രേണുക വേണു|
Last Modified വെള്ളി, 30 ജനുവരി 2026 (13:11 IST)
സെഞ്ചൂറിയന്‍: ടി20 ലോകകപ്പിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ, ക്രിക്കറ്റ് ലോകത്തിന് വ്യക്തമായ
മുന്നറിയിപ്പ് നല്‍കി ദക്ഷിണാഫ്രിക്ക. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടി20യില്‍ വെസ്റ്റിന്‍ഡീസ് ഉയര്‍ത്തിയ 222 റണ്‍സ് വിജയലക്ഷ്യം അനായാസമായാണ് ദക്ഷിണാഫ്രിക്ക മറികടന്നത്. ക്വിന്റണ്‍ ഡികോക്കിന്റെ സെഞ്ചുറിപ്രകടനത്തിന്റെ ബലത്തില്‍ 17.3 ഓവറില്‍ വെറും 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്. വിജയത്തോടെ പരമ്പര (2-0)ത്തിന് സ്വന്തമാക്കാനും ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചു.
49 പന്തില്‍ നിന്ന് 10 സിക്‌സറുകളും ആറ് ഫോറുകളും അടക്കം 115 റണ്‍സാണ് മത്സരത്തില്‍ ഡികോക്ക് അടിച്ചുകൂട്ടിയത്. തന്റെ നൂറാം അന്താരാഷ്ട്ര ടി20 മത്സരത്തിലാണ് ഈ സെഞ്ച്വറി നേട്ടമെന്നത് ഡികോക്കിന് ഇരട്ടി മധുരമായി. വെറും 43 പന്തില്‍ നിന്നാണ് താരം സെഞ്ചുറിയിലെത്തിയത്. ഡികോക്കിന് മികച്ച പിന്തുണ നല്‍കിയ റയാന്‍ റിക്കല്‍ട്ടണ്‍ 36 പന്തില്‍ 77 റണ്‍സുമായി പുറത്താകാതെ നിന്നു. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നുകൂട്ടിയ 162 റണ്‍സാണ് മത്സരത്തിന്റെ ഗതി മാറ്റിയത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ (75), ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡ്(57) എന്നിവരുടെ കരുത്തിലാണ് 221 റണ്‍സെടുത്തത്. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്കായി ഓപ്പണര്‍മാരായ റിയാന്‍ റിക്കിള്‍ട്ടണും ക്വിന്റണ്‍ ഡികോക്കും ആദ്യ വിക്കറ്റില്‍ 162 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇതോടെ ദക്ഷിണാഫ്രിക്ക അനായാസ വിജയം സ്വന്തമാക്കുകയായിരുന്നു. ടി20 ലോകകപ്പിന് മുന്നോടിയായി ദക്ഷിണാഫ്രിക്കയ്ക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നതാണ് ഈ വിജയം. ലോകകപ്പിന് മുന്നോടിയായി ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരമായ ഡികോക്ക് ഫോമിലാണ് എന്നുള്ളതും റിയാന്‍ റിക്കിള്‍ട്ടണെ പോലുള്ള യുവതാരങ്ങളുടെ മികച്ച പ്രകടനവും വലിയ ആശ്വാസമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നല്‍കുന്നത്. 220ന് മുകളിലുള്ള സ്‌കോര്‍ മറികടക്കാനായി എന്നുള്ളത് ഏത് സ്‌കോറും ചെയ്‌സ് ചെയ്യാമെന്ന ആത്മവിശ്വാസവും ദക്ഷിണാഫ്രിക്കയ്ക്ക് നല്‍കുമെന്ന് ഉറപ്പാണ്.
അതേസമയം ബാറ്റിംഗില്‍ തിളങ്ങിയെങ്കിലും ബൗളിങ്ങിലെ പോരായ്മകളാണ് വെസ്റ്റിന്‍ഡീസിന് തിരിച്ചടിയാകുന്നത്. ടി20 ഫോര്‍മാറ്റില്‍ ഏത് ബൗളിംഗ് നിരയേയും തച്ചുടയ്ക്കാന്‍ കരുത്തുള്ള ബാറ്റിംഗ് നിരയുണ്ടെങ്കിലും ശരാശരി മാത്രമായ ബൗളിംഗ് നിരയാണ് വെസ്റ്റിന്‍ഡീസിനെ പിന്നിലാക്കുന്നത്.