കാറല്‍ മാര്‍ക്സിന്‍റെ താടി

സ്വാതി ആര്‍

WEBDUNIA|
PRO
മുഖത്ത് എണ്ണ തേക്കുന്നവരെ ഹിമയ്ക്ക് ഇഷ്ടമല്ല. തല വരെ പുതപ്പുമൂടി
കിടക്കുന്നവരെ ഇഷ്ടമല്ല.
കാര്‍ക്കിച്ചു തുപ്പുന്നവരെയും ഇഷ്ടമല്ല.
നിങ്ങള് പറയുന്ന ഏത് കോന്തനെ വേണെങ്കിലും കെട്ടാം. നാലാം ക്ലാസും ഗുസ്തിയായാലും
ഫുള്‍ടൈം പാമ്പായാലും പ്രശ്നമില്ല. പക്ഷെ ഈ പറഞ്ഞ എനങ്ങള് വേണ്ട.

ഹിമ കണ്ണാടിയുടെ മുന്നില്‍ പോയി നിന്നു.
പാമ്പുകള്‍ക്ക് എന്താ ഇത്ര കുഴപ്പം?
ഇളവെയിലില്‍ തെളിവെള്ളത്തില്‍ പുളയുന്ന നീര്‍ക്കോലികള്‍!

കണ്ണാടിയുടെ മുന്നില്‍ നിന്നാല്‍ ഹിമയ്ക്ക് കവിത വരും.
ചിലപ്പോ കുളിക്കുമ്പോഴും വരും. അവള്‍ ഷവറിന്റെ ചുവട്ടില്‍ നിന്ന് ധ്യാനിക്കും.
വെള്ളത്തിന്റെ നേരിയ നൂലുകള്‍ അവളുടെ മുഖത്തൂടെ അരിച്ചിറങ്ങും. വെള്ളം കയറി
ചുവക്കുന്നതുവരെ അവളുടെ കണ്ണുകള്‍ തുറന്നുതന്നെയിരിക്കും. എന്നിട്ട് നിറം
മങ്ങിത്തുടങ്ങിയ ടൈല്‍സില്‍ വിരലുകള്‍ കൊണ്ട് അവള്‍ എഴുതും. അസ്ഥിത്വവാദം,
നഖക്ഷതം, മജ്ജ, മാംസം, ആട്ടുകല്ല്, അരകല്ല് തുടങ്ങിയ പദപ്രയോഗങ്ങള്‍ പുട്ടിന്
തേങ്ങയിടുന്ന കണക്കെ അങ്ങിങ്ങായി ചേര്‍ക്കും.

"തീരാനായില്ലേടി നിന്‍റെ ആനക്കുളി''
അമ്മയുടെ ഗര്‍ജനം അടുക്കളയില്‍ നിന്ന് മുഴങ്ങുന്നതിന് തൊട്ടുമുന്നേ കലങ്ങിയ
കണ്ണുകളോടെ ഹിമയുടെ കുളി അവസാനിക്കും.
അല്ലെങ്കിലും ഈ അമ്മയ്ക്കെന്തറിയാം?
ആദാമിന്റ വാരിയെല്ലുകളില്‍ അസ്ഥിത്വവാദം പിടിപെടുന്നതോ പൊതുസമൂഹത്തില്‍
സാമ്രാജ്യത്വത്തിന്റെ നിഴല്‍ക്കൂനകള്‍ ഉയരുന്നതോ അമ്മയ്ക്കറിയണോ.

കറിക്കരിഞ്ഞുകൊണ്ടിരിക്കുന്ന അമ്മയുടെ കൈ പിടിച്ച് ഹിമ പറഞ്ഞു:
"ഈ എസ്റ്റാബ്ലിഷ്മെന്റുകളൊക്കെ നമുക്ക് പുതുക്കിപ്പണിയണം അമ്മേ. അരിയുടെ
വേവിനെക്കുറിച്ചും അടുക്കളത്തോട്ടത്തില്‍ ചീര പൊടിച്ചതിനെക്കുറിച്ചും
കഴിഞ്ഞാല്‍ അമ്മയ്ക്കാകെ സംസാരിക്കാനുള്ളത് ശമ്പള സ്കെയില്‍ വര്‍ധനവിനെക്കുറിച്ച്
മാത്രമാണ്. ഈ നാലു ചുവരുകള്‍ക്കുള്ളില്‍ അമ്മയുടെ മനസ്സ് അത്രമാത്രം
സങ്കുചിതമായിപ്പോയിരിക്കുന്നു. ഫെമിനിസത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടു
എന്നൊക്കെ കശ്മലന്മാര്‍ വെറുതെ തട്ടിവിടുന്നതല്ലേ.
കേരളത്തില്‍ ഫെമിനിസത്തിന് പ്രസക്തി ഇല്ലെങ്കില്‍ പിന്നെ എന്തിനാണ് പ്രസക്തി?
ഫീനിക്സ് പക്ഷിയെപ്പോലെ ഫെമിനിസം ഉയിര്‍ത്തെണീക്കുന്ന ഒരു ദിവസം വരും.
തേഞ്ഞുപോയ ചൂലോ വക്കൊടിഞ്ഞ പാത്രങ്ങളോ ഉണ്ടെങ്കില്‍ കളയണ്ട. എടുത്തുവച്ചോ.
നമുക്കതൊക്കെ എടുത്ത് പ്രകടനത്തിന് പോകേണ്ടതാ. അമ്മയ്ക്കറിയാഞ്ഞിട്ടാ, ഇതൊക്കെ
ഓരോ പ്രതീകങ്ങളാ”.

പക്ഷെ സത്യജിത്റേയെ കാണുമ്പോള്‍ ഹിമയുടെ ഫെമിനിസം നാടുവിടും.
നല്ല നീളമുള്ള ആണുങ്ങളാണ് ആണുങ്ങള്‍ എന്ന് അവള്‍ വിശ്വസിച്ചു. അതുകൊണ്ടുതന്നെ
അവള്‍ ആദ്യമായി പ്രണയിച്ചത് റേയെ ആണ്.
പഥേര്‍ പാഞ്ചാലിയുടെ സിഡി പതിനേഴാമത്തെ പ്രാവശ്യവും ഡ്രൈവില്‍ കിടന്ന് വട്ടം
കറങ്ങുന്നത് കണ്ടപ്പോള്‍ അമ്മയ്ക്ക് വരേണ്ടയാള്‍ വന്നു.

'നിനക്കെന്തിന്റെ അസുഖാണ് ഹിമേ... ഇനിയും ഈ കുന്ത്രാണ്ടം കണ്ട് നടന്നാല്‍
തല്ലിപ്പൊട്ടിച്ച് പറമ്പിലെറിയും ഞാന്‍. പറഞ്ഞില്ലാന്ന് വേണ്ട.'
സിഡി പൊട്ടിച്ചതും ഇല്ല, പറമ്പിലെറിഞ്ഞതും ഇല്ല. അത് പതിനെട്ടാമത്തെ
പ്രാവശ്യവും പത്തൊമ്പതാമത്തെ പ്രാവശ്യവും ഡിസ്കില്‍ കിടന്ന് കറങ്ങി.
സിനിമയുടെ ചില സീനുകളില്‍ റേയുടെ നീണ്ട നിഴല്‍ വീണു കിടക്കുന്നത് ഹിമ രഹസ്യമായി
കണ്ടുപിടിച്ചു.

ടിവിയില്‍ ഹോര്‍ലിക്സിന്റെ പരസ്യത്തില്‍ ഒരുത്തന്‍ നീളം വെക്കാന്‍ കമ്പിയില്‍
പിടിച്ച് തൂങ്ങുന്നത് കണ്ട് ഹിമ ശരിക്കും നടുങ്ങി.
എന്റെ പ്രിയപ്പെട്ട റേ... ഹോര്‍ലിക്സോ ബൂസ്റോ ഇല്ലാതിരുന്ന ആ കാലത്ത്
നിങ്ങളിതെന്ത് തൂങ്ങലാ തൂങ്ങിയത്...
അത്രത്തോളമില്ലെങ്കിലും ഏകദേശം ആ റേഞ്ചില്‍ നീളമുള്ള ഒരുത്തനെ ഹിമ കണ്ടത്
കോളജിലെ യൂണിറ്റ് കമ്മിറ്റി മീറ്റിങ്ങിലാണ്.

മെലിഞ്ഞ കൊലുന്നനെയുള്ള പയ്യന്‍. പോരാത്തതിന് നസ്രാണിയും. അപ്പോ വിപ്ലവത്തിനും
വകയായി.
ഇവന്‍ താന്‍ടാ മാപ്പിളൈ...
പ്രണത്തിന്റെ ഗിരിശൃംഗങ്ങളില്‍ നിന്ന് ഊര്‍ന്നൂര്‍ന്ന് ഹിമ വീട്ടിലെത്തി.
കളിക്കുടുക്കയില്‍ കുറുക്കന് വഴി കാണിക്കുകയായിരുന്നു അനിയന്‍.
ഹിമ ഓടിച്ചെന്ന് അവന്റെ മുഖം പിടിച്ചുയര്‍ത്തി.

"ജെന്നി ആരാന്നറിയോടാ നിനക്ക്.''
"ആ... വര്‍ഗീസ് മാഷെ രണ്ടാമത്തെ മോള്.''
"അതല്ലെട കൊരങ്ങാ... ഇത് ജെന്നി മാര്‍ക്സ്''
ഒരു കയ്യില്‍ പ്രണയത്തിന്റെ കുളിരും മറുകയ്യില്‍ വിപ്ലവത്തിന്റെ ജ്വാലയും
ചേര്‍ത്തുപിടിച്ച കാറല്‍ മാര്‍ക്സിന്റ പ്രണയിനി.

കഴിഞ്ഞ വര്‍ഷം സ്റ്റഡി ടൂര്‍ പോയപ്പോ ഊട്ടീന്ന് വാങ്ങിയ തൊപ്പിയെടുത്തിട്ട് ഹിമ
മുറിയില്‍ അങ്ങോട്ടും ഇങ്ങോട്ടും ഒരു പൂച്ചനടത്തം നടന്നു.
താടിയില്ലാത്ത ഒരു മാര്‍ക്സുണ്ടല്ലോ എന്റെ കോളജില്. അപ്പോ ഞാന്‍ ഗൌണില്ലാത്ത
ജെന്നിയാവണ്ടെ...

വായ പകുതി തുറന്നിരിക്കുന്ന അനിയന്റെ താടി പിടിച്ചുകുലുക്കി ഹിമ പറഞ്ഞു:
"നിന്റെ ഏച്ചിക്ക് ഒരു നസ്രാണിച്ചെക്കനോട് ഐ ഡബ്ള്യു...''
നിന്നാലും ഐ ഡബ്ള്യു ഇരുന്നാലും ഐ ഡബ്ള്യു കിടന്നാലും ഐ ഡബ്ള്യു..
ഒന്നു മുരടനക്കി ഹിമ കൂടുതല്‍ നാടകീയമായി.
"താണ്ടാനുള്ള വഴികള്‍ ദുര്‍ഘടം പിടിച്ചതാണ്. സാമ്രാജ്യത്വത്തിന്റെ
കരാളഹസ്തങ്ങള്‍ക്കൊപ്പം പ്രതിലോമകാരികളും ജാതി-മത വര്‍ഗ്ഗീയതകളും
ഇത്തിള്‍ക്കണ്ണിയെപ്പോലെ ഞങ്ങളുടെ രക്തം ഊറ്റിക്കുടിക്കാനെത്തുമ്പോള്‍ ഈ
ഗൌണില്ലാത്ത ജെന്നിക്കും താടിയില്ലാത്ത മാര്‍ക്സിനും മുന്നില്‍ വിപ്ളവത്തിന്റെ
കെടാവിളക്കുമായി നീ നടക്കില്ലെ കൂടപ്പിറപ്പേ....''
അനിയന്‍ പേടിച്ച് കരഞ്ഞ് അടുക്കളയിലേക്കോടിയപ്പോള്‍ ഹിമ പൊട്ടിച്ചിരിച്ചു.

പിന്നെ ഒരു വെളിപാടെന്നപോലെ അച്ഛന്റെ ഹോം ലൈബ്രറിയില്‍ ഒരു മൂലക്ക് കിടന്ന
'ജെന്നിയുടെ കത്തുകള്‍' എടുത്ത് ഒറ്റയിരിപ്പിന് രണ്ടുപ്രാവശ്യം വായിക്കുകയും
ഒരു പായപ്പേപ്പറില്‍ സ്ഥലം തീരുന്നതുവരെ 'ജെന്നിയാണ് സ്നേഹം, സ്നേഹമാണ് ജെന്നി'
എന്നെഴുതുകയും ചെയ്തു. ഒന്നു കുളിക്കുക പോലും ചെയ്യാതെ ഹിമ കിടന്നുറങ്ങി.

പിറ്റേന്ന് ഞായറാഴ്ച ആയിട്ടും 'അമ്മച്ച്യേ ഞാന്‍ പോവ്‌വ്വാണേ' എന്ന് വിളിച്ചുപറഞ്ഞ്
അമ്മയ്ക്കൊന്ന് അത്ഭുതപ്പെടാന്‍പോലും സമയം നല്‍കാതെ അവള്‍ കൂടെ
പഠിക്കുന്ന ഹെലന്റെ വീട്ടിലേക്കോടി.
ഒരേ ക്ളാസിലാണെന്ന് പറഞ്ഞിട്ടെന്നാ കാര്യം. നമ്മളിതുവരെ നേരെ ചൊവ്വേ വല്ലതും
മിണ്ടിയിട്ടുണ്ടോ. മരിക്കാന്‍ കെടക്കുമ്പോള്‍ ആള്വോള്‍ക്ക് ആഗ്രഹങ്ങള് കൂടും
എന്നുപറയുന്നത് പോലെ കോഴ്സ് കഴിയാറാവുമ്പോ ഈ ഹായ് - ബായ് റിലേഷന്‍സൊക്കെ
പൊളിച്ചെഴുതണം എന്നൊരു തോന്നല്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :