മലയാളി ആഘോഷിക്കാന്‍ മറക്കുന്ന മമ്മൂട്ടിയുടെ അഞ്ച് മാസ് കഥാപാത്രങ്ങള്‍

രേണുക വേണു| Last Modified തിങ്കള്‍, 6 സെപ്‌റ്റംബര്‍ 2021 (21:37 IST)

കഴിഞ്ഞ അരനൂറ്റാണ്ടായി മലയാള സിനിമയുടെ സ്പന്ദനങ്ങള്‍ മമ്മൂട്ടിയിലൂടെയാണ് മലയാളി അറിയുന്നത്. കാലത്തിനൊപ്പം സ്വയം അപ്‌ഡേറ്റ് ചെയ്ത് ഈ എഴുപതാം വയസ്സിലും അയാള്‍ മുപ്പതുകാരനൊപ്പം മത്സരിക്കുകയാണ്. അഭിനയത്തോടു അടങ്ങാത്ത അഭിനിവേശമായിരുന്നു അന്നും ഇന്നും മമ്മൂട്ടിക്ക്.

മലയാള സിനിമ കേരളമെന്ന ഇട്ടാവട്ടത്തിനു അപ്പുറം ചര്‍ച്ചയാകുന്നത് മമ്മൂട്ടി ചിത്രങ്ങളിലൂടെയാണ്. നിറക്കൂട്ടും ന്യൂഡല്‍ഹിയും മലയാള സിനിമയുടെ യശസ് ഉയര്‍ത്തുന്നവയായിരുന്നു. മമ്മൂട്ടിയുടെ താരമൂല്യം തന്നെയാണ് കേരളത്തിനു പുറത്തും വിറ്റഴിക്കപ്പെട്ടത്. മമ്മൂട്ടിയെന്നാല്‍ മലയാളിക്ക് 'മാസ്' ഹീറോയായി. പിന്നീടങ്ങോട്ട് ആ പൗരുഷം ആഘോഷിക്കപ്പെട്ട എത്രയെത്ര സിനിമകള്‍. മമ്മൂട്ടിയുടെ മാസ് കഥാപാത്രങ്ങളില്‍ മലയാളി ആഘോഷിക്കാന്‍ മറന്നുപോകുന്ന ചില കഥാപാത്രങ്ങളുണ്ട്. അങ്ങനെയുള്ള അഞ്ച് കഥാപാത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ദേവരാജ് (ദേവ) - ദളപതി

സൗത്ത് ഇന്ത്യയില്‍ വലിയ ഓളം തീര്‍ത്ത തമിഴ് സിനിമയാണ് ദളപതി. രജനികാന്തിനൊപ്പം ശക്തമായ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ദേവ എന്ന് വിളിക്കപ്പെടുന്ന ദേവരാജ് എന്ന കഥാപാത്രത്തെ മമ്മൂട്ടി അവിസ്മരണീയമാക്കി. മണിരത്‌നത്തിന്റെ സംവിധാനത്തില്‍ 1991 ലാണ് ദളപതി പുറത്തിറങ്ങിയത്. മമ്മൂട്ടിയുടെ എക്കാലത്തെയും മാസ് കഥാപാത്രങ്ങളില്‍ ആദ്യ നിരയില്‍ തന്നെ ദേവരാജ് ഉണ്ടാകും. സ്‌ക്രീന്‍പ്രസന്‍സ് കൊണ്ടും മാസ് ലുക്കുകൊണ്ടും പല സീനുകളിലും രജനികാന്തിനെ പോലും മമ്മൂട്ടി പിന്നിലാക്കി. പല സീനുകളും ഷൂട്ട് ചെയ്ത ശേഷം കണ്ടുനോക്കുമ്പോള്‍ സ്‌ക്രീനില്‍ കൂടുതല്‍ ഡോമിനേറ്റ് ചെയ്തിരുന്നത് മമ്മൂട്ടിയായിരുന്നു എന്ന് ദളപതിയുടെ ക്യാമറമാന്‍ സന്തോഷ് ശിവന്‍ പില്‍ക്കാലത്ത് ചില അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്.

കുട്ടപ്പായി - സംഘം

മുടിയെല്ലാം പറ്റെവെട്ടി മീശ അല്‍പ്പം പിരിച്ച് സ്റ്റൈലായി സിഗരറ്റ് വലിച്ചിരിക്കുന്ന കുട്ടപ്പായിയെ ഓര്‍മയില്ലേ? ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത സംഘത്തിലെ മമ്മൂട്ടിയുടെ കുട്ടപ്പായി എന്ന കഥാപാത്രം എന്തിനും പോന്നൊരു തെമ്മാടിയായിരുന്നു. എതിരാളികളെ ഡയലോഗുകൊണ്ടും നോട്ടം കൊണ്ടും ഛിന്നഭിന്നമാക്കാന്‍ കെല്‍പ്പുള്ള ഉശിരന്‍ കഥാപാത്രം.

ആന്റണി - കൗരവര്‍

ലോഹിതദാസിന്റെ രചനയില്‍ ജോഷി സംവിധാനം ചെയ്ത സിനിമയാണ് കൗരവര്‍. തിലകനും മമ്മൂട്ടിയും മത്സരിച്ചഭിനയിച്ച സിനിമ. പകയുടെ നെരിപ്പോടുമായി നടക്കുന്ന ആന്റണി എന്ന കഥാപാത്രത്തെ മമ്മൂട്ടി അതിഗംഭീരമായി പകര്‍ന്നാടി. സിനിമ ഇമോഷണല്‍ ഡ്രാമയുടെ സ്വഭാവത്തിലേക്ക് ട്രാക്ക് മാറും മുന്‍പുള്ള സീനുകളിലെല്ലാം മമ്മൂട്ടിയുടെ ആന്റണി എന്ന കഥാപാത്രം ആരാധകരെ ആവേശംകൊള്ളിക്കുന്നതാണ്.

ചന്ദ്രന്‍ (ചന്ദ്രു) - മഹായാനം

മമ്മൂട്ടിയുടെ പൗരുഷത്തെ അതിന്റെ പൂര്‍ണതയില്‍ അടയാളപ്പെടുത്തിയ ലോഹിതദാസിന്റെ തിരക്കഥ, സംവിധാനം ജോഷി. മഹായാനത്തിലെ ചന്ദ്രു മമ്മൂട്ടിയുടെ തുടക്കകാലത്തെ ഏറ്റവും കരുത്തുറ്റ മാസ് കഥാപാത്രങ്ങളില്‍ ഒന്നാണ്. മഹായാനത്തിലെ അഭിനയത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചു.

കാരിക്കാമുറി ഷണ്‍മുഖന്‍ - ബ്ലാക്ക്

രണ്ടായിരത്തിനു ശേഷം പുറത്തുവന്ന കരുത്തുറ്റ മമ്മൂട്ടി കഥാപാത്രങ്ങളില്‍ ഒന്നാണ് കാരിക്കാമുറി ഷണ്‍മുഖന്‍. കഥയും സംവിധാനവും രഞ്ജിത്തിന്റേതായിരുന്നു. കൊച്ചിയിലെ അധോലോകമാണ് സിനിമയുടെ പ്രമേയം. ഹെഡ് കോണ്‍സ്റ്റബിള്‍ ആണെങ്കിലും ഷണ്‍മുഖന്‍ കൊച്ചി അധോലോകത്തിന്റെ തലവന്‍ കാരിക്കാമുറി ഷണ്‍മുഖനാണ്. ഡയലോഗ് ഡെലിവറി കൊണ്ട് മമ്മൂട്ടിയിലെ മാസ് പരിവേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. മമ്മൂട്ടിയുടെ ഷണ്‍മുഖന്‍ എന്ന കഥാപാത്രവും ലാലിന്റെ ഡേവിന്‍ കാര്‍ലോസ് പടവീടനും തമ്മിലുള്ള കോംബിനേഷന്‍ സീനുകളാണ് സിനിമയുടെ ഹൈലൈറ്റ്.





അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :