റിലീസിന് മൂന്ന് നാൾ ബാക്കി; 'ജന നായകൻ' പ്രതിസന്ധിയിൽ, സെൻസർ ബോർഡിനെതിരെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി

jananayagan
അഭിറാം മനോഹർ| Last Modified ബുധന്‍, 7 ജനുവരി 2026 (11:42 IST)
ചെന്നൈ: തമിഴ് സൂപ്പര്‍ താരം വിജയ്യുടെ സിനിമാ കരിയറിലെ അവസാന ചിത്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന 'ജന നായകന്റെ' റിലീസ് പ്രതിസന്ധിയില്‍. ജനുവരി 9-ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തേണ്ട ചിത്രത്തിന് ഇതുവരെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതാണ് അനിശ്ചിതത്വത്തിന് കാരണമായിരിക്കുന്നത്. പ്രഖ്യാപിച്ച റിലീസ് ദിനത്തിന് 3 ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ്. റിലീസ് അടുത്തിരിക്കെ സെന്‍സര്‍ ബോര്‍ഡ് നടപടി അസാധാരണമാണെന്നാണ് ടിവികെ വൃത്തങ്ങള്‍ പ്രതികരിച്ചിരിക്കുന്നത്.

കഴിഞ്ഞ ഡിസംബര്‍ പകുതിയോടെ തന്നെ ചിത്രം സെന്‍സറിംഗിനായി സമര്‍പ്പിച്ചിരുന്നു. പത്തിലേറെ മാറ്റങ്ങള്‍ (Cuts) നിര്‍ദ്ദേശിച്ച സെന്‍സര്‍ ബോര്‍ഡ് ചിത്രം വീണ്ടും സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. നിര്‍മ്മാതാക്കള്‍ ഈ മാറ്റങ്ങള്‍ വരുത്തി ഡിസംബര്‍ 24-ന് തന്നെ റീ-സബ്മിറ്റ് ചെയ്‌തെങ്കിലും പത്തുദിവസമായിട്ടും സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ബോര്‍ഡ് തയ്യാറായില്ലെന്നാണ് പരാതി. ഏറ്റവും ഒടുവില്‍ ചിത്രം 'റിവൈസിംഗ് കമ്മിറ്റിക്ക്' വിട്ടതായാണ് സെന്‍സര്‍ ബോര്‍ഡ് അറിയിച്ചത്.
സിനിമയിലെ ചില രംഗങ്ങള്‍ മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്നും സൈന്യത്തെ മോശമായി ചിത്രീകരിക്കുന്നുവെന്നും ആരോപിച്ച് അജ്ഞാത പരാതി ലഭിച്ചെന്ന വാദമാണ് സെന്‍സര്‍ ബോര്‍ഡ് ഉയര്‍ത്തുന്നത്.


ജനനായകനുമായി ബന്ധപ്പെട്ട സാങ്കേതിക വിദഗ്ധരും സെന്‍സര്‍ ബോര്‍ഡ് ECyum മാത്രമാണ് സിനിമ കണ്ടത്. പുറത്തുള്ള ഒരാള്‍ക്കും സിനിമയിലെ ഉള്ളടക്കം അറിയില്ല. U/A ശുപാര്‍ശ ചെയ്ത ശേഷം സിനിമ പരിശോധനയ്ക്ക് വിട്ടത് നിയമവിരുദ്ധമാണെന്നും സിനിമയുടെ റിലീസ് നീട്ടുന്നത് ഭീമമായ സാമ്പത്തിക നഷ്ടവും മാനസികപ്രയാസവും ഉണ്ടാക്കുമെന്നും
KVN പ്രൊഡക്ഷന്‍സ് വ്യക്തമാക്കി.

വിജയ് നായകനാകുന്ന അവസാനചിത്രമായ ജനനായകന്‍ വിജയുടെ രാഷ്ട്രീയപ്രവേശനത്തിന്റെ പ്രഖ്യാപനം കൂടിയായാണ് എതിരാളികള്‍ കണക്കാക്കുന്നത്. ജനനായകന്‍ എന്ന പേരും സിനിമയിലെ പല ഡയലോഗുകളും രാഷ്ട്രീയമായി വെല്ലുവിളിക്കുന്നതാണ്. 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് വിജയ്യുടെ ജനപ്രീതി ഒന്നുകൂടി ഉറപ്പിക്കാന്‍ സിനിമ പ്രയോജനപ്പെടുമെന്ന് തീര്‍ച്ചയാണ്. ഈ സാഹചര്യത്തിലാണ് അവസാന നിമിഷം സെന്‍സര്‍ ബോര്‍ഡിലൂടെ ഈ നീക്കത്തിന് ചെക്ക് വെച്ചിരിക്കുന്നതെന്നാണ് ആരാധകരും കരുതുന്നത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :