1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Arshdeep Singh India vs Australia T 20 Series

മൂന്ന് ഓവറില്‍ വഴങ്ങിയത് 37 റണ്‍സ്, അവസാന ഓവറില്‍ വിട്ടുകൊടുത്തത് വെറും മൂന്ന് റണ്‍സ് ! കൈയടി വാങ്ങി അര്‍ഷ്ദീപ് സിങ്

അവസാന ഓവറില്‍ വെറും പത്ത് റണ്‍സ് മാത്രമായിരുന്നു ഓസ്‌ട്രേലിയയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്

Arshdeep Singh India vs Australia T 20 Series
ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യ ജയിച്ചത് ഏറെക്കുറെ തോല്‍വി ഉറപ്പിച്ച ശേഷം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സ് നേടിയപ്പോള്‍ ഓസ്‌ട്രേലിയയ്ക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ആറ് റണ്‍സിനാണ് ഇന്ത്യയുടെ ജയം. അഞ്ച് മത്സരങ്ങളുടെ പരമ്പര 4-1 നാണ് ഇന്ത്യ സ്വന്തമാക്കിയത്. 
 
അവസാന ഓവറില്‍ വെറും പത്ത് റണ്‍സ് മാത്രമായിരുന്നു ഓസ്‌ട്രേലിയയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. നായകന്‍ സൂര്യകുമാര്‍ യാദവ് അവസാന ഓവര്‍ എറിയാനായി വിളിച്ചത് അര്‍ഷ്ദീപ് സിങ്ങിനെ. ആദ്യ മൂന്ന് ഓവറുകളില്‍ 37 റണ്‍സാണ് അര്‍ഷ്ദീപ് വിട്ടുകൊടുത്തത്, ഒരു വിക്കറ്റും നേടിയിരുന്നു. ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റ് കൂടിയായ അര്‍ഷ്ദീപിന് പന്ത് കൊടുക്കുമ്പോള്‍ അമ്പത് ശതമാനം പോലും ഇന്ത്യക്ക് ജയസാധ്യത ഇല്ലായിരുന്നു. ക്രീസില്‍ വെടിക്കെട്ട് ബാറ്റര്‍ മാത്യു വെയ്ഡ് നില്‍ക്കുന്നു. ഒരൊറ്റ സിക്‌സ് മാത്രം മതിയായിരുന്നു കളിയുടെ ഗതി മാറാന്‍. എന്നാല്‍ അര്‍ഷ്ദീപ് അവസാന ഓവറില്‍ വിട്ടുകൊടുത്തത് മൂന്ന് റണ്‍സ് മാത്രം, മാത്യു വെയ്ഡിനെ പുറത്താക്കുകയും ചെയ്തു. 
 
അര്‍ഷ്ദീപിന്റെ ആദ്യ രണ്ട് പന്തുകളില്‍ റണ്‍സൊന്നും നേടാന്‍ വെയ്ഡിന് സാധിച്ചില്ല. മൂന്നാം പന്തില്‍ അര്‍ഷ്ദീപ് വെയ്ഡിനെ ശ്രേയസ് അയ്യരുടെ കൈകളില്‍ എത്തിച്ചു. പിന്നീട് ക്രീസിലെത്തിയ ജേസണ്‍ ബെറണ്ടോഫിനും കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ഇംഗ്ലണ്ട് പ്രതീക്ഷകളെ തച്ചുടച്ച് ഷായ് ഹോപ്സ്, ചെണ്ടയായി സാം കറൻ: ഇംഗ്ലണ്ടിന് നിരാശ മാത്രം ബാക്കി