രേണുക വേണു|
Last Modified വ്യാഴം, 8 ഡിസംബര്‍ 2022 (09:22 IST)
ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തില്‍ തോല്‍വി ഉറപ്പിച്ചിടത്തു നിന്നാണ് നായകന്‍ രോഹിത് ശര്‍മ ഇന്ത്യയെ വിജയത്തിനു തൊട്ടടുത്ത് വരെ എത്തിച്ചത്. ഒന്‍പതാമനായി ക്രീസിലെത്തിയ രോഹിത് മൂന്ന് ഫോറും അഞ്ച് സിക്‌സും സഹിതം 28 പന്തില്‍ നിന്ന് 51 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഒടുവില്‍ അഞ്ച് റണ്‍സിനാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്. ഫീല്‍ഡിങ്ങിനിടെ വിരലിന് പരുക്കേറ്റത് മൂലമാണ് രോഹിത് ഒന്‍പതാമനായി ക്രീസിലെത്തിയത്.
രോഹിത് ശര്‍മയ്ക്ക് ബാറ്റ് ചെയ്യാന്‍ ഇറങ്ങാന്‍ പ്ലാന്‍ ഉണ്ടായിരുന്നെങ്കില്‍ അത് കുറച്ച് നേരത്തെ ആകാമായിരുന്നു എന്നാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍ പറയുന്നത്. രോഹിത് കുറച്ച് നേരത്തെ ഇറങ്ങിയിരുന്നെങ്കില്‍ മത്സരത്തിന്റെ വിധി മറ്റൊന്നാകുമായിരുന്നെന്നും ഗവാസ്‌കര്‍ പറഞ്ഞു.
' രോഹിത്തിന്റെ കഴിവും ക്ലാസും എല്ലാവര്‍ക്കും നന്നായി അറിയാം. എന്തുകൊണ്ട് രോഹിത് കുറച്ച് നേരത്തെ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയില്ല. ഒന്‍പതാം നമ്പറില്‍ ഇറങ്ങാമായിരുന്നെങ്കില്‍ തീര്‍ച്ചയായും കുറച്ച് നേരത്തെ ഏഴാം നമ്പറില്‍ ഇറങ്ങാമായിരുന്നു. അക്ഷര്‍ പട്ടേല്‍ വളരെ വ്യത്യസ്തമായി കളിച്ചു. രോഹിത് ബാറ്റ് ചെയ്യാന്‍ ഇറങ്ങില്ലെന്ന് അക്ഷര്‍ കരുതി. അതുകൊണ്ടാണ് അങ്ങനെയൊരു ഷോട്ട് കളിച്ച് ഔട്ടായത്. അത്തരമൊരു സാഹചര്യത്തില്‍ ആവശ്യമില്ലാത്ത ഷോട്ടായിരുന്നു അത്. അക്ഷര്‍ ആ ബാറ്റിങ് തുടരുകയായിരുന്നെങ്കില്‍ ഫലം വേറൊന്ന് ആയിരുന്നേനെ. ഒന്‍പതാം നമ്പറില്‍ ഇറങ്ങി രോഹിത്തിന് ഇന്ത്യയെ ജയത്തിനു തൊട്ടരികില്‍ എത്തിക്കാന്‍ സാധിച്ചെങ്കില്‍ ഏഴാം നമ്പറില്‍ എത്തിയിരുന്നെങ്കില്‍ ഇന്ത്യയുടെ സാധ്യത വര്‍ധിച്ചേനെ,' ഗവാസ്‌കര്‍ പറഞ്ഞു.