മൃതദേഹത്തില്‍ നിന്നും രോഗം പകരാനുള്ള സാധ്യത വളരെ കുറവ്: മുഖ്യമന്ത്രി

തിരുവനന്തപുരം| ശ്രീനു എസ്| Last Updated: ചൊവ്വ, 28 ജൂലൈ 2020 (10:09 IST)
കോവിഡ് വൈറസുകള്‍ ഒരാളില്‍ നിന്നും മറ്റൊരാളിലേയ്ക്ക് പകരുന്നത് രോഗബാധയുള്ളയാള്‍ ചുമക്കുമ്പോഴോ തുമ്മുമ്പോഴോ സംസാരിക്കുമ്പോഴോ പുറത്തേയ്ക്ക് തെറിക്കുന്ന ശരീരസ്രവത്തിന്റെ കണങ്ങളിലൂടെയാണെന്നും മൃതദേഹത്തില്‍ നിന്നും രോഗം പകരാനുള്ള സാധ്യത വളരെ കുറവാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

മൃതദേഹത്തെ തൊടുമ്പോഴോ ചുംബിക്കുമ്പോഴോ മറ്റോ സംഭവിക്കാവുന്ന രോഗബാധയുടെ വളരെ നേരിയ സാധ്യത മാത്രമാണുള്ളത്. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ കോവിഡ് 19 പ്രോട്ടോക്കോള്‍ പുറത്തിറക്കിയിട്ടുണ്ട്. അതില്‍ മൃതദേഹത്തെ കൈകാര്യം ചെയ്യുന്നതിലും സംസ്‌കരിക്കുന്നതിലും പാലിക്കേണ്ട ശാസ്ത്രീയമായ രീതികള്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്. അതുപ്രകാരമാണ് ആരോഗ്യപ്രവര്‍ത്തകര്‍ ഇത്തരം സാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്നത്. ശവമടക്കുകയോ ദഹിപ്പിക്കുകയോ ചെയ്യേണ്ട സന്ദര്‍ഭത്തില്‍ ഈ പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കുന്നു.

വൈദ്യുത ശ്മശാനങ്ങളില്‍ ദഹിപ്പിക്കുന്നത് 800 ഡിഗ്രി സെല്‍ഷ്യസ് വരെ വരുന്ന വളരെ ഉയര്‍ന്ന താപനിലയില്‍ ആയതിനാല്‍ വൈറസുകള്‍ വായു വഴി പകരുന്നതിന് യാതൊരു സാധ്യതയുമില്ല. യുക്തിയ്ക്ക് ഒരു തരത്തിലും നിരക്കാത്തതാണ് ഇത്തരം ആശങ്കകള്‍. യഥാര്‍ഥത്തിലുള്ള പ്രശ്‌നം ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉണ്ടാകുന്ന ആള്‍ക്കൂട്ടമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :