നിഹാരിക കെ.എസ്|
Last Modified വെള്ളി, 22 ഓഗസ്റ്റ് 2025 (15:20 IST)
മലയാളികളുടെ പ്രിയപ്പെട്ട താരജോഡിയാണ് ജയറാമും പാർവ്വതിയും. ഒരുമിച്ചഭിനയിക്കുന്നതിനിടെയാണ് ഇരുവരും പ്രണയത്തിലായത്. പ്രണയം വിവാഹത്തിലേക്കെത്തി. വിവാഹത്തോടെ പാർവ്വതി സിനിമയിൽ നിന്നും പിന്മാറിയെങ്കിലും അവരോടുള്ള മലയാളികളുടെ സ്‌നേഹത്തിന് കുറവൊന്നും വന്നിട്ടില്ല.
ഇന്നും താൻ എവിടെപ്പോയാലും ആരാധകർ പാർവ്വതിയെക്കുറിച്ചാണ് ചോദിക്കുന്നതെന്ന് ജയറാം പറഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയയിലും പാർവ്വതി സജീവമാണ്. രസകരവും നാടകീയവുമായ രംഗങ്ങൾ നിറഞ്ഞൊരു പ്രണയകഥയായിരുന്നു ഇവരുടേത്. വീട്ടുകാരുടെ കണ്ണ് വെട്ടിച്ച് പാർവ്വതിയെ കാണാൻ താൻ കാണിച്ച വേലത്തരങ്ങളെക്കുറിച്ചൊക്കെ പലപ്പോഴും ജയറാം തുറന്ന് സംസാരിച്ചിട്ടുണ്ട്. തങ്ങളുടെ പ്രണയം പരസ്യമാകാൻ കാരണമായൊരു സംഭവത്തെക്കുറിച്ചും മുമ്പൊരിക്കൽ ജയറാം സംസാരിച്ചിട്ടുണ്ട്.
ജയറാമിനെ തേടി പാർവ്വതിയുടെ ഒരു കത്ത് വന്നതോടെയാണ് ആ പ്രണയകഥ സെറ്റിൽ പാട്ടാകുന്നത്. അന്ന് തനിക്ക് വന്ന കത്ത് മമ്മൂട്ടി എല്ലാവരുടേയും മുന്നിൽ നിർത്തി വായിപ്പിച്ചെന്നും ജയറാം പറയുന്നുണ്ട്. രസകരമായ ആ കഥ പങ്കുവെക്കുന്ന ജയറാമിന്റെ പഴയൊരു വിഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാവുകയാണിപ്പോൾ.
''തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ ഷൂട്ടിങ് നടന്നു കൊണ്ടിരിക്കുകയാണ്. ഞാനും മമ്മൂക്കയുമുണ്ട്. ജയറാമും പാർവ്വതിയും തമ്മിൽ എന്തോ അടുപ്പമുണ്ടെന്നൊരു സംശയം അന്ന് എല്ലാവർക്കുമുണ്ട്. ആ സമയം ഒരു ചെറുക്കൻ വന്ന് ജയലിന്റെ മുന്നിൽ കറങ്ങിത്തിരിഞ്ഞ് നടക്കുന്നു. പൊലീസുകാർ വിളിച്ച് എന്താ കാര്യം എന്ന് ചോദിച്ചു. ജയറാമിനെ കാണാൻ വന്നതാണ്, പാർവ്വതി ഒരു കത്ത് തന്ന് വിട്ടിട്ടുണ്ടെന്നും പയ്യൻ മറുപടി നൽകി. ആ ബുദ്ധികെട്ടവൻ അത് അവിടെ പറഞ്ഞു.
അവിടെ മൊത്തം പൊലീസല്ലേ. അവർ വയർലെസിലൂടെ പാർവ്വതി ഒരു കത്ത് കൊടുത്ത് വിട്ടിട്ടുണ്ടേ, ജയറാമിനുള്ളതാണേ എന്ന് വിളിച്ച് പറഞ്ഞു. ഒരു സെക്കന്റുകൊണ്ട് സെൻട്രൽ ജയിൽ മുഴുവൻ അറിഞ്ഞു. ഞാൻ അവനോട് എവിടുന്നാ മോനേ എന്ന് ചോദിച്ചു. പാർവ്വതിയുടെ വീട്ടിൽ ജോലി അന്വേഷിച്ച് പോയതാണ്. ആദ്യം ഈ കത്ത് ജയിലിൽ കൊണ്ടു കൊടുക്ക്, എന്നിട്ട് ജോലി ശരിയാക്കാം എന്ന് പറഞ്ഞുവത്രേ.
ആ കത്ത് തുറന്നു. എല്ലാവരും കേൾക്കട്ടെ വായിക്ക് എന്ന് മമ്മൂക്ക പറഞ്ഞു. അങ്ങനെ പൊലീസുകാരും ക്രൂവും മറ്റുള്ളവരുമെല്ലാം അത് കേട്ടു. ഞാൻ തലയ്ക്ക് കയ്യും കൊടുത്ത് ഒരു മൂലയ്ക്ക് ഇരിക്കുകയായിരുന്നു'' എന്നും ജയറാം പറയുന്നുണ്ട്.