അഭിറാം മനോഹർ|
Last Modified ബുധന്‍, 1 ഫെബ്രുവരി 2023 (19:43 IST)
ഖത്തർ 2022ലെ ലോകകപ്പ് കിരീടനേട്ടത്തിലേക്കുള്ള അർജൻ്റീനയുടെ യാത്ര ഒരുപാട് നാടോടികഥകളിൽ കണ്ടത് പോലെയായിരുന്നു. ആദ്യമത്സരത്തിൽ ചാരമായ ടീം ഒരു നായകൻ്റെ ബലത്തിൽ ഉയിർത്തെഴുന്നേൽക്കുക. രാജാവിൻ്റെ വിജയത്തിനായി പൊരുതുന്ന പടയാളികളെ പോലെ ടീം ഒന്നടങ്കം ഒരേ മനസോടെ കിരീടത്തിലേക്ക് എത്തിപ്പെടുക.തീർച്ചയായും ലോകകപ്പിൽ അവിസ്മരണീയമായ യാത്രയായിരുന്നു അർജൻ്റീന നടത്തിയത്.
ഇപ്പോഴിതാ 2022 ലെ ലോകകപ്പിനെ പറ്റി ആദ്യമായി മനസ് തുറന്നിരിക്കുകയാണ് മെസ്സി. ലോകകപ്പിൽ ഏറ്റവും ബുദ്ധിമുട്ടേറിയ മത്സരം ഫ്രാൻസുമായുള്ള ഫൈനൽ മത്സരമായിരുന്നില്ലെന്നും മെക്സിക്കോയ്ക്കെതിരെയാണ് അർജൻ്റീന ഏറ്റവുമധികം ബുദ്ധിമുട്ടിയതെന്നും മെസ്സി പറയുന്നു. ആദ്യ മത്സരത്തിലെ ടീമിൻ്റെ തോൽവി ആരാധകരെ പോലെ തൻ്റെ കുടുംബത്തെയും ബാധിച്ചതായി മെസ്സി പറയുന്നു.
സൗദിയുമായുള്ള തോൽവിയെ തുടർന്ന് എത്ര കളി വിജയിച്ചാൽ അടുത്ത റൗണ്ടിലെത്താം എന്ന് കണക്ക് കൂട്ടുകയായിരുന്നു മാത്തിയോ. മെക്സിക്കോയ്ക്കെതിരെയും ഓസ്ട്രേലിയക്കെതിരെയും വിജയിച്ച് ആവേശകരമായ ക്വാർട്ടർ ഫൈനലാണ് അർജൻ്റീനയെ കാത്തിരുന്നത്. ഓരോ അർജൻ്റൈൻ ആരാധകരെ പോലെയാണ് എൻ്റെ മക്കളും പെരുമാറിയത്. ഹോളണ്ടിനെതിരായ മത്സരത്തിൽ തിയാഗോ കരഞ്ഞു. ഓരോ നിമിഷവും പ്രയാസപ്പെട്ടും കരഞ്ഞും ചിരിച്ചും ആസ്വദിച്ചുമാണ് എൻ്റെ മക്കളും ലോകകപ്പ് ആസ്വദിച്ചത്. മെസ്സി പറഞ്ഞു.