രേണുക വേണു|
Last Modified തിങ്കള്‍, 17 ജനുവരി 2022 (08:12 IST)
കേരളത്തില്‍ കോവിഡ് മൂന്നാം തരംഗം അതിതീവ്ര വ്യാപനത്തിലേക്ക്. വലിയൊരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ സജീവ കേസുകള്‍ ഒരു ലക്ഷം കടന്നു. നിലവില്‍ 1,03,864 പേരാണ് കേരളത്തില്‍ ചികിത്സയിലുള്ളത്. ഒറ്റ ആഴ്ചകൊണ്ട് കേരളത്തില്‍ രോഗികളുടെ എണ്ണം 144 ശതമാനം വര്‍ധിച്ചു. കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ ആശുപത്രിയില്‍ ചികിത്സ തേടേണ്ട രോഗികളുടെയെണ്ണവും ഉയരുന്നു. കഴിഞ്ഞയാഴ്ചത്തേക്കാള്‍ 31 ശതമാനം വര്‍ധിച്ചു. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യേണ്ട രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് ആരോഗ്യവകുപ്പിന് ആശങ്കയാകുന്നു.
പരിശോധിക്കുന്നവരില്‍ നാലിലൊന്നുപേരും പോസിറ്റീവാകുന്ന സ്ഥിതിവിശേഷം അതീവ ഗുരുതര സാഹചര്യമാണെന്നും പരിശോധന വര്‍ധിപ്പിക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സമ്പൂര്‍ണ അടച്ചുപൂട്ടലിന് സമാനമായ നിയന്ത്രണങ്ങള്‍ രണ്ടാഴ്ചത്തേക്കെങ്കിലും ഏര്‍പ്പെടുത്തണമെന്ന് ആരോഗ്യവിദഗ്ധര്‍ ആവശ്യപ്പെടുന്നു. നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ആശ്വാസകരമാണ്. സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കാതിരിക്കാന്‍ സമ്പൂര്‍ണ അടച്ചുപൂട്ടല്‍ വേണ്ടിവരുമെന്നും എങ്കില്‍ മാത്രമേ ആശുപത്രികളുടെ സര്‍ജ് കപ്പാസിറ്റി മറികടക്കാതെ കോവിഡിനെ നിയന്ത്രിക്കാന്‍ സാധിക്കൂ എന്നുമാണ് വിദഗ്ധാഭിപ്രായം.