ജഗതിയെ കാണാന്‍ മമ്മൂട്ടിയെത്തി, തടിച്ചുകൂടിയ ആളുകളെ ഓടിക്കാന്‍ പൊലീസ് കുരുമുളക് സ്‌പ്രേ ഉപയോഗിച്ചു; അന്ന് സംഭവിച്ചത്

രേണുക വേണു| Last Modified വെള്ളി, 9 ജൂലൈ 2021 (14:36 IST)

മമ്മൂട്ടിയും മോഹന്‍ലാലും മലയാള സിനിമയിലെ താരരാജാക്കന്‍മാരാണ്. ഏതെങ്കിലും പൊതുസ്ഥലത്ത് ഇവര്‍ എത്തിയാല്‍ പിന്നെ പൂരത്തിന്റെ ബഹളമാണ്. തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് അടക്കം ഏറെ ബുദ്ധിമുട്ടേണ്ടി വരാറുണ്ട്. മമ്മൂട്ടി കാരണം പൊലീസ് ഗതികെട്ട ഒരു സംഭവമുണ്ട്. അന്ന് തിരക്ക് നിയന്ത്രിക്കാന്‍ പൊലീസിന് കുരുമുളക് സ്‌പ്രേ പോലും ഉപയോഗിക്കേണ്ടിവന്നു.

ജഗതി അപകടം സംഭവിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സമയത്ത് മമ്മൂട്ടി കാണാനെത്തിയതാണ്. ഒടുക്കം ജനക്കൂട്ടം കാരണം മമ്മൂട്ടിക്ക് പുറത്തിറങ്ങാന്‍ പോലും സാധിക്കാതെയായി. ആശുപത്രിക്ക് ചുറ്റും ആളുകള്‍ കൂടി. അവസാനം തിക്കിനും തിരക്കിനും ഇടയില്‍ ഏറെ പാടുപെട്ടാണ് മമ്മൂട്ടി ആശുപത്രിയിലേക്ക് കയറിയത്. തിരിച്ചിറങ്ങുമ്പോഴേക്കും തിരക്ക് കൂടി. തിരക്ക് കാരണം മമ്മൂട്ടി ആശുപത്രിയുടെ മറ്റൊരു വാതിലിലൂടെയാണ് പുറത്തിറങ്ങുകയെന്ന് ആരോ പറഞ്ഞു. ജനം ചിതറിയോടി. ആശുപത്രിയുടെ പല വാതിലുകള്‍ക്ക് അരികില്‍ ആളുകള്‍ മമ്മൂട്ടിയെ കാത്തുനിന്നു. ഒടുക്കം പൊലീസ് വലയത്തില്‍ മമ്മൂട്ടി പുറത്തേക്ക് എത്തി. എന്നാല്‍, മമ്മൂട്ടിയുടെ വാഹനത്തിനു ചുറ്റും ആളുകള്‍ ആയിരുന്നു. താരത്തിന് വാഹനത്തിലേക്ക് കയറാന്‍ പറ്റാത്ത അവസ്ഥയായി. ഗത്യന്തരമില്ലാതെ പൊലീസ് ഉടനെ തന്നെ കുരുമുളക് സ്‌പ്രേ ഉപയോഗിച്ചു. കുരുമുളക് സ്‌പ്രേ ഉപയോഗിച്ചതോടെ പലരും ചുമച്ചുകൊണ്ട് ചിതറിയോടുകയായിരുന്നു. അങ്ങനെയാണ് അവസാനം മമ്മൂട്ടിക്ക് വാഹനത്തിലേക്ക് കയറാന്‍ സാധിച്ചത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :