അഭിറാം മനോഹർ|
Last Modified ഞായര്‍, 5 ഫെബ്രുവരി 2023 (09:21 IST)
ഖത്തർ ലോകകപ്പിലെ ഫൈനൽ മത്സരം ലോകകപ്പ് ചരിത്രത്തിലെ തന്നെ ആവേശകരമായ ഫൈനൽ മത്സരമെന്ന വിശേഷണം സ്വന്തമാക്കിയാണ് അവസാനിച്ചത്. എക്സ്ട്രാ ടൈമും പെനാൽട്ടി ഷൂട്ടൗട്ടും കഴിഞ്ഞ്
അർജൻ്റീന കിരീടം സ്വന്തമാക്കിയെങ്കിലും അധികസമയം അവസാനിക്കാൻ മിനുട്ടുകൾ മുന്നെ ഫ്രാൻസിനെ മുന്നിലെത്തിക്കാൻ ഫ്രഞ്ച് താരം കോലോ മുവാനിയ്ക്ക് അവസരം ലഭിച്ചിരുന്നു. എന്നാൽ
ഗോളെന്നുറപ്പിച്ച കോലോ മുവാനിയുടെ ഷോട്ട് അർജൻ്റൈൻ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസ് തട്ടിയകറ്റുകയായിരുന്നു.
ഇപ്പോഴിതാ ഫൈനൽ മത്സരത്തിലെ ഈ ഷോട്ടിനെ പറ്റി പ്രതികരിച്ചിരിക്കുകയാണ് ഫ്രഞ്ച് താരമായ കോലോ മുവാനി. ബി ഇൻ സ്പോർട്സ് എന്ന മാധ്യമത്തോടാണ് മുവാനി ഇതിനെ പറ്റി സംസാരിച്ചത്. ഇപ്പോഴും അത് എനിക്ക് ഓർമയുണ്ട്. ആ നിമിഷം ഷൂട്ട് ചെയ്യാനാണ് എൻ്റെ മനസ്സ് പറഞ്ഞത്. പോസ്റ്റിനടുത്തേക്കാണ് പന്തടിച്ചത്. പക്ഷേ മാർട്ടിനെസ് അത് രക്ഷപ്പെടുത്തി.
എനിക്ക് അവിടെ മറ്റ് ഓപ്ഷനുകൾ ഉണ്ടായിരുന്നു. എനിക്ക് പന്ത് ലോബ് ചെയ്യാമായിരുന്നു. അല്ലെങ്കിൽ ഇടത് വശത് സ്വതന്ത്രനായി നിൽക്കുന്ന എംബാപ്പെയ്ക്ക് പന്ത് നൽകാമായിരുന്നു. പക്ഷേ ആ നിമിഷം അവനെ ഞാൻ കണ്ടിരുന്നില്ല. പിന്നീട് തിരിഞ്ഞുനോക്കുമ്പോൾ മാത്രമാണ് നമ്മൾക്ക് മുന്നിലുണ്ടായിരുന്ന സാധ്യതകളെ പറ്റി മനസിലാക്കുക. അപ്പോഴേക്കും വളരെയധികം വൈകിപോയിരുന്നു. അത് ഇപ്പോഴും മായാതെ മനസിലുണ്ട്. ഈ ജീവിതകാലം മുഴുവനും അതവിടെ ഉണ്ടായിരിക്കും. മുവാനി പറഞ്ഞു.