India vs SA 3rd ODI: സെഞ്ചുറിക്ക് പിന്നാലെ ഡികോക്ക് വീണു, ഇന്ത്യക്കെതിരെ 200 കടന്ന് ദക്ഷിണാഫ്രിക്ക

India vs SA, Quinton Decock, century, Cricket News,ODI series,ഇന്ത്യ- ദക്ഷിണാഫ്രിക്ക, ഡികോക്ക്,സെഞ്ചുറി,ക്രിക്കറ്റ് വാർത്ത, ഏകദിന പരമ്പര
അഭിറാം മനോഹർ| Last Modified ശനി, 6 ഡിസം‌ബര്‍ 2025 (16:06 IST)
ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം ഏകദിനത്തില്‍ 200 കടന്ന് ദക്ഷിണാഫ്രിക്ക. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ റിയാന്‍ റിക്കിള്‍ട്ടന്റെ വിക്കറ്റ് നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ മികച്ച കൂട്ടുക്കെട്ടാണ് ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്കും നായകന്‍ തെംബ ബവുമയും ചേര്‍ന്ന് സമ്മാനിച്ചത്. 113 റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്ത ശേഷമാണ് തെംബ ബവുമ മടങ്ങിയത്. 67 പന്തില്‍ 5 ബൗണ്ടറികള്‍ സഹിതം 48 റന്‍സാണ് ബവുമ സ്വന്തമാക്കിയത്.

നായകനെ നഷ്ടമായെങ്കിലും പിന്നീടെത്തിയ മാത്യൂ ബ്രീറ്റ്‌സ്‌കെ മികച്ച പിന്തുണ തന്നെ ക്വിന്റണ്‍ ഡികോക്കിന് നല്‍കി. സ്‌കോര്‍ ഉയര്‍ത്തുന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കൊണ്ട് ഇന്ത്യന്‍ ബൗളര്‍മാരെ കടന്നാക്രമിച്ച ഡികോക്കാണ് ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്ങ്‌സിന് വേഗത നല്‍കിയത്. 80 പന്തുകളില്‍ സെഞ്ചുറി നേടിയ ഡികോക്ക് 89 പന്തില്‍ 106 റണ്‍സ് നേടിയാണ് മടങ്ങിയത്. പ്രസിദ്ധ് കൃഷ്ണയ്ക്കാണ് വിക്കറ്റ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക
34 ഓവറില്‍ 204 റണ്‍സിന് 5 വിക്കറ്റെന്ന നിലയിലാണ്. ഇന്ത്യയ്ക്കായി പ്രസിദ്ധ് കൃഷ്ണ 3 വിക്കറ്റും അര്‍ഷദീപ് സിംഗ്, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :