അനുബന്ധ വാര്‍ത്തകള്‍
- Maundy Thursday: ഇന്ന് പെസഹ വ്യാഴം, അറിയാം ചരിത്രം
- August 15, Our Lady of Assumption: ഓഗസ്റ്റ് 15, മാതാവിന്റെ സ്വര്‍ഗാരോപണ തിരുന്നാള്‍
- St. Alphonsa Feast: ഇന്ന് വിശുദ്ധ അല്‍ഫോണ്‍സമ്മയുടെ തിരുന്നാള്‍
- St.Alphonsa Feast: വിശുദ്ധ അല്‍ഫോണ്‍സമ്മയുടെ തിരുന്നാള്‍
- St.Thomas Day: ഇന്ന് ജൂലൈ 3, ദുക്‌റാന തിരുന്നാള്‍
Dukrana Feast History: തോരാത്ത മഴയുടെ 'തോറാന'; പെരുവെള്ളപ്പാച്ചിലിൽ ആനയും പുലിയും ഒഴുകിവരുമെന്ന ഐതിഹ്യം
St Thomas Day History: ഇന്ത്യയിലെ ക്രൈസ്തവ സഭയുടെ സ്ഥാപകനും യേശുക്രിസ്തുവിന്റെ 12 ശിഷ്യൻമാരിൽ ഒരാളുമാണ് തോമാശ്ലീഹ
Dukrana Thirunnal History
Dukrana Feast History: ജൂലൈ മൂന്ന്, ഭാരത കത്തോലിക്ക സഭ വളരെ പ്രാധാന്യത്തോടെ ആഘോഷിക്കുന്ന വിശുദ്ധ തോമാശ്ലീഹായുടെ ഓർമ തിരുന്നാൾ. കാലത്തിനൊപ്പം പരിഷ്‌കരിക്കപ്പെട്ട് 'സെയ്ന്റ് തോമസ് ഡേ' എന്നാണ് ഈ ദിനം ഇപ്പോൾ അറിയപ്പെടുന്നത്. എന്നാൽ കേരളത്തിലെ ക്രൈസ്തവർക്ക് ഇപ്പോഴും ഇത് ദുക്‌റാന തിരുന്നാളാണ്. പ്രചീനകാലം മുതൽ അങ്ങനെയാണ് അവർ തോമാശ്ലീഹായുടെ ഓർമ തിരുന്നാളിനെ വിശേഷിപ്പിച്ചിരുന്നത്.
ഇന്ത്യയിലെ ക്രൈസ്തവ സഭയുടെ സ്ഥാപകനും യേശുക്രിസ്തുവിന്റെ 12 ശിഷ്യൻമാരിൽ ഒരാളുമാണ് തോമാശ്ലീഹ. ജൂലൈ മൂന്നിനാണ് തോമാശ്ലീഹായുടെ തിരുന്നാൾ ആഘോഷിക്കുന്നത്. ഭാരത കത്തോലിക്കാ സഭയിൽ ദുക്‌റാന തിരുന്നാൾ വലിയ ആഘോഷമാണ്. തോമാശ്ലീഹ രക്തസാക്ഷിത്വം വഹിച്ചതിന്റെ ഓർമയാണ് ദുക്‌റാന തിരുന്നാൾ കൊണ്ട് അർത്ഥമാക്കുന്നത്. ദിദിമോസ്, മാർ തോമാ എന്നീ പേരുകളിലും തോമാശ്ലീഹ അറിയപ്പെടുന്നു.
ദുക്‌റാനയ്ക്ക് കേരളത്തിൽ 'തോറാന പെരുന്നാൾ' എന്ന പേരും ഉണ്ട്. കേരളത്തിന്റെ കാലാവസ്ഥയുമായി 'തോറാന' എന്ന വാക്കിനു വലിയ ബന്ധമുണ്ട്. കാലവർഷം അതിശക്തമായി നിൽക്കുന്ന സമയത്താണ് വിശുദ്ധ തോമാശ്ലീഹായുടെ ഓർമ തിരുന്നാൾ വരുന്നത്. ശക്തമായ മഴയും പെരുവെള്ളപ്പാച്ചിലുമാണ് ആ സമയത്ത്. തോരാതെ മഴ പെയ്യുന്ന കാലം ആയതിനാൽ മലയാളികൾ ദുക്‌റാനയെ 'തോറാന പെരുന്നാൾ' എന്നു വിശേഷിപ്പിക്കാൻ തുടങ്ങി.
തോരാതെ മഴ പെയ്യുന്ന തോറാന എന്നാണ് പഴമക്കാരുടെ വിശേഷണം. തൃശൂർക്കാരിയായ എഴുത്തുകാരി സാറ ജോസഫ് തന്റെ പുസ്തകങ്ങളിൽ പലയിടത്തും തോറാനയെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്. ജൂലൈ മൂന്നിന് ദുക്‌റാന തിരുന്നാൾ ദിവസം നിർത്താതെ മഴ പെയ്യുമെന്നാണ് ക്രൈസ്തവരുടെ വിശ്വാസം. തോറാന പെരുന്നാൾ ദിവസം പെരുവെള്ളപ്പാച്ചിലിൽ കാട്ടിൽ നിന്ന് ആനയും പുലിയും അടക്കമുള്ള മൃഗങ്ങൾ ഒലിച്ചുവരുമെന്ന് പഴമക്കാർ കുട്ടികൾക്ക് കഥ പറഞ്ഞു കൊടുക്കുമായിരുന്നു. ഒരിക്കൽ ശക്തമായ മഴയെ തുടർന്ന് ദുക്‌റാന തിരുന്നാൾ ദിവസം കാട്ടിൽ നിന്ന് മൃഗങ്ങൾ ഒലിച്ചുവന്നതിനു ശേഷമാണ് ഇങ്ങനെയൊരു കഥ പഴമക്കാർക്കിടയിൽ സജീവമായത്.
എ.ഡി.52 ലാണ് തോമാശ്ലീഹ കേരളത്തിലെത്തിയതെന്ന് കരുതപ്പെടുന്നത്. തോമാശ്ലീഹയുടെ നാമധേയത്തിലുള്ള കേരളത്തിലെ വലിയ രണ്ട് തീർത്ഥാടന കേന്ദ്രങ്ങളാണ് മലയാറ്റൂരും പാലയൂർ പള്ളിയും. എഡി 72 ൽ തമിഴ്‌നാട്ടിലെ മൈലാപ്പൂരിൽ വച്ച് കുത്തേറ്റാണ് തോമാശ്ലീഹ മരിച്ചതെന്നാണ് ഐതിഹ്യം.
സെന്റ് തോമസ് കേരളത്തിൽ വന്നിട്ടുണ്ടോ?
അതേസമയം ക്രിസ്തു ശിഷ്യനായ തോമസ് കേരളത്തിൽ എത്തിയതിനെ കുറിച്ച് ഇപ്പോഴും തർക്കങ്ങൾ നിലനിൽക്കുന്നു. തോമസ് കേരളത്തിൽ എത്തിയതിനു ചരിത്രപരമായ വസ്തുതകൾ ഇല്ലെന്നാണ് ചരിത്രകാരൻമാർ പറയുന്നത്. തോമസിന്റെ ഭൗതികശരീരം ഇറ്റലിയിലെ ഒർട്ടോണ ബസിലിക്കയിലാണെന്നാണ് ആഗോള കത്തോലിക്കാ സഭ അവകാശപ്പെടുന്നത്. എന്നാൽ ചെന്നൈയിലെ മൈലാപ്പൂരിൽ വെച്ചാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് കേരളത്തിലടക്കം ക്രൈസ്തവർ വിശ്വസിക്കുന്നു. ഈ പൊരുത്തക്കേടുകൾ കൂടി അടിസ്ഥാനമാക്കിയാണ് തോമസ് കേരളത്തിൽ എത്തിയിട്ടില്ലെന്ന വാദം. തോമസ് കേരളത്തിലെത്തി എന്ന് കരുതപ്പെടുന്ന ബിസി ഒന്നാം നൂറ്റാണ്ടിൽ കേരളത്തിൽ ജനവാസം ഉണ്ടായിരുന്നില്ലെന്നും പിന്നെ എങ്ങനെയാണ് തോമസ് ഇവിടെ എത്തിയ ബ്രാഹ്‌മണർക്കടക്കം മാമ്മോദീസാ നൽകിയതെന്ന് വിശ്വസിക്കുകയെന്നും പ്രശസ്ത ചരിത്രകാരൻ എംജിഎസ് നാരായണൻ ചോദിക്കുന്നു.