'നിങ്ങള്‍ക്ക് തരാന്‍ എന്റെ കൈയില്‍ പണമില്ല'; 'പണമല്ലല്ലോ ഡേറ്റ് എത്ര വേണമെന്നല്ലേ ഞാന്‍ ചോദിച്ചത്'; അങ്ങനെ വഴിച്ചെലവിനുള്ള കാശ് പോലും വാങ്ങാതെ മമ്മൂട്ടി ആ സിനിമയില്‍ അഭിനയിച്ചു

രേണുക വേണു| Last Modified തിങ്കള്‍, 6 സെപ്‌റ്റംബര്‍ 2021 (16:06 IST)

മലയാളികളുടെ മഹാനടന്‍ മമ്മൂട്ടി തന്‍രെ 70-ാം ജന്മദിനം ആഘോഷിക്കുകയാണ്. 1951 സെപ്റ്റംബര്‍ ഏഴിന് ജനിച്ച മുഹമ്മദ് കുട്ടി പിന്നീട് മലയാള സിനിമയുടെ മമ്മൂക്കയായത് കഠിന പ്രയത്‌നത്തിലൂടെയാണ്. സിനിമയ്ക്ക് വേണ്ടി അലഞ്ഞുതിരിഞ്ഞു നടന്ന യുവാവ് പിന്നീട് മലയാള സിനിമയുടെ വല്ല്യേട്ടന്‍ ആയി. മമ്മൂട്ടിയുടെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നൂറുകണക്കിനു കഥാപാത്രങ്ങള്‍ ഉണ്ട്. മമ്മൂട്ടിക്ക് മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച സംവിധായകനാണ് രഞ്ജിത്ത്. മോഹന്‍ലാലിനെ നായകനാക്കി രാവണപ്രഭു ചെയ്തുകൊണ്ട് രഞ്ജിത്ത് സംവിധായക രംഗത്തേക്ക് എത്തുന്നത്. പില്‍ക്കാലത്ത് രഞ്ജിത്ത് സംവിധാനം ചെയ്ത ഏറ്റവും മികച്ച സിനിമകളില്‍ അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ചത് മമ്മൂട്ടിക്കും. അങ്ങനെയൊരു സിനിമയാണ് കയ്യൊപ്പ്.

മമ്മൂട്ടിയുമായി സംസാരിക്കുമ്പോഴാണ് രഞ്ജിത്ത് ഒരു കഥ പറയാന്‍ തുടങ്ങിയത്. കയ്യൊപ്പ് സിനിമയുടെ പൂര്‍ണരൂപമായിരുന്നു അത്. ആരെ നായകനാക്കണമെന്ന് അന്ന് രഞ്ജിത്ത് തീരുമാനിച്ചിട്ടില്ല. കയ്യൊപ്പ് സിനിമയുടെ കഥ പറഞ്ഞു തീര്‍ന്നപ്പോള്‍ ഏറ്റവും ചുരുങ്ങിയ ചെലവില്‍ താന്‍ തന്നെയാണ് സിനിമ നിര്‍മിക്കാന്‍ പോകുന്നതെന്നും രഞ്ജിത്ത് മമ്മൂട്ടിയോട് പറഞ്ഞു. ഉടന്‍ തൊട്ടടുത്ത് നിന്ന് ഒരു ചോദ്യം, 'ഈ ബാലചന്ദ്രന്‍ എന്ന കഥാപാത്രത്തിന് എത്രനാള്‍ ഷൂട്ട് വേണ്ടിവരും' കയ്യൊപ്പിലെ നായക കഥാപാത്രത്തിന്റെ പേര് ബാലചന്ദ്രന്‍ എന്നാണ്.

മമ്മൂട്ടിയുടെ ചോദ്യം കേട്ട രഞ്ജിത്ത് ചിരിച്ചു. 'നിങ്ങള്‍ക്ക് റെമ്യൂണറേഷന്‍ തരാനുള്ള വക എനിക്കില്ല' എന്ന് രഞ്ജിത്ത് മമ്മൂട്ടിയുടെ മുഖത്ത് നോക്കി പറഞ്ഞു. 'ചോദിച്ചത് പ്രതിഫലം അല്ല, എന്റെ എത്രനാള്‍ വേണമെന്നാണ്,' എന്നായി മമ്മൂട്ടി. ബാലചന്ദ്രന്‍ എന്ന കഥാപാത്രത്തിനു വേണ്ടി തനിക്ക് നയാപൈസ വേണ്ടെന്ന് മമ്മൂട്ടി രഞ്ജിത്തിനോട് പറഞ്ഞു. വഴിച്ചെലവിന്റെ കാശുപോലും തനിക്ക് ചെലവായില്ലെന്നും പതിനാലുനാള്‍കൊണ്ട് സിനിമപൂര്‍ത്തിയാക്കാന്‍ കഴിഞ്ഞെന്നും രഞ്ജിത്ത് തുറന്നുപറഞ്ഞിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :