അവരെനിക്ക് ഒരു ടീം ഷെഫ് മാത്രമല്ല, എൻ്റെ 18 വയസ്സ് മുതൽ അവർ എനിക്കൊപ്പമുണ്ട് : മെസ്സി

അഭിറാം മനോഹർ| Last Modified ബുധന്‍, 1 ഫെബ്രുവരി 2023 (15:25 IST)
1986ന് ശേഷം നീണ്ട 36 വർഷക്കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് കഴിഞ്ഞ വർഷം ഡിസംബർ 18നാണ് അർജൻ്റീന ലോകജേതാക്കളായത്. ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിനൊടുവിൽ അർജൻ്റീന വിജയിച്ചപ്പോൾ മെസ്സിക്കരികിലേക്ക് ഓടിയെത്തി ആലിംഗനം ചെയ്ത സ്ത്രീയുടെ ദൃശ്യങ്ങൾ പെട്ടെന്ന് തന്നെ വൈറലായിരുന്നു. ആദ്യം മെസ്സിയുടെ അമ്മയായിരുന്നു ആ സ്ത്രീയെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും അർജൻ്റീനയുടെ ടീം ഷെഫായിരുന്ന ആൻ്റോണിയ ഫരിയാസിനെയായിരുന്നു അതെന്ന് പിന്നീട് വ്യക്തമായി.

ഇപ്പോഴിതാ ലോകകപ്പ് വിജയത്തിന് ശേഷം റേഡിയോ അർബൻ പ്ലേയ്ക്ക് നൽകിയ അഭിമുഖത്തിൽ ടീം ഷെഫായ ആൻ്റോണിയ ഫരിയാസുമായുള്ള ബന്ധത്തെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് മെസ്സി. എനിക്ക് അവരുമായി വളരെ ആഴമേറിയ ബന്ധമാണുള്ളത്. അതുപോലെ തന്നെ ടീമിനൊപ്പം എപ്പോഴുമുള്ള ഒരുകൂട്ടം ആളുകളുമായി മികച്ച ബന്ധമാണുള്ളത്.

എൻ്റെ 18 വയസ്സ് മുതൽ അവർ അർജൻ്റീനയുടെ ടീമിനൊപ്പമുണ്ട്. നീണ്ടകാലത്തെ ബന്ധമാണ് ഞങ്ങൾക്കിടയിലുള്ളത്. ഒരുപാട് നിമിഷങ്ങൾ ഞങ്ങൾ ഒരുമിച്ച് പങ്കിട്ടു. അതിൽ സന്തോഷമുള്ളതും അല്ലാത്തതുമുണ്ട്. ലോകകപ്പ് വിജയിക്കാനായപ്പോൾ ഞങ്ങൾ കളിക്കാരെ പോലെ തന്നെ അവരും ഒരുപാട് സന്തോഷത്തിലും ആവേശത്തിലുമായിരുന്നു. മെസ്സി പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :