ആബേലച്ചന്‍ കലാഭവന്‍ ഉണ്ടാക്കിയ കഥ!

ജെ പുതുച്ചിറ

WEBDUNIA|
PRO
കലാഭവന്‍ കേരളീയരെ സംബന്ധിച്ചിടത്തോളം സകല കലകളുടെയും പര്യായമാണ്‌. സംഗീതം, നൃത്തം, അഭിനയം, ഹാസ്യാനുകരണം തുടങ്ങി ഒട്ടേറെ കലകളുടെ കളരിയാണത്‌. ഇതുവഴി കടന്നു വന്ന കലാകാരന്മാര്‍ എത്രയെത്ര! കലാഭവനിലൂടെ പ്രശസ്തിയുടെ ഉച്ചകോടിയിലെത്തിയവരുടെ വലിയ നിര തന്നെ മലയാള സിനിമയിലുണ്ട്‌.

ആബേലച്ചനിലൂടെയും തുടക്കം, പിന്നെ യേശുദാസിന്റെ സഹകരണത്തോടെയും വളര്‍ച്ച, പിന്നെ ഒരു വലിയ പറ്റം കലാകാരന്മാരുടെ നിര്‍മിതി കേന്ദ്രം അതായിരുന്നു കലാഭവന്‍. നമുക്ക്‌ കലാഭവന്റെ സ്ഥാപകനായ ഫാദര്‍ ആബേലില്‍ നിന്നുതന്നെ തുടങ്ങാം.

കര്‍മലീത്ത സന്യാസ സമൂഹം ആരാധന ക്രമഗീതങ്ങള്‍ മലയാളത്തിലേക്കു തര്‍ജ്ജമ ചെയ്യാന്‍ ഫാ. ആബേലിനെ നിയോഗിച്ചു. 1948 - 49 കാലം. സുറിയാനി ഭാഷയിലാണ്‌ അന്നു വിശുദ്ധ കുര്‍ബാന. ബലിയില്‍ പങ്കെടുക്കുവാന്‍ സാധാരണക്കാരെ സഹായിക്കുന്നതിനു ‘നമ്മുടെ ബലി’ എന്നൊരു പുസ്തകം ഉണ്ടാക്കി.

കോട്ടയത്തു ദീപികയിലായിരുന്നു ആബേലച്ചന്‍റെ ആദ്യ നിയമനം. ആറുമാസം. ഇക്കാലത്ത്‌ ആബേലച്ചനെയും നരിതൂക്കില്‍ ആന്റണി അച്ചനെയും റോമില്‍ ഉപരിപഠനത്തിനു തെരഞ്ഞെടുത്തു. 1953 മുതല്‍ 57 വരെ റോമിലെ ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റിയില്‍ പഠിച്ചു. പൊളിറ്റിക്കല്‍ സയന്‍സില്‍ ഡോക്ടറേറ്റ്‌ എടുത്തു. പത്രപ്രവര്‍ത്തനവും പഠിച്ചു. തിരിച്ചെത്തിയത്‌ ദീപികയിലേക്കായിരുന്നു.

ദീപികയെ സമൂഹത്തിലെ ഏറ്റവും വലിയ ശക്തിയായി നിലനിര്‍ത്തുന്നതിനു കുട്ടികളെ പത്രത്തിലേക്കു കൂടുതല്‍ ആകര്‍ഷിക്കണമെന്നു തോന്നി. ഈ ചിന്തയാണ്‌ 1957-ല്‍ ദീപിക ബാലസഖ്യത്തിന്റെ രൂപീകരണത്തിലേക്കു നയിച്ചത്‌. ആബേലച്ചന്‍ ആദ്യത്തെ കൊച്ചേന്തനായി.

ദീപിക ബാലസഖ്യം പടര്‍ന്നു വളര്‍ന്നു. നാടെങ്ങും ശാഖകള്‍, നിറപ്പകിട്ടാര്‍ന്ന ഉദ്ഘാടന ചടങ്ങുകള്‍, കലാപരിപാടികള്‍. ശാഖാ നേതാക്കന്മാരുടെ സമ്മേളനം വിളിച്ചുകൂട്ടി, സംസ്ഥാന സമിതി രൂപവത്ക്കരിച്ചു. മധ്യവേനലവധിക്കാലത്ത്‌ ആദ്യത്തെ ക്യാമ്പ് നടന്നു. ചങ്ങനാശേരിയില്‍. ഇന്ദിരാ പ്രിയദര്‍ശിനിയാണ്‌ ക്യാമ്പ് ഉദഘാടനം ചെയ്തത്‌. തിരുവനന്തപുരം ക്യാമ്പും അവിസ്മരണീയമായിരുന്നു. മുഖ്യമന്ത്രി പട്ടം താണുപിള്ള, പിടി ചാക്കോ തുടങ്ങി 11 മന്ത്രിമാരാണ്‌ ക്യാമ്പില്‍ വന്നത്‌.

ബാലസഖ്യം കുതിച്ചുകയറുകയായിരുന്നു. അതുകൊണ്ടാവണം അദ്ദേഹത്തിന്‌ ദീപികയില്‍ നിന്നും സ്ഥലംമാറ്റമായി; ദേവഗിരി കോളജിലേക്ക്‌. 1961 മുതല്‍ 65 വരെ അവിടെ സുറിയാനി പ്രഫസറും ഹോസ്റ്റല്‍ വാര്‍ഡനുമായി പ്രവര്‍ത്തിച്ചു. അവിടെനിന്നും പിരിഞ്ഞു പോരേണ്ടി വന്നു.

എറണാകുളം മെത്രാപ്പോലീത്ത ആയിരുന്ന ജോസഫ്‌ പാറേക്കാട്ടില്‍ തിരുമേനി, ആരാധനക്രമ പ്രവര്‍ത്തനങ്ങള്‍ക്കു ഒരു സഹായിയെ തേടുന്ന കാലമായിരുന്നു അത്‌. രണ്ടാംവത്തിക്കാന്‍ കൗച്ചസിലിന്റെ പഠനങ്ങള്‍ക്കനുസരിച്ചു സീറോ മലബാര്‍ സഭയുടെ ആരാധനക്രമത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ക്കു നേതൃത്വം നല്‍കുകയായിരുന്നു തിരുമേനി.

ഒരു ദിവസം തിരുമേനി ആബേലച്ചനെ വിളിപ്പിച്ചു. കുറെ സുറിയാനിപ്പാട്ടുകള്‍ മലയാളത്തിലാക്കാന്‍ നിര്‍ദ്ദേശിച്ചു. വളരെപ്പെട്ടെന്നു അതു ചെയ്തു. വിവര്‍ത്തനമെന്നു തോന്നിപ്പിക്കാത്തവിധം തനി മലയാളഗാനങ്ങള്‍ പോലെ രചിച്ചു. തിരമേനി അവ വായിച്ചു. സന്തോഷത്തോടെ പറഞ്ഞു, ‘ദൈവം ആബേലച്ചനെ ഈ ജോലിക്കായി കരുതിവച്ചതുപോലെ തോന്നുന്നു. അച്ചനെ എനിക്കു വേണം’.

അന്ന്‌ സിഎംഐ സഭയുടെ ജനറാളായിരുന്ന കനിസിയൂസച്ചന്‍ ആബേലച്ചന്റെ സേവനം തിരുമേനിക്കു വിട്ടുകൊടുത്തു. 1965 മുതല്‍ 67 വരെ സുറിയാനി ഗീതങ്ങള്‍ മലയാളത്തിലാക്കുന്ന ദൗത്യത്തിലായിരുന്നു. താമസം അതിമെത്രാസന മന്ദിരത്തിലും. ഏവരും പ്രതീക്ഷിച്ചതിനേക്കാള്‍ ഹൃദ്യമായി ആ രചനകള്‍.

കനിസിയൂസച്ചന്‍ പറഞ്ഞു. സഭയ്ക്കുവേണ്ടി എഴുതിയപ്പോള്‍ പരിശുദ്ധാത്മാവിന്റെ പ്രത്യേക അനുഗ്രഹം അച്ചനു ലഭിച്ചതിന്റെ അടയാളമാണിത്‌. അതാണ്‌ സത്യവും. ആബേലച്ചന്റെ തൂലികയെ ദൈവത്തിന്റെ അദൃശ്യകരങ്ങള്‍ നയിച്ചു. ആര്‍ച്ചു ബിഷപ്പിന്റെ പൈതൃകസംരക്ഷണവും പ്രോത്സാഹനവും ജോലികള്‍ വേഗത്തില്‍ പുരോഗമിക്കുവാന്‍ ഇടയാക്കി.

കാനോന നമസ്കാ‍രം, പാട്ടുകുര്‍ബാന, കൂദാശകള്‍ എന്നിവ കൂടാതെ മൃതദേഹ സംസ്ക്കരണം, പരേതരുടെ വാര്‍ഷികദിനാചരണം, റാസാ, വെഞ്ചിരിപ്പുകള്‍, വിഭൂതി, ഓശാന തുടങ്ങിയ വിശേഷാവസരങ്ങളിലേക്കും തിരുക്കര്‍മങ്ങള്‍, തിരുനാള്‍ കര്‍മങ്ങള്‍, മരണനേരത്തേക്കും പ്രാര്‍ത്ഥന തുടങ്ങി നിരവധി ചെറുഗ്രസ്ഥങ്ങള്‍ അദ്ദേഹത്തിന്റെ തൂലികയില്‍ നിന്നും നിര്‍ഗമിച്ചിട്ടുണ്ട്‌.

ഈ ഇനങ്ങളില്‍പ്പെട്ട മറ്റ്‌ ഔദ്യോഗികഗ്രസ്ഥങ്ങള്‍ ഇല്ലാതിരുന്നതുകൊണ്ട്‌ ഫാദര്‍ ആബേലിന്റെ കൃതികള്‍ വലിയൊരു വിടവു നികത്തുകയും അതിവേഗത്തില്‍ പ്രചാരത്തില്‍ വരികയും ചെയ്തു. അവയ്ക്ക് പൂര്‍ണമായ അര്‍ത്ഥത്തില്‍ ഔദ്യോഗികമായ അംഗീകാരമില്ലായിരുന്നു എന്ന വസ്തുത നിഷേധിക്കുന്നില്ല.

ഫാദര്‍ ആബേലിന്റെ കൃതികള്‍ അനധികൃതമാണെന്നു പഴി പറഞ്ഞിരുന്നവര്‍ പോലും അവയെ സ്വന്തമായി അച്ചടിപ്പിച്ചു മുതലെടുക്കാന്‍ ശ്രമിച്ചു. രാഷ്ട്രീയത്തിലെപ്പോലെ സഭയിലും ഗ്രൂപ്പിസമായി. ചങ്ങനാശേരി ഭാഗത്തുനിന്നുമായിരുന്നു ആബേലച്ചന്റെ നേര്‍ക്കു ആക്രമണങ്ങള്‍. അക്കാര്യങ്ങള്‍ വിവരിക്കുന്നില്ല.

ആരാധനക്രമ ഗാനങ്ങള്‍ ട്യൂണ്‍ ചെയ്തു, പാടി ടേപ്പിലാക്കി ഇടവകപ്പള്ളികള്‍ക്കും മറ്റും ലഭ്യമാക്കുന്നതിനുള്ള സം‌വിധാനം തുടര്‍ന്നൊരു ആവശ്യമായി. അങ്ങനെയാണ്‌ ക്രിസ്ത്യന്‍ ആര്‍ട്സ്‌ ക്ലബ്‌ രൂപം കൊള്ളുന്നത് അവിടെനിന്നാണ്‌ കലാഭവനിലേക്കുള്ള പ്രയാണം.

(യുകെയില്‍ പ്രസിദ്ധീകരിക്കുന്ന ബിലാത്തി മലയാളം(ബിലാത്തി ഡോട്ട് ഇന്‍ഫൊ) എന്ന മാസികയുമായി സഹകരിച്ച് പ്രസിദ്ധീകരിക്കുന്നത്. ചിത്രത്തിന് കടപ്പാട് - കൊച്ചിന്‍ കലാഭവന്‍ ഡോട്ട് കോം)


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :