അഭിറാം മനോഹർ|
Last Modified തിങ്കള്‍, 15 ഡിസംബര്‍ 2025 (14:49 IST)
ഓപ്പണറെന്ന നിലയില്‍ നിരാശപ്പെടുത്തുന്ന പ്രകടനങ്ങളാണ് നടത്തുന്നതെങ്കിലും ദക്ഷിണാഫ്രിക്കക്കെതിരായ അടുത്ത 2 മത്സരങ്ങളിലും ഗില്ലിന് തന്നെ അവസരം നല്‍കനമെന്ന് മുന്‍ ഇന്ത്യന്‍ താരമായ ആര്‍ അശ്വിന്‍. അവസാന 2 മത്സരങ്ങളിലും ഗില്ലിന് തിളങ്ങാനായില്ലെങ്കില്‍ ടീമില്‍ നിന്നും ഒഴിവാക്കുക എന്ന ബുദ്ധിമുട്ടേറിയ തീരുമാനം ടീം മാനേജ്‌മെന്റ് എടുക്കണമെന്നും അശ്വിന്‍ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
ഗില്ലിനെ ഇപ്പോള്‍ ഒഴിവാക്കുന്നത് ശരിയല്ല. കാരണം ഗില്‍ ഓപ്പണര്‍ മാത്രമല്ല. ടീമിന്റെ ഉപനായകന്‍ കൂടിയാണ്. പരമ്പരയ്ക്കിടെ ഉപനായകനെ തഴയുന്നത് നല്ല സന്ദേശമാകില്ല നല്‍കുന്നത്. ഈ സാഹചര്യത്തില്‍ അടുത്ത 2 കളികളിലും കൂടി ഗില്ലിന് അവസരം നല്‍കണം. അതിലും തിളങ്ങാനായില്ലെങ്കില്‍ തീരുമാനം എടുക്കുന്നതാകും ഉചിതം. അശ്വിന്‍ പറഞ്ഞു.
ലോകകപ്പിന് മുന്‍പുള്ള പ്രധാന ചോദ്യം ഗില്‍ തുടരണോ, സഞ്ജുവിനെ തിരിച്ചുവിളിക്കണോ എന്നതാണ്. ടീമിലെ ഓപ്പണിംഗ് സ്ഥാനം സംരക്ഷിക്കാന്‍ വരുന്ന മത്സരങ്ങളില്‍ ഗില്‍ കുറഞ്ഞ സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത് പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുമോ എന്നാണ് മറ്റൊരു ആശങ്ക. അങ്ങനെ ഒരിക്കലും സംഭവിക്കാതിരിക്കട്ടെയെന്നും അശ്വിന്‍ പറഞ്ഞു.
അതേസമയം ലോകകപ്പിന് 2 മാസം മാത്രമെന്ന നിലയില്‍ നായകന്റെയും ഉപനായകന്റെയും മോശം പ്രകടനങ്ങള്‍ ഇന്ത്യയ്ക്ക് തലവേദനയാണ്.
ഈ വര്‍ഷം ടി20 ഫോര്‍മാറ്റില്‍ തിരിച്ചെത്തിയ ഗില്‍ 24.25 ശരാശരിയില്‍ 291 റണ്‍സ് മാത്രമാണ് നേടിയിട്ടുള്ളത്. ഒരു അര്‍ധസെഞ്ചുറി പ്രകടനം പോലും ഈ കാലയളവില്‍ നേടാന്‍ ഗില്ലിനായിട്ടില്ല. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയ്ക്ക് ശേഷം ന്യൂസിലന്‍ഡിനെതിരെ 5 ടി20 മത്സരങ്ങള്‍ മാത്രമാണ് ലോകകപ്പിന് മുന്‍പായി ഇന്ത്യയ്ക്ക് ബാക്കിയുള്ളത്. ഇതില്‍ നിന്നാകും ഇന്ത്യന്‍ പ്ലേയിംഗ് ഇലവനെ പ്രഖ്യാപിക്കുക.