റേറ്റ് +1.031 ആണ്. ദക്ഷിണാഫ്രിക്കയുടെ നെറ്റ് റണ്‍റേറ്റ് +0.742 ആണ്. വെസ്റ്റ് ഇന്‍ഡീസിനെ നല്ല മാര്‍ജിനില്‍ തോല്‍പ്പിച്ചാല്‍ ഓസ്‌ട്രേലിയയ്ക്ക് കാര്യങ്ങള്‍ എളുപ്പമാകും.

ഇന്ന് രാത്രി 7.30 ന് നടക്കുന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഇംഗ്ലണ്ട് ആണ് എതിരാളികള്‍. വെസ്റ്റ് ഇന്‍ഡീസിനെതിരെ ഓസീസ് തോറ്റാല്‍ ഇംഗ്ലണ്ടിനെതിരെ ജയിച്ചാല്‍ തന്നെ ദക്ഷിണാഫ്രിക്കയ്ക്ക് സെമിയില്‍ കയറാം. അതേസമയം, ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും ഇന്നു ജയിച്ചാല്‍ നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തിലാകും സെമിയിലേക്ക് പ്രവേശിക്കാന്‍ യോഗ്യത നേടുന്ന ടീമിനെ തീരുമാനിക്കുക. ഗ്രൂപ്പ് ഒന്നില്‍ നിന്ന് ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ് എന്നീ ടീമുകള്‍ നേരത്തെ പുറത്തായതാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :