1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Yash starrer Toxic release date postponed

പശ്ചിമേഷ്യൻ സംഘർഷം യാഷ് ചിത്രം ടോക്സിക് റിലീസ് മാറ്റി, ചിത്രമെത്തുക ജൂണിൽ

toxic, yash
കെജിഎഫിന്റെ വമ്പന്‍ വിജയത്തിന് ശേഷം യാഷ് നായകനായെത്തുന്ന ആക്ഷം ചിത്രം ടോക്‌സിന്റെ റിലീസ് തീയതി മാറ്റിവെച്ചു.പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷഭരിതമായ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് അണിയറപ്രവര്‍ത്തകര്‍ ഈ തീരുമാനമെടുത്തത്. 2026 മാര്‍ച്ച് 19-ന് നിശ്ചയിച്ചിരുന്ന ചിത്രത്തിന്റെ ആഗോള റിലീസ് ഇപ്പോള്‍ ജൂണ്‍ 4-ലേക്ക് പുനഃക്രമീകരിച്ചിട്ടുണ്ട്.
 
ചിത്രത്തിന്റെ വിതരണ പങ്കാളിയായ ഫാര്‍സ് ഫിലിംസിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് നിര്‍മ്മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും റിലീസ് നീട്ടാന്‍ തീരുമാനിച്ചത്. ചിത്രത്തിന്റെ പ്രധാന വിപണികളിലൊന്നായ ഗള്‍ഫ് മേഖലയിലുടനീളം നിലനില്‍ക്കുന്ന അസ്ഥിരത സിനിമയുടെ പ്രദര്‍ശനത്തെയും കളക്ഷനെയും ദോഷകരമായി ബാധിച്ചേക്കാമെന്ന നിഗമനത്തിലാണ് ഈ മാറ്റം.
 
മലയാളി സംവിധായിക ഗീതു മോഹന്‍ദാസ് ഒരുക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം കന്നഡയിലും ഇംഗ്ലീഷിലുമായാണ് ഒരേസമയം ചിത്രീകരിച്ചിരിക്കുന്നത്. മാര്‍ച്ച് 8-ന് ബെംഗളൂരുവില്‍ നടക്കേണ്ടിയിരുന്ന ട്രെയിലര്‍ ലോഞ്ചും മറ്റ് പ്രൊമോഷന്‍ പരിപാടികളും നിലവിലെ സാഹചര്യം പരിഗണിച്ച് നിര്‍ത്തിവെച്ചിരിക്കുകയാണ്. മാര്‍ച്ച് 2-ന് പുറത്തിറങ്ങേണ്ടിയിരുന്ന ആദ്യ സിംഗിള്‍ 'തബാഹി'യുടെ റിലീസും താല്‍ക്കാലികമായി മാറ്റിയതായി നിര്‍മ്മാതാക്കള്‍ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
 
'ഏറ്റവും കൂടുതല്‍ പ്രേക്ഷകരിലേക്ക് സിനിമ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു പ്രയാസകരമായ തീരുമാനമെടുത്തത്. മിഡില്‍ ഈസ്റ്റിലെ നിലവിലെ അനിശ്ചിതത്വം ആഗോളതലത്തിലുള്ള റിലീസിനെ ബാധിക്കും,' എന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. മലയാളം ഉള്‍പ്പെടെ വിവിധ ഇന്ത്യന്‍ ഭാഷകളിലും ഇംഗ്ലീഷിലുമായി ജൂണ്‍ 4-ന് ചിത്രം തിയേറ്ററുകളില്‍ എത്തും. യഷ്, നയന്‍താര, കിയാര അദ്വാനി, ഹുമ ഖുറേഷി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
About Writer
രേണുക വേണു
അടുത്ത ലേഖനം
''അന്ന് ശരിക്കും പേടിച്ചുപോയി"; അബുദാബിയിൽ കുടുങ്ങിയ നടി സ്വാസിക നാട്ടിൽ തിരിച്ചെത്തി