ചെന്നൈ: തമിഴ് സിനിമാതാരം വിജയുടെ അവസാന ചിത്രമായ 'ജനനായകന്‍' റിലീസിന് കൂടുതല്‍ കാലതാമസം നേരിടേണ്ടി വരുമെന്ന് ഉറപ്പായി. മദ്രാസ് ഹൈക്കോടതി കേസില്‍ ഈ ആഴ്ച വിധി പ്രസ്താവിക്കില്ലെന്നാണ് വിവരം. തിങ്കളാഴ്ച റിപ്പബ്ലിക് ദിന അവധി കൂടി വന്നതോടെ ചിത്രത്തിന്റെ റിലീസ് ഇനിയും നീണ്ടുപോകുമെന്നാണ് സൂചന. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി താരം അഭിനയിക്കുന്ന അവസാന സിനിമയെന്ന ലേബലിലാണ് ജനനായകന്‍ പ്രഖ്യാപിച്ചത്.എന്നാല്‍, റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ചിത്രത്തിലെ പല രംഗങ്ങളും കാണിച്ച് സിനിമയ്ക്ക് അനുമതി നിഷേധിക്കുകയായിരുന്നു. 500 കോടിയോളം മുതല്‍മുടക്കിലൊരുക്കിയ സിനിമയുടെ റിലീസ് വൈകുന്നത് നിര്‍മാതാക്കാള്‍ക്ക് വലിയ സാമ്പത്തിക നഷ്ടം വരുത്തുമെന്നതടക്കം ജനനായകന്‍ സിനിമയുടെ നിര്‍മാതാക്കള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നുണ്ട്.
സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരമാണ് കേസ് മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിലവില്‍ പരിഗണിക്കുന്നത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന സിനിമയില്‍ വിജയ്ക്ക് പുറമെ ബോബി ഡിയോള്‍, പൂജാ ഹെഗ്‌ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ ബൈജു എന്നിവരും മറ്റ് പ്രധാനവേഷങ്ങളിലെത്തുന്നു. കെ.വി.എന്‍. പ്രൊഡക്ഷന്റെ ബാനറില്‍ വെങ്കട്ട് കെ. നാരായണ ആണ് നിര്‍മാതാവ്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍.കെയും സഹനിര്‍മാണം നിര്‍വഹിക്കുന്നു.
സത്യന്‍ സൂര്യന്‍ ഛായാഗ്രഹണവും, അനല്‍ അരശ് ആക്ഷന്‍ സീക്വന്‍സുകളും, വി. സെല്‍വകുമാര്‍ ആര്‍ട്ട് ഡയറക്ഷനും, പ്രദീപ് ഇ. രാഘവ് എഡിറ്റിംഗും ചെയ്തിട്ടുണ്ട്. ശേഖര്‍, സുധന്‍ എന്നിവര്‍ കൊറിയോഗ്രാഫി നിര്‍വഹിച്ചിരിക്കുന്നു.