രേണുക വേണു|
Last Modified വ്യാഴം, 12 ഫെബ്രുവരി 2026 (14:04 IST)
തന്റെ കാന്‍സര്‍
കാലഘട്ടത്തെ ചികിത്സയില്‍ ഉണ്ടായ വീഴ്ചയെ കുറിച്ച് തുറന്നു പറഞ്ഞ് നടി
മംമ്ത മോഹന്‍ദാസ്. ചികിത്സയുടെ ഭാഗമായി നടത്തിയ ട്രാൻസ്പ്ലാന്റ് നടപടികള്‍ക്ക് മുന്നെ തന്റെ അണ്ഡം ശീതീകരിച്ചു വയ്ക്കുന്നതിനെ കുറിച്ച് ഡോക്ടര്‍മാര്‍ ആരും തന്നോട് സംസാരിച്ചില്ലെന്ന് മംമ്ത പറയുന്നു. ലോക കാന്‍സര്‍ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നടി.
"എന്റെ 24-ാമത്തെ വയസിലാണ് കാന്‍സര്‍ കണ്ടുപിടിക്കുന്നത്. 28-ാമത്തെ വയസിലാണ് ട്രാന്‍പ്ലാന്റ് ചെയ്യുന്നത്. അതിനു മുന്‍പ് അണ്ഡം ശീതീകരിച്ചു വെക്കണമെന്ന് എന്നോട് ആരും പറഞ്ഞില്ല. ഡോക്ടര്‍മാര്‍ക്ക് ഇതേ കുറിച്ച് അറിയാമായിരുന്നു. പക്ഷെ ട്രാന്‍സ്പ്ലാന്റ് കഴിഞ്ഞിട്ടാണ് ഞാന്‍ അവരോട് ഇതേ കുറിച്ച് ചോദിക്കുന്നത്.
ചോദിച്ചപ്പോള്‍ ഞാന്‍ മുന്‍പ് അതിനെ കുറിച്ച് ചോദിച്ചില്ല എന്ന മുടന്തന്‍ ന്യായമാണ് അവര്‍ക്ക് പറയാന്‍ ഉണ്ടായത്. ഈ ഡോക്ടര്‍മാർ അമേരിക്കയില്‍ ഒക്കെ പോയി പഠിച്ചവര്‍ അല്ലേ, അവര്‍ക്ക് അറിയാം... നമുക്ക് ഇതിനെ കുറിച്ചൊക്കെ എങ്ങനെ അറിയാനാണ്. അന്നൊന്നും ഇത്തരം കാര്യങ്ങളെ കുറിച്ച് ഒരറിവും ഉണ്ടായിരുന്നില്ല,
നമ്മുടെ വൈദ്യശാസ്ത്ര മേഖല കൃത്യമായൊരു ഘടനയില്ലാതെയാണ് മുന്നോട്ട് പോകുന്നത്"- മംമ്ത പറഞ്ഞു.
2009ലാണ് മംമ്തക്ക് ഹോഡ്ജ്കിന്‍സ് ലിംഫോമ ബാധിക്കുന്നത്. ഏറെ നാളെത്തെ ചികിത്സക്ക ശേഷം രോഗമുക്തി നേടിയെങ്കിലും 2013ല്‍ രോഗം തിരിച്ചെത്തുകയും താരം തളരാതെ പോരാടുകയുമായിരുന്നു.