'പുഷ്പ 2’ പ്രീ-റിലീസ് പരിപാടിയിലെ ആൾക്കൂട്ട ദുരന്തം, അല്ലു അർജുനെ പ്രതിചേർത്ത് കുറ്റപത്രം, സന്ധ്യ തിയേറ്റർ ഉടമ ഒന്നാം പ്രതി
ഹൈദരാബാദ്: പുഷ്പ 2: ദ റൂള്‍ എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് പരിപാടിക്കിടെ ഹൈദരാബാദിലെ സന്ധ്യ തിയറ്ററില്‍ ഉണ്ടായ തിക്കിലും തിരക്കിലും ഒരു സ്ത്രീ മരിക്കുകയും കുട്ടിക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുനെ പ്രതിയാക്കി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആകെ 23 പേരെയാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
2024 ഡിസംബര്‍ 4നാണ് ഹൈ-പ്രൊഫൈല്‍ പരിപാടിക്കിടെ ദുരന്തം സംഭവിച്ചത്. അല്ലു അര്‍ജുന്റെ സാന്നിധ്യം അറിഞ്ഞ് വന്‍ ജനക്കൂട്ടം തിയറ്ററിന് മുന്നില്‍ ഒത്തുകൂടിയതോടെയാണ് നിയന്ത്രണം വിട്ട അവസ്ഥ രൂപപ്പെട്ടത്. തിരക്കില്‍ പെട്ട ഒരു സ്ത്രീ മരിക്കുകയും അവരുടെ മകന് ഗുരുതര പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ അല്ലു അര്‍ജുനെ പ്രതി പട്ടികയില്‍ പതിനൊന്നാമനായാണ് ചേര്‍ത്തിട്ടുള്ളത്. അപകടം നടന്ന സന്ധ്യ തിയേറ്ററിന്റെ ഉടമയാണ് ഒന്നാം പ്രതി. അല്ലു അര്‍ജുന്റെ സുരക്ഷാ ഉദ്യോഗസ്ഥരും കേസില്‍ പ്രതികളാണ്. പരിപാടിക്കിടെ ജനക്കൂട്ട നിയന്ത്രണത്തിലും സുരക്ഷാ ക്രമീകരണങ്ങളിലും ഗുരുതര വീഴ്ച ഉണ്ടായതായതായി അന്വേഷണത്തില്‍ കണ്ടെത്തിയതായി കുറ്റപത്രത്തില്‍ പറയുന്നു.
പുഷ്പ ദി റൂള്‍ സിനിമയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട തിക്കിലും തിരക്കിലും ഹൈദരാബാദ് സ്വദേശിനി രേവതി(39) ആണ് മരണപ്പെട്ടത്. ഇവരുടെ മകന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഡിസംബര്‍ 13ന് താരത്തെ തെലങ്കാന പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിറ്റേന്ന് രാവിലെ തന്നെ തെലങ്കാന ഹൈക്കോടതിയില്‍ നിന്നും ലഭിച്ച ഇടക്കാലജാമ്യത്തില്‍ താരം പുറത്തിറങ്ങിയിരുന്നു.
