യുദ്ധ തമാശകളും ട്രോളുകളുമുണ്ടാക്കി ചിരിക്കുന്നവര്‍,പ്രാണഭയം കൊണ്ട് ഉള്ളതെല്ലാം കെട്ടിപ്പെറുക്കി പലായനം ചെയ്യേണ്ടി വരുന്ന ഗതികേടറിയാത്തവരാണു നമ്മള്‍:വി. എ. ശ്രീകുമാര്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 2 മാര്‍ച്ച് 2022 (12:49 IST)

എന്തൊക്കെ കാരണങ്ങളും ന്യായീകരണങ്ങളും നിരത്തിയാലും യുദ്ധം മാനവികതയുടെ ശത്രുവാണെന്ന് സംവിധായകന്‍ വി. എ. ശ്രീകുമാര്‍ മേനോന്‍.യുദ്ധം നേരിട്ടു ബാധിച്ചിട്ടില്ലാത്ത, വിലക്കയറ്റം പോലുള്ള പരോക്ഷമായ കെടുതികള്‍ മാത്രമറിഞ്ഞിട്ടുള്ള മലയാളികളെപ്പോലെ ഒരു ജനതയ്ക്ക്. അതുകൊണ്ടാണ് യുദ്ധ തമാശകളും ട്രോളുകളുമുണ്ടാക്കി ചിരിക്കാന്‍ നമുക്കാകുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

വി എ ശ്രീകുമാറിന്റെ വാക്കുകള്‍

യുക്രൈനില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടിരിക്കുന്നു.

എന്തൊക്കെ കാരണങ്ങളും ന്യായീകരണങ്ങളും നിരത്തിയാലും യുദ്ധം മാനവികതയുടെ ശത്രുവാണ്. യുദ്ധമുണ്ടാക്കുന്ന കെടുതികള്‍ നമുക്ക് സങ്കല്പിക്കാന്‍ പോലും ആവാത്തതാണ്. പ്രത്യേകിച്ച് യുദ്ധം നേരിട്ടു ബാധിച്ചിട്ടില്ലാത്ത, വിലക്കയറ്റം പോലുള്ള പരോക്ഷമായ കെടുതികള്‍ മാത്രമറിഞ്ഞിട്ടുള്ള മലയാളികളെപ്പോലെ ഒരു ജനതയ്ക്ക്. അതുകൊണ്ടാണ് യുദ്ധ തമാശകളും ട്രോളുകളുമുണ്ടാക്കി ചിരിക്കാന്‍ നമുക്കാകുന്നത്.

സ്വന്തം വീടിനു മുന്നിലൂടെ മറ്റൊരു രാജ്യത്തിന്റെ ടാങ്കറും പട്ടാളക്കാരും കടന്നുപോകുന്നതിന്റെ ഭീതിയറിയാത്ത, ഏതു നിമിഷവും ഒരു ബോംബോ മിസൈലോ നമുക്കും നമ്മുടെ കുടുംബത്തിനും മുകളില്‍ വന്നു വീഴാമെന്ന ഭയത്തില്‍ ജീവിക്കേണ്ടിവരുന്ന അവസ്ഥയറിയാത്ത, കണ്മുന്നില്‍ കുടുംബവും കുഞ്ഞുങ്ങളും പൊട്ടിച്ചിതറി കിടക്കുന്നത് കാണേണ്ടിവരുന്ന ഭീകരത അനുഭവിക്കാത്ത, ജനിച്ചു ജീവിച്ചിടത്തു നിന്ന് പ്രാണഭയം കൊണ്ട് ഉള്ളതെല്ലാം കെട്ടിപ്പെറുക്കി രാത്രിക്കു രാത്രി പലായനം ചെയ്യേണ്ടി വരുന്ന ഗതികേടറിയാത്തവരാണു നമ്മള്‍.

നമ്മുടെ അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍ നിന്നുള്ള ചെറുപ്പക്കാരനാണ് ഇന്ന് കൊല്ലപ്പെട്ടത്. യുക്രൈനില്‍ പഠിക്കാനായി പോയ നവീന്‍ ശേഖരപ്പ എന്ന 21 വയസുകാരന്‍. ഖാര്‍കിവ് നഗരത്തിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ വീട്ടിലേയ്ക്കു വേണ്ട സാധനങ്ങള്‍ വാങ്ങാന്‍ ക്യൂ നില്‍ക്കുമ്പോഴാണ് റഷ്യന്‍ ഷെല്ലിംഗ് ഉണ്ടാവുന്നത്.

ലോകത്തെവിടെ യുദ്ധം നടന്നാലും മുറിവേല്‍ക്കുന്നത് മാനവികതയ്ക്കാണ്. ആധുനിക മനുഷ്യനെ നിലനിര്‍ത്തുന്ന മൂല്യങ്ങള്‍ക്കാണ്.
ആദരാഞ്ജലികള്‍ നവീന്‍ ശേഖരപ്പ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :