മാറ്റം വരേണ്ടത് വീടുകളിൽ നിന്നാണ്, നിയമം കൊണ്ട് മാത്രം ബലാത്സംഗക്കേസുകൾ കുറയില്ല : താപ്സി പന്നു

Tapsee Pannu
രേണുക വേണു| Last Modified തിങ്കള്‍, 16 ഫെബ്രുവരി 2026 (17:47 IST)
ഇന്ത്യയില്‍ ഓരോ ദിവസവും വര്‍ധിച്ചുവരുന്ന ബലാത്സംഗക്കേസുകളെ പറ്റി നടി താപ്‌സി പന്നു നടത്തിയ പരാമര്‍ശങ്ങള്‍ ചര്‍ച്ചയാകുന്നു. ഇന്ത്യയില്‍ ദിവസവും 80 ബലാത്സംഗക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുവെന്ന സ്ഥിതിവിവരണകണക്ക് പങ്കുവെച്ച് കൊണ്ടാണ് താപ്‌സി ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്.


സംവിധായകന്‍ അനുഭവ് സിന്‍ഹയുമായി മൂന്നാം തവണയും താരം ഒന്നിക്കുന്ന 'അസ്സി' എന്ന സിനിമയുടെ പശ്ചാത്തലത്തിലാണ് താപ്‌സി ഈ പ്രശ്‌നം സമൂഹത്തിന്റെ മുന്നില്‍ വെച്ചത്. സമൂഹത്തിലെ ഗൗരവകരമായ പല പ്രശ്‌നങ്ങളും നിയമം കൊണ്ട് മാത്രം മാറ്റം വരുത്താന്‍ കഴിയുന്നതല്ലെന്നും ഈ പ്രശ്‌നത്തിന്റെ വേരുകള്‍ വീടുകളിലാണുള്ളതെന്നും താപ്‌സി പറഞ്ഞു. സാഹിത്യ ആജ്തക് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു താരം.

പ്രായപൂര്‍ത്തിയാകാത്തവര്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുത്തുന്നത് തന്നെ വളരെയേറെ അസ്വസ്ഥയാക്കുന്നതായി താപ്‌സി പറഞ്ഞു. 10 വയസുകാരന്‍ 6 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവം ഉദാഹരണമായി പറഞ്ഞ താപ്‌സി ഇത്തരം കാര്യങ്ങള്‍ ഇത്ര ചെറുപ്രായത്തിലെ കുട്ടികള്‍ എങ്ങനെ അറിയുന്നു എന്നതില്‍ അത്ഭുതം പ്രകടിപ്പിച്ചു. നിയമപരിഷ്‌കാരങ്ങള്‍ക്കും കോടതിക്കും അപ്പുറമായി കുടുംബങ്ങള്‍ക്ക് പലതും ചെയ്യാനുണ്ടെന്നാണ് ഈ സംഭവങ്ങള്‍ തെളിയിക്കുന്നതെന്നും താപ്‌സി പറഞ്ഞു.

വികസ്വര രാജ്യമെന്ന നിലയില്‍ വിജയത്തിനും സമ്പാദ്യത്തിനും മാത്രം പ്രാധാന്യം നല്‍കുന്ന സമൂഹമാണ് നമുക്കുള്ളത്. സ്‌നേഹം, ബഹുമാനം, സഹാനുഭൂതി, മനുഷ്യത്വം എന്നിങ്ങനെയുള്ള അടിസ്ഥാന മൂല്യങ്ങള്‍ പലപ്പോഴും മറന്നുപോകുന്നു. യഥാര്‍ത്ഥ മനുഷ്യനാകുന്നതിന്റെ അടിസ്ഥാന കാര്യങ്ങള്‍ പഠിപ്പിക്കുന്നത് നാം അവഗണിച്ചു, ശരിയായ വിദ്യഭ്യാസവും പാരന്റിങ്ങും ഇത്തരം പ്രവണതകള്‍ തടയാന്‍ ആവശ്യമാണെന്നും താപ്സി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :