'ഇങ്ങനെ പോയാല്‍ ശരിയാകില്ല'; അടിയന്തര യോഗം വിളിച്ചു ചേര്‍ത്ത് ബിസിസിഐ

ഇന്ത്യയുടെ ഭാവി ക്യാപ്റ്റന്‍സിയെ കുറിച്ച് ബിസിസിഐ യോഗത്തില്‍ വിലയിരുത്തും

രേണുക വേണു| Last Modified വ്യാഴം, 8 ഡിസം‌ബര്‍ 2022 (10:22 IST)

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര തോറ്റതിനു പിന്നാലെ അടിയന്തര അവലോകന യോഗം വിളിച്ചു ചേര്‍ത്ത് ടീം ബിസിസിഐ. ഏഴാം സ്ഥാനക്കാരായ ബംഗ്ലാദേശിനോട് തുടര്‍ച്ചയായി രണ്ട് ഏകദിനങ്ങള്‍ തോറ്റത് ഇന്ത്യക്ക് വലിയ അടിയായിട്ടുണ്ട്. ഏകദിന ലോകകപ്പ് അടുത്തിരിക്കെ ഇങ്ങനെയൊരു പരാജയം ബിസിസിഐയേയും ആശങ്കപ്പെടുത്തുന്നു.

ബിസിസിഐ ഉന്നതര്‍ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്, എന്‍സിഎ തലവന്‍ വി.വി.എസ്.ലക്ഷ്മണ്‍, നായകന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോലി എന്നിവരുമായി ചര്‍ച്ച നടത്തും. 2013 ലെ ചാംപ്യന്‍സ് ട്രോഫി വിജയത്തിനു ശേഷം ഐസിസിയുടെ ഒരു പ്രധാന കിരീടം പോലും നേടാന്‍ ഇന്ത്യക്ക് സാധിക്കാത്തത് വലിയ നാണക്കേടാണെന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന് നന്നായി ഒരുങ്ങിയില്ലെങ്കില്‍ വന്‍ തിരിച്ചടി നേരിടുമെന്നാണ് ബിസിസിഐ വിലയിരുത്തല്‍. ബംഗ്ലാദേശിനോട് തുടര്‍ച്ചയായി രണ്ട് കളികള്‍ തോല്‍ക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് ബിസിസിഐ ഉന്നതര്‍ വിലയിരുത്തി.

ഇന്ത്യയുടെ ഭാവി ക്യാപ്റ്റന്‍സിയെ കുറിച്ച് ബിസിസിഐ യോഗത്തില്‍ വിലയിരുത്തും. ഏകദിന ലോകകപ്പ് ആകുമ്പോഴേക്കും പുതിയ ക്യാപ്റ്റനെ നിയോഗിക്കുന്ന കാര്യം അടക്കം പരിഗണനയിലുണ്ട്. രോഹിത് ശര്‍മയോട് നായകസ്ഥാനത്തു നിന്ന് മാറിനില്‍ക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടേക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :