തിരുവനന്തപുരത്ത് 135 കേന്ദ്രങ്ങളില്‍ കോവിഡ് വാക്സിന്‍ നല്‍കുമെന്ന് ജില്ലാ കളക്ടര്‍

ശ്രീനു എസ്| Last Modified ശനി, 13 മാര്‍ച്ച് 2021 (12:37 IST)
ജില്ലയില്‍ 83 സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 52 സ്വകാര്യ ആശുപത്രികളിലും കോവിഡ് വാക്സിന്‍ നല്‍കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവജോത് ഖോസ. ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ രാവിലെ പത്തുമണി മുതല്‍ വൈകുന്നേരം മൂന്നുവരെ, മൂന്നു സെഷനുകളിലായി സ്പോട്ട് രജിസ്ട്രേഷനിലൂടെ വാക്സിനേഷന്‍ ഉണ്ടായിരിക്കും.

ജില്ലയിലെ വൃദ്ധസദനങ്ങളില്‍ അതത് പ്രദേശത്തെ ആരോഗ്യ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മൊബൈല്‍ യൂണിറ്റുകള്‍ സജ്ജീകരിച്ച് നിലവില്‍ വാക്സിനേഷന്‍ നടത്തിവരുന്നുണ്ട്.ജനറല്‍ ആശുപത്രികളിലും ജില്ലാ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും 200 പേര്‍ക്ക് കുത്തിവയ്പ് നടത്താനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തി.

സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളില്‍ 150 പേര്‍ക്കും പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ 100 പേര്‍ക്കും കുത്തിവയ്പ്പ് നല്‍കും. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും അനുബന്ധരോഗങ്ങളുള്ള 45നും 59 നും ഇടയില്‍ പ്രായമുള്ളവര്‍ക്കും വാക്‌സിനേഷന്‍ ലഭ്യമാക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നുംകളക്ടര്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :