അഭിറാം മനോഹർ|
Last Modified ചൊവ്വ, 4 നവംബര്‍ 2025 (11:46 IST)
വനിതാ ഏകദിന ലോകകപ്പ് ഇന്ത്യ സ്വന്തമാക്കിയതിന് പിന്നാലെ ഹര്‍മന്‍ പ്രീത് കൗര്‍ നായകസ്ഥാനം ഒഴിയണമെന്ന നിര്‍ദേശവുമായി മുന്‍ ക്യാപ്റ്റന്‍ ശാന്താ രംഗസ്വാമി. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിയ്ക്ക് 36 കാരിയായ ഹര്‍മന്‍ സ്ഥാനമൊഴിഞ്ഞ് വൈസ് ക്യാപ്റ്റനായ 29കാരിയായ സ്മൃതിയെ ക്യാപ്റ്റനാക്കുകയാണ് വേണ്ടതെന്ന് ശാന്താ രംഗസ്വാമി പറഞ്ഞു.
ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞാലും ബാറ്ററെന്ന നിലയില്‍ ഹര്‍മന് ടീമില്‍ തുടരാനാകും. ക്യാപ്റ്റന്‍സിയുടെ ഭാരം ഒഴിയുന്നതോടെ കൂടുതല്‍ സ്വതന്ത്രമായി കളിക്കാനുമാകും. ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാന്‍ ഇതിലും മികച്ചൊരു സമയമില്ല. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിയ്ക്കും അതൊരു മികച്ച തീരുമാനമാകും.
ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞാലും അടുത്ത മൂന്നോ നാലോ വര്‍ഷം കൂടി ഹര്‍മന് കളി തുടരാനാകും. പുരുഷ ടീം ചാമ്പ്യന്‍സ് ട്രോഫി നേടിയെങ്കിലും ഭാവിയെ മുന്‍നിര്‍ത്തി ശുഭ്മാന്‍ ഗില്ലിന് നായകസ്ഥാനം കൈമാറിയത് പോലൊരു തീരുമാനമാണ് വനിതാ ക്രിക്കറ്റില്‍ പ്രതീക്ഷിക്കുന്നത്. ഓസ്‌ട്രേലിയയെ പോലെ വനിതാ ക്രിക്കറ്റില്‍ ആധിപത്യം തുടരണമെങ്കില്‍ ഇന്ത്യ ബൗളിംഗ് കൂടി മെച്ചപ്പെടുത്തണമെന്നും ശാന്ത രംഗസ്വാമി പറഞ്ഞു.
അതേസമയം അടുത്തവര്‍ഷം ഇംഗ്ലണ്ടില്‍ നടക്കുന്ന ടി20 ലോകകപ്പിന് ശേഷം ഹര്‍മന്‍പ്രീത് ക്യാപ്റ്റന്‍ സ്ഥാനമൊഴിയുമെന്നാണ് കണക്കാക്കുന്നത്. 2029ലാണ് അടുത്ത ഏകദിന ലോകകപ്പ്. ലോകകപ്പിന് നാല് വര്‍ഷം ഉണ്ടെന്നിരിക്കെ പ്രായം ഹര്‍മന് വെല്ലുവിളിയാകുമെന്നാണ് കരുതുന്നത്.