ഡെയ്സി ഒരു മാലാഖയായിരുന്നു

എബി അലോഷ്യസ്

WEBDUNIA|
ഡെയ്സി എന്നെ അത്ഭുതപ്പെടുത്തിയില്ല. ഈയിടെയായി അവളുടെ പ്രവൃത്തികള്‍ അല്ലെങ്കില്‍ തന്നെ എന്നില്‍ അത്ഭുതമൊന്നും ഉണ്ടാക്കില്ല. ആദ്യകാലങ്ങളില്‍ ഡെയ്സി ഒരു വിസ്മയമായിരുന്നു. കാലം ചെല്ലുന്തോറും വിസ്മയിപ്പിക്കല്‍ അവള്‍ തുടരുന്നുണ്ട്. എന്നാല്‍, ഞാന്‍ അതിന് ശീലപ്പെട്ടിരിക്കുന്നു.

“എന്‍റെ വലത്തെ തുടയില്‍ ഒരു മുറിപ്പാടുണ്ട്. ശരിയോ തെറ്റോ?” - ഇന്നു കണ്ടപ്പോള്‍ തന്നെ അവള്‍ ചോദിച്ചു. അവളുടെ വീട്ടിലായിരുന്നു ഞങ്ങള്‍ സന്ധിച്ചത്. ആരാണ് വന്നിരിക്കുന്നതെന്നറിയാന്‍ വേലക്കാരിത്തള്ള ഒന്നു എത്തിനോക്കിപ്പോയി. ഞാന്‍ ഡെയ്സിയെ നോക്കി ചിരിച്ചു.

“ശരി എന്നു പറഞ്ഞാല്‍ എങ്ങനെയറിയാം എന്നാവും മറുചോദ്യം. തെറ്റ് എന്നാണെങ്കിലോ, അതിനെയും നീ പ്രതിരോധിക്കും. എങ്കിലും തെറ്റ് എന്നു പറയാനാണ് എനിക്കിഷ്ടം. നിന്‍റെ ശരീരത്തില്‍ ഒരു മുറിപ്പാട് അഭംഗിയാണ്” - എന്‍റെ ഉത്തരം അവളെ ആഹ്ലാദിപ്പിച്ചു.

എന്‍റെ മുന്നിലെ സ്റ്റൂളില്‍ ഇരുന്ന് മിനി സ്കര്‍ട്ട് മുകളിലേക്കുയര്‍ത്തി ഡെയ്സി. വെളുത്തു ചുവന്ന തുടയില്‍ ഒരു കറുത്ത പാട്‌!

“ഇത് അഭംഗിയല്ല. ഭാഗ്യമാ. ഈ മുറിവുണ്ടായി കൃത്യം ഏഴാം ദിവസമാണ് ഞാന്‍ ഗോകുലിനെ പരിചയപ്പെട്ടത്” - അവള്‍ ഊറിച്ചിരിച്ചു. ആ കണ്ണുകളില്‍ ലജ്ജ കണ്ടു.

എനിക്ക് ആ ചിരിയില്‍ പങ്കുകൊള്ളാന്‍ തോന്നിയില്ല. ഗോകുല്‍...അയാളൊരിക്കലും ഡെയ്സിയെ മനസിലാക്കിയിട്ടില്ല. അല്ലെങ്കില്‍ മനസിലാക്കേണ്ട കാര്യമെന്ത്? വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണയാള്‍.

ഡെയ്സി എഴുന്നേറ്റ് എന്‍റെ തോളില്‍ പിടിച്ചു. “നീ മനസില്‍ ഓര്‍ത്തതെന്തെന്ന് ഞാന്‍ പറയട്ടേ. ഗോകുലിന് ഒരിക്കലും എന്നെ സ്നേഹിക്കാന്‍ കഴിയില്ല എന്നല്ലേ?” - ഡെയ്സി ആളുകളുടെ മനസു വായിക്കുന്നതില്‍ മിടുക്കിയാണ്. ഗോകുലിന്‍റെ മനസും അവള്‍ക്കറിയാം. അയാളെ ഒരിക്കലും സ്വന്തമാക്കാനാവില്ലെന്നും അറിയാം. എന്നിട്ടും സ്നേഹിച്ചുകൊണ്ടേയിരിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :