നിഹാരിക കെ.എസ്|
Last Modified ബുധന്‍, 17 സെപ്‌റ്റംബര്‍ 2025 (09:17 IST)
അടുത്ത ദളപതിയെന്ന വിശേഷണമുള്ള നടനാണ് ശിവകാർത്തികേയൻ. നടന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് മദ്രാസി. എ ആർ മുരുഗദോസ്സാണ് സംവിധാനം. മദ്രാസി റിലീസിന് ഇന്ത്യയിൽ 13.1 കോടി രൂപയാണ് നെറ്റ് കളക്ഷൻ നേടിയത്. ആഗോള ബോക്സ് ഓഫീസിൽ 91 കോടി രൂപയാണ് മദ്രാസി ഇതുവരെ നേടിയത്.
വെറും ഒമ്പത് കോടി കൂടിയുണ്ടെങ്കിൽ 100 കോടി ക്ലബ്ബെന്ന നാഴികക്കല്ല് മദ്രാസി മറികടക്കും. സമീപകാലത്ത് തകർപ്പൻ വിജയങ്ങൾ നേടിയ താരമാണ് ശിവകാർത്തികേയൻ. പ്രതീക്ഷയ്‍ക്കൊത്ത് കളക്ഷൻ ഉയർന്നില്ലെങ്കിലും മികച്ച പ്രതികരണമാണ് മദ്രാസിക്ക് ലഭിക്കുന്നത് എന്നാണ് തിയറ്റർ പ്രതികരണങ്ങൾ.
ശ്രീ ലക്ഷ്‍മി മൂവീസ് നിർമ്മിക്കുന്ന ചിത്രത്തിൽ ശിവകാർത്തികേയൻ, രുക്മിണി വസന്ത് , വിദ്യുത് ജമാൽ, ബിജു മേനോൻ, ഷബീർ കല്ലറക്കൽ, വിക്രാന്ത് എന്നിവരാണ് പ്രധാന റോളുകളിൽ എത്തുന്നത്. മലയാളത്തിന്റെ ബിജുമേനോനും കേന്ദ്ര കഥാപാത്രമാണ്. ബിജു മേനോന്റെ കരിയറിലെ ഒൻപതാമത്തെ തമിഴ് ചിത്രമാണിത്.
തമിഴകത്തിന്റെ ശിവകാർത്തികേയൻ നായകനായി ഇതിനുമുമ്പ് വന്നത് അമരനാണ്. അമരൻ 2024ൽ സർപ്രൈസ് ഹിറ്റ് ചിത്രമായി മാറിയിരുന്നു. ശിവകാർത്തികേയന്റെ അമരൻ ആഗോളതലത്തിൽ 334 കോടിയോളം നേടിയിരുന്നു.
ചിത്രത്തിൽ നായികയായത് സായ് പല്ലവിയും മറ്റ് കഥാപാത്രങ്ങളായി ഭുവൻ അറോറ, രാഹുൽ ബോസ്, ലല്ലു, ശ്രീകുമാർ, ശ്യാമപ്രസാദ്, ശ്യാം മോഹൻ, ഗീതു കൈലാസം, വികാസ് ബംഗർ, മിർ സൽമാൻ എന്നിവരുമുണ്ടായിരുന്നു.