തിരുവനന്തപുരത്തിന് പുറമേ ഈ ജില്ലകള്‍ കൂടി സി കാറ്റഗറിയിലേക്ക്; നിയന്ത്രണം കടുപ്പിക്കും

രേണുക വേണു| Last Modified വ്യാഴം, 27 ജനുവരി 2022 (08:24 IST)

കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ കൂടുതല്‍ ജില്ലകളില്‍ നിയന്ത്രണത്തിനു സാധ്യത. നിലവില്‍ കാറ്റഗറി തിരിച്ച് ജില്ലകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം തുടരാനാണ് സര്‍ക്കാര്‍ തീരുമാനം. സി കാറ്റഗറിയിലുള്ള തിരുവനന്തപുരം ജില്ലയിലാണ് ഇപ്പോള്‍ കടുത്ത നിയന്ത്രമുള്ളത്. കോവിഡ് വ്യാപന തോത് കണക്കിലെടുത്ത് കൂടുതല്‍ ജില്ലകള്‍ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

ഫെബ്രുവരി ആറുവരെ അമ്പതിനായിരത്തോടടുപ്പിച്ച് വ്യപനം തുടരുമെന്നാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്ന പുതിയ പ്രൊജക്ഷന്‍ റിപ്പോര്‍ട്ടിലുളളത്. അതുകൊണ്ട് ഫെബ്രുവരി പകുതി വരെ സംസ്ഥാനത്ത് കാറ്റഗറി തിരിച്ചുള്ള നിയന്ത്രണം തുടര്‍ന്നേക്കും. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുളള രോഗികളില്‍ 25 ശതമാനത്തില്‍ കൂടുതല്‍ കോവിഡ് രോഗികളാണെങ്കിലാണ് ഒരു ജില്ല കടുത്ത നിയന്ത്രണങ്ങളുളള സി കാറ്റഗറിയില്‍ വരുക. നിലവില്‍ തിരുവനന്തപുരം മാത്രമാണ് സി വിഭാഗത്തിലുളളത്. കൂടുതല്‍ ജില്ലകള്‍ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത.

ഈ നിബന്ധന കണക്കിലെടുത്താല്‍ ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളാണ് സി വിഭാഗത്തിലേയ്ക്ക് അടുക്കുന്നത്. മൂന്നു ജില്ലകളിലും കോവിഡ് രോഗികളുടെ എണ്ണം 20 ശതമാനം കടന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :