ഞാനും ഇച്ചാക്കയും ഇങ്ങനെയാണ്, കെട്ടിപ്പിടിയ്ക്കും ഉമ്മ വയ്ക്കും, അമിതാഭ് ബച്ചനൊപ്പം അഭിനയിക്കുമ്പോള്‍ പോലും അങ്ങനെയൊരു കംഫര്‍ട്ട് സോണ്‍ ഇല്ല: മോഹന്‍ലാല്‍

രേണുക വേണു| Last Modified ചൊവ്വ, 7 സെപ്‌റ്റംബര്‍ 2021 (08:24 IST)

മമ്മൂട്ടി മമ്മൂട്ടിയായി തന്നെ എത്തിയ സിനിമയാണ് നമ്പര്‍ 20 മദ്രാസ് മെയില്‍. മോഹന്‍ലാല്‍ ആണ് സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. നമ്പര്‍ 20 മദ്രാസ് മെയിലില്‍ മമ്മൂട്ടിയും മോഹന്‍ലാലും തമ്മിലുള്ള കോംബിനേഷന്‍ സീനുകളെല്ലാം ഇന്നും ശ്രദ്ധേയമാണ്. ട്രെയിന്‍ യാത്രയ്ക്കിടെ ടോണി കുരിശിങ്കലും (മോഹന്‍ലാലിന്റെ കഥാപാത്രം) മമ്മൂട്ടിയും ഒന്നിച്ചുള്ള സീനുകള്‍ ഒരേസമയം ചിരിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്തു. മോഹന്‍ലാല്‍ ട്രെയിനില്‍ വച്ച് മമ്മൂട്ടിയെ കെട്ടിപ്പിടിക്കുകയും ഉമ്മ വയ്ക്കുകയും ചെയ്യുന്ന സീനുകള്‍ നമ്പര്‍ 20 മദ്രാസ് മെയിലില്‍ ഉണ്ട്. ഈ സീനുകള്‍ ഇത്ര അനായാസമായി എങ്ങനെ ചെയ്യാന്‍ സാധിച്ചെന്ന് ചോദിച്ചാല്‍ മോഹന്‍ലാല്‍ നല്‍കുന്ന ഉത്തരം ഏറെ രസകരമാണ്.

'ഞാനും ഇച്ചാക്കയും ഇങ്ങനെയാണ്. കാണുമ്പോള്‍ ഞാന്‍ ഇച്ചാക്കയെ കെട്ടിപ്പിടിയ്ക്കും, ഉമ്മ വയ്ക്കും. ഇതൊക്കെ ഞങ്ങള്‍ സാധാരണ ചെയ്യുന്ന കാര്യങ്ങളാണ്. അമിതാഭ് ബച്ചനൊപ്പവും ശിവാജി ഗണേഷനൊപ്പവും ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അവര്‍ക്കൊപ്പമൊന്നും ഇല്ലാത്ത കംഫര്‍ട്ട് സോണ്‍ എനിക്ക് ഇച്ചാക്കയുമായി ഉണ്ട്. എനിക്ക് ഇല്ലാത്ത എല്ലാം അദ്ദേഹത്തിനുണ്ട്. എല്ലാറ്റിനും തന്റേതായ സ്റ്റൈല്‍ ഉള്ള ആളാണ് മമ്മൂക്ക. അതെല്ലാം അദ്ദേഹത്തിനു ഇണങ്ങുകയും ചെയ്യുന്നു,' മോഹന്‍ലാല്‍ പറഞ്ഞു. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടിയെ കുറിച്ച് മോഹന്‍ലാല്‍ മനസ് തുറന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :