സിനിമ തന്നെ ജീവിതം, ജീവനും - വിശ്വരൂപം 2ന്റെ ഛായാഗ്രാഹകന്‍ ഷാംദത്തുമായുള്ള സംഭാഷണം - ഭാഗം III
വി ഹരികൃഷ്ണന്‍
PRO
PRO
ഇതിനിടെ ഒറ്റപ്പാലത്ത് ദേവരാഗത്തിന്റെ ഷൂട്ടിംഗ് നടക്കുന്നതായി കേട്ടു. ചിത്രത്തിന്റെ ക്യാമറമാന്‍ വേണുവാണെന്ന ധാരണയില്‍ അദ്ദേഹത്തെ കാണാന്‍ അവിടെയെത്തി. മുമ്പ് അദ്ദേഹത്തിന്റെ കുറേ സ്റ്റില്‍സ് ഞാന്‍ എടുത്തിരുന്നു. അത് നല്‍കാനും ഒപ്പം ഒരു ചാന്‍സും മോഹിച്ചായിരുന്നു ആ യാത്ര. അവിടെയെത്തി ഞാന്‍ വിവരം തിരക്കി. അപ്പോള്‍ ഷൂട്ടിംഗ് സെറ്റില്‍നിന്ന് ഒരാള്‍ പറഞ്ഞു, വേണുസാര്‍ അല്ല രവി യാദവ് എന്നയാളാണ് ചിത്രത്തിന്റെ ഛായാഗ്രഹകന്‍. ഞാന്‍ പതിയെ അവിടെനിന്ന് പോരാന്‍ തുടങ്ങുമ്പോള്‍ അയാള്‍ ചോദിച്ചു, വല്ലതും കഴിച്ചോ? ഞാന്‍ കഴിച്ചുവെന്ന് പറഞ്ഞു. അദ്ദേഹം എന്റെ കൈയില്‍ നിന്ന് ഫോട്ടോയൊക്കെ വാങ്ങിനോക്കി. അപ്പോള്‍ അദ്ദേഹം ചോദിച്ചു, രവി യാദവിന്റെ അസിസ്റ്റായി നില്‍ക്കാന്‍ താല്പര്യമുണ്ടോയെന്ന്. അങ്ങനെയെങ്കില്‍ പിറ്റേന്ന് ഹോട്ടലില്‍ ചെല്ലാന്‍ പറഞ്ഞു. ഞാനെത്താമെന്ന് മറുപടി നല്‍കി. ഹോട്ടലില്‍ എത്തി ആരെ തിരക്കണമെന്ന് ചോദിച്ചു. അവിടെയെത്തി സെവന്‍ ആര്‍ട്ട്സ് മോഹനനെ കാണണമെന്ന് പറഞ്ഞാല്‍ മതിയെന്നു പറഞ്ഞു. അന്ന് പ്രശസ്തനായ പ്രൊഡക്ഷന്‍ മാനേജരാണ് അദ്ദേഹമെന്നൊന്നും എനിക്കറിയില്ല.
പിറ്റേന്ന് ഹോട്ടലിലെത്തിയപ്പോള്‍ രവി യാദവിന്റെ അടുത്ത് കൂട്ടിക്കൊണ്ടു പോയി, ഇതെന്റെ സുഹൃത്താണ്. അസിസ്റ്റന്റായി നില്‍ക്കാന്‍ താല്പര്യമുണ്ടെന്ന് പറഞ്ഞു മോഹനേട്ടന്‍. അങ്ങനെ സിനിമയില്‍ ഹരിശ്രീ കുറിക്കുകയായിരുന്നു ഞാന്‍. രവി യാദവ് സാറിന്റെ സെറ്റ് അതുവരെ ഞാന്‍ മനസിലാക്കിയ ലോകത്ത് നിന്ന് വിഭിന്നമായ ഒന്നായിരുന്നു. തികച്ചും പ്രൊഫഷണലായ വര്‍ക്ക് പഠിക്കുന്നത് അവിടം മുതലാണ്. രണ്ടു ദിവസം എല്ലാം കണ്ടു പഠിച്ചു. മൂന്നാം ദിവസം മുതല്‍ വര്‍ക്ക് ചെയ്ത് തുടങ്ങി. അതൊരു അനുഭവമായിരുന്നു. ഭരതന്‍ സാറിന്റെ പടം, ശ്രീദേവിയും അരവിന്ദ് സ്വാമിയും നായികാനായകന്മാര്‍. അവര്‍ വ്യത്യസ്തമായ എന്തൊക്കെയോ ചെയ്യുന്നുണ്ടെന്ന് എനിയ്ക്ക് തോന്നി. അതു കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാന്‍ പ്രേരകമായി. ഇതിനിടെ ഷൂട്ടിംഗ് ഊട്ടിയിലേക്ക് ഷിഫ്റ്റ് ചെയ്തു. മോഹനേട്ടന്റെ ശുപാര്‍ശയോടെ എന്നെയും കൂട്ടി. അങ്ങനെ ജീവിതത്തില്‍ ഒരു സിനിമയുടെ അണിയറയിലെ പ്രവര്‍ത്തകനായി. പിന്നീട് സിനിമയില്‍ ഛായാഗ്രഹകനായി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മോഹനേട്ടനെ കാണുന്നത്.
ഒരു സിനിമയുമായി ബന്ധപ്പെട്ടാണ് പിന്നീട് അദ്ദേഹം എന്നെ വിളിക്കുന്നത്. അപ്പോള്‍ ഞാന്‍ ചോദിച്ചു, അറിയുക പോലുമില്ലാതിരുന്ന എന്നെ എന്തടിസ്ഥാനത്തിലാണ് സുഹൃത്താണെന്ന് പറഞ്ഞ് അസിസ്റ്റന്റാക്കിയത്? അദ്ദേഹം പറഞ്ഞു, "ഒരാളെ കാണുമ്പോള്‍ എനിയ്ക്ക് അറിയാം, എന്തെങ്കിലും കഴിവുള്ളയാളാണോയെന്ന്. അങ്ങനെ പലരെയും ഞാന്‍ സിനിമയ്ക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്". ആ വലിയ മനസാണ് എന്നെയും സെല്ലുലോയ്ഡില്‍ വ്യാകരണം രചിക്കുന്ന ഛായാഗ്രഹകനാക്കിയത്. ഈ അനുഭവങ്ങളിലൂടെ ഞാന്‍ മനസിലാക്കിയ ഒരു കാര്യമുണ്ട്, നമ്മുടെ ജീവിതത്തില്‍ വന്നുചേരുന്ന ആരും അപ്രസക്തരല്ല. അവര്‍ ഒരു പക്ഷേ നമ്മുടെ രക്ഷകരാകാം, ശത്രുക്കളാവാം, മിത്രങ്ങളാവാം. അവര്‍ക്കെല്ലാം നമ്മുടെ ജീവിതത്തില്‍ ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സ്വാധീനം ചെലുത്താനാവും. (തുടരും)