വാത്സല്യത്തിലെ വില്ലന്‍ മമ്മൂട്ടി തന്നെ; ഒടുവില്‍ റിമയും ട്രോളി

രേണുക വേണു| Last Updated: ശനി, 10 ജൂലൈ 2021 (08:57 IST)

മമ്മൂട്ടിയെ നായകനാക്കി കൊച്ചിന്‍ ഹനീഫ സംവിധാനം ചെയ്ത സിനിമയാണ് വാത്സല്യം. 1993 ലാണ് സിനിമ തിയറ്ററുകളിലെത്തിയത്. കുടുംബപ്രേക്ഷകര്‍ വാത്സല്യത്തെ വലിയ രീതിയില്‍ ഏറ്റെടുത്തു. തിയറ്ററുകളില്‍ സിനിമ സൂപ്പര്‍ഹിറ്റായി. എന്നാല്‍, വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും വാത്സല്യം മലയാളികളുടെ ചര്‍ച്ചാവിഷയമാണ്. സിനിമയിലെ സ്ത്രീവിരുദ്ധതയ്‌ക്കെതിരെ നേരത്തെ വിമര്‍ശനങ്ങള്‍ ശക്തമായിരുന്നു. മമ്മൂട്ടിയുടെ മേലേടത്ത് രാഘവന്‍ നായര്‍ എന്ന കഥാപാത്രം തികഞ്ഞ സ്ത്രീവിരുദ്ധതയാണ് പ്രചരിപ്പിക്കുന്നതെന്നാണ് പൊതുവെ ഉയര്‍ന്ന വിമര്‍ശനം.

മേലേടത്ത് രാഘവന്‍ നായര്‍ എന്ന കഥാപാത്രത്തെ നായകനാക്കിയും രാഘവന്‍ നായരുടെ സഹോദരന്റെ ഭാര്യയെ വില്ലത്തി പരിവേഷത്തോടെയുമാണ് സിനിമ അവതരിപ്പിച്ചത്. എന്നാല്‍, ഈ സ്ത്രീകഥാപാത്രമല്ല മറിച്ച് മമ്മൂട്ടിയുടെ രാഘവന്‍ നായര്‍ എന്ന കഥാപാത്രമാണ് യഥാര്‍ഥത്തില്‍ വില്ലനെന്നാണ് ട്രോളന്‍മാര്‍ പറയുന്നത്. പെണ്ണ് ആണിന്റെ ചൊല്‍പ്പടിക്ക് നില്‍ക്കണമെന്ന സ്ത്രീവിരുദ്ധ മനോഭാവമാണ് സിനിമയില്‍ ഉടനീളം ഉള്ളതെന്ന് വിമര്‍ശകര്‍ പറയുന്നു.

വാത്സല്യം സിനിമയിലെ മമ്മൂട്ടി കഥാപാത്രത്തെ ട്രോളി പ്രമുഖ ട്രോള്‍ ഗ്രൂപ്പായ ഇന്റര്‍നാഷണല്‍ ചളു യൂണിയനില്‍ ഒരു ട്രോള്‍ വന്നിരുന്നു. ഇപ്പോള്‍ ഇതാ ഈ ട്രോള്‍ നടി റിമ കല്ലിങ്കല്‍ തന്നെ പങ്കുവച്ചിരിക്കുകയാണ്. 2021 ലേക്ക് എത്തുമ്പോള്‍ വാത്സല്യത്തില്‍ മമ്മൂട്ടിയുടെ മേലേടത്ത് രാഘവന്‍നായരാണ് വില്ലനെന്ന് റിമയും പറയുന്നു. ഇതാണ് ഇപ്പോഴത്തെ മാറ്റമെന്നും റിമ പറഞ്ഞിട്ടുണ്ട്.

റിമ കല്ലിങ്കല്‍ പങ്കുവച്ച ട്രോള്‍

നേരത്തെയും സിനിമകളിലെ സ്ത്രീവിരുദ്ധതയ്‌ക്കെതിരെ റിമ കല്ലിങ്കല്‍ രംഗത്തുവന്നിട്ടുണ്ട്. മമ്മൂട്ടി ചിത്രം കസബയിലെ സ്ത്രീവിരുദ്ധതയെ നടി പാര്‍വതിക്കൊപ്പം വിമര്‍ശിച്ചവരില്‍ റിമയും ഉണ്ടായിരുന്നു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :