രേണുക വേണു|
Last Updated:
ചൊവ്വ, 7 സെപ്‌റ്റംബര്‍ 2021 (08:10 IST)
മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി സപ്തതി നിറവില്‍. തങ്ങളുടെ പ്രിയതാരത്തിന്റെ ജന്മദിനം ആര്‍ഭാടപൂര്‍വ്വം ആഘോഷിക്കുകയാണ് മലയാളികള്‍. പ്രായം 70 ആകുമ്പോഴും സിനിമയില്‍ സ്വയം അപ്‌ഡേറ്റ് ചെയ്തു മുന്നേറുന്ന അപൂര്‍വ്വം നടന്‍മാരില്‍ ഒരാളാകുകയാണ് മലയാളികളുടെ സ്വന്തം മമ്മൂക്ക.
കഴിഞ്ഞ അരനൂറ്റാണ്ടായി മലയാള സിനിമയുടെ സ്പന്ദനങ്ങള്‍ മമ്മൂട്ടിയിലൂടെയാണ് മലയാളി അറിയുന്നത്. കാലത്തിനൊപ്പം സ്വയം അപ്ഡേറ്റ് ചെയ്ത് ഈ എഴുപതാം വയസ്സിലും അയാള്‍ മുപ്പതുകാരനൊപ്പം മത്സരിക്കുകയാണ്. അഭിനയത്തോടു അടങ്ങാത്ത അഭിനിവേശമായിരുന്നു അന്നും ഇന്നും മമ്മൂട്ടിക്ക്.
മലയാള സിനിമ കേരളമെന്ന ഇട്ടാവട്ടത്തിനു അപ്പുറം ചര്‍ച്ചയാകുന്നത് മമ്മൂട്ടി ചിത്രങ്ങളിലൂടെയാണ്. നിറക്കൂട്ടും ന്യൂഡല്‍ഹിയും മലയാള സിനിമയുടെ യശസ് ഉയര്‍ത്തുന്നവയായിരുന്നു. മമ്മൂട്ടിയുടെ താരമൂല്യം തന്നെയാണ് കേരളത്തിനു പുറത്തും വിറ്റഴിക്കപ്പെട്ടത്. മമ്മൂട്ടിയെന്നാല്‍ മലയാളിക്ക് 'മാസ്' ഹീറോയായി. പിന്നീടങ്ങോട്ട് ആ പൗരുഷം ആഘോഷിക്കപ്പെട്ട എത്രയെത്ര സിനിമകള്‍.
1951 സെപ്റ്റംബര്‍ ഏഴിനാണ് മമ്മൂട്ടിയുടെ ജനനം. പി.ഐ.മുഹമ്മദ് കുട്ടിയെന്നാണ് മമ്മൂട്ടിയുടെ യഥാര്‍ഥ പേര്. മലയാള സിനിമയില്‍ എത്തിയിട്ട് അരനൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന വേളയില്‍ തന്നെയാണ് മമ്മൂട്ടി തന്റെ സപ്തതി ആഘോഷിക്കുന്നത്.
പി.ഐ.മുഹമ്മദ് കുട്ടിയെന്ന പൊടിമീശക്കാരന്‍ 1971 ഓഗസ്റ്റ് ആറിന് റിലീസ് ചെയ്ത 'അനുഭവങ്ങള്‍ പാളിച്ചകള്‍' എന്ന സിനിമയില്‍ മുഖം കാണിച്ചു. മഹാരാജാസ് കോളേജിലെ വിദ്യാര്‍ഥിയായിരുന്നു അന്ന് മുഹമ്മദ് കുട്ടി. അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തില്‍ ചെറിയൊരു വേഷമാണ് മമ്മൂട്ടിക്ക് ലഭിച്ചത്. രണ്ട് ചെറിയ ഷോട്ടുകളില്‍ മാത്രമാണ് മമ്മൂട്ടി അഭിനയിച്ചത്. അന്നത്തെ സൂപ്പര്‍താരം സത്യന്‍ ആയിരുന്നു അനുഭവങ്ങള്‍ പാളിച്ചകളിലെ നടന്‍. സത്യന്റെ അവസാന സിനിമ കൂടിയായിരുന്നു അത്. സത്യന്റെ അവസാന ചിത്രം മമ്മൂട്ടിയുടെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റമായത് കാലത്തിന്റെ കാവ്യനീതി.
കെ.എസ്.സേതുമാധവനാണ് അനുഭവങ്ങള്‍ പാളിച്ചകള്‍ സംവിധാനം ചെയ്തത്. ഷീലയായിരുന്നു സത്യന്റെ നടി. സിനിമയില്‍ ആള്‍ക്കൂട്ടത്തില്‍ ഒരാളായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍, ഈ സിനിമയ്ക്ക് ശേഷം പിന്നെയും ഒന്‍പത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് മമ്മൂട്ടി മലയാളത്തില്‍ നടനായി അരങ്ങേറുന്നത്. കൃത്യമായി പറഞ്ഞതാല്‍ 1980 ല്‍ റിലീസ് ചെയ്ത 'വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍' എന്ന സിനിമയിലൂടെ. തന്റെ ആത്മകഥയായ 'ചമയങ്ങളില്ലാതെ' എന്ന പുസ്തകത്തില്‍ അനുഭവങ്ങള്‍ പാളിച്ചകളാണ് തന്റെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം സാധ്യമാക്കിയതെന്ന് മമ്മൂട്ടി കുറിച്ചിട്ടുണ്ട്.