എക്കാലവും ടീമിൽ തുടരാൻ അവർക്കാകില്ലല്ലോ, ടെസ്റ്റ് ടീമിൽ നിന്നും രഹാനെയെയും പുജാരരേയും പുറത്താക്കിയതിനെ പറ്റി ഗാംഗുലി

അഭിറാം മനോഹർ| Last Modified ഞായര്‍, 3 ഡിസം‌ബര്‍ 2023 (09:50 IST)
ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സീനിയര്‍ താരങ്ങളായ അജിങ്ക്യ രഹാനെ, ചേതേശ്വര്‍ എന്നിവരെ തഴഞ്ഞതിനെ ന്യായീകരിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. 2006ല്‍ അരങ്ങേറ്റം കുറിച്ച പുജാരയും 2010ല്‍ ടെസ്റ്റില്‍ അരങ്ങേറിയ രഹാനെയും കരിയറില്‍ ഇതുവരെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടില്ല. മോശം ഫോമിനെ തുടര്‍ന്നാണ് ഇരുവരും ടീമിന് പുറത്തായത്. കെ എല്‍ രാഹുലിനും ശ്രേയസ് അയ്യര്‍ക്കും റുതുരാജ് ഗെയ്ക്ക്വാദിനുമാണ് പകരം മധ്യനിരയില്‍ അവസരം ലഭിക്കുക.

ഈ വര്‍ഷം ആദ്യം ഓസ്‌ട്രേലിയക്കെതിരെ നടന്ന ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം പുജാര ടീമിന് പുറത്തായിരുന്നു. ടെസ്റ്റ് ടീമിന് പുറത്തായിരുന്നെങ്കിലും ഐപിഎല്ലിലെ മിന്നും പ്രകടനത്തെ തുടര്‍ന്ന് രഹാനെ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുകയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ അര്‍ധസെഞ്ചുറിയോടെ തിളങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ പരാജയമായതോടെയാണ് രഹാനെയ്ക്ക് പുറത്തേയ്ക്കുള്ള വഴി തെളിഞ്ഞത്. ആര്‍ക്കും എക്കാലവും ടീമില്‍ തുടരാനാവില്ലെന്നാണ് സീനിയര്‍ താരങ്ങളെ തഴഞ്ഞതിനെ പറ്റി മുന്‍ ഇന്ത്യന്‍ നായകനായിരുന്ന സൗരവ് ഗാംഗുലി പ്രതികരിച്ചത്. രാജ്യത്ത് പ്രതിഭയുള്ള നിരവധി കളിക്കാരുണ്ട്. രഹാനെയും പുജാരയും ഇന്ത്യയ്ക്ക് വലിയ വിജയങ്ങള്‍ നേടിതന്ന താരങ്ങളാണ്. പക്ഷേ സ്‌പോര്‍ട്‌സില്‍ ഒന്നും ശാശ്വതമല്ല. ഗാംഗുലി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :