സിനിമ തന്നെ ജീവിതം, ജീവനും - വിശ്വരൂപം 2ന്റെ ഛായാഗ്രാഹകന്‍ ഷാംദത്തുമായുള്ള സംഭാഷണം - ഭാഗം III

വി ഹരികൃഷ്ണന്‍

PRO
PRO
ഇതിനു തുടര്‍ച്ചയായി നടന്ന സംഭവങ്ങളെല്ലാം ഒരു കഥ പോലെയായിരുന്നു. ദൈവം എനിക്ക് ഭക്ഷണം തന്നു. അതും കഴിച്ച് സന്തോഷത്തോടെ വി ട്രാക്സ് സ്റ്റുഡിയോയില്‍ ചെന്നപ്പോളാണ് സാബാ സ്റ്റുഡിയോയില്‍ ഒരു പെന്റക്സ് വില്‍ക്കാന്‍ ഒരു പൊടിമീശക്കാരന്‍ പയ്യനെത്തിയെന്നും ക്യാമറ എന്റെയാണോയെന്ന് സംശയമുണ്ടെന്നുമുള്ള വിവരം ഞാനറിയുന്നത്. ഇതറിഞ്ഞ് അഞ്ചു കിലോമീറ്ററോളം ഓടി സാബാ സ്റ്റുഡിയോയിലെത്തി. സോള്‍വറിന്റെ ക്യാമറ ബാഗായിരുന്നുവെന്നൊക്കെ കേട്ടപ്പോള്‍ എന്റെ ക്യാമറയാണെന്ന് തോന്നി. അവന്‍ സ്റ്റുഡിയോയില്‍ പറഞ്ഞത് ഒരു ട്രാവല്‍‌സില്‍ ജോലി ചെയ്യുകയാണെന്നും, ബസില്‍ നിന്നാണ് ക്യാമറ കിട്ടിയതെന്നുമൊക്കെയാണ്. ആ ട്രാവല്‍‌സില്‍ ഞാന്‍ തിരക്കിയപ്പോള്‍ അങ്ങനെയൊരു സംഭവം നടന്നിട്ടില്ല. ഇതു കേട്ടപ്പോള്‍ എനിയ്ക്ക് സംശയമായി.

തിരിച്ച് ഞാന്‍ ഒരു സൈക്കിളെടുത്ത് വേഗത്തില്‍ ചവിട്ടി ബാഗ് വെച്ചിരിയ്ക്കുന്ന വി ട്രാക്സ് സ്റ്റുഡിയോയില്‍ എത്തി. എന്റെ കൈയില്‍ ഷൂട്ടിംഗ് സെറ്റില്‍നിന്ന് എടുത്ത കുറേ ഫോട്ടോകളുണ്ട്. അതുമായി ഞാന്‍ വീണ്ടും സാബാ സ്റ്റൂഡിയോയിലെത്തി. അത് കണ്ടപ്പോള്‍ അതിലൊന്നില്‍ ക്യാമറയുമായി വന്ന പയ്യനുമുണ്ടെന്ന് സ്റ്റുഡിയോയിലെ സുഹൃത്തുക്കള്‍ തിരിച്ചറിഞ്ഞു. ഞാന്‍ വര്‍ക്ക് ചെയ്തിരുന്ന സൈറ്റിലെ ലൈറ്റ് മാനായിരുന്നു അവന്‍. അവന്‍ കയറിപ്പോയ ബസ് ഒക്കെ സ്റ്റുഡിയോയിലെ ക്യാമറ അസിസ്റ്റന്റുമാര്‍ നോക്കി വെച്ചിട്ടുണ്ട്. അവനെ ഞങ്ങള്‍ പൊക്കികൊണ്ടു വരാമെന്ന് പറഞ്ഞ് അവര്‍ അവന്റെ പിന്നാലെ പോയി. ക്യാമറ അവനില്‍നിന്ന് വാങ്ങിക്കൊണ്ടു എന്റെ സുഹൃത്തുക്കള്‍ വരുന്ന രംഗം ഇപ്പോഴും ഓര്‍മ്മയിലുണ്ട്. ഓട്ടോയില്‍ വരുന്ന സുഹൃത്തുക്കള്‍, ഒരു കാല്‍ കിലോമീറ്റര്‍ അപ്പുറം മുതല്‍ എന്നെ കണ്ടപ്പോള്‍ ക്യാമറ പുറത്തെടുത്ത് ക്ലിക് ചെയ്തു കൊണ്ടേയിരുന്നു. ഇതുകണ്ട് നിലത്തിരുന്നു കരഞ്ഞു ഞാന്‍. നഷ്ടപ്പെട്ടുപോയ മകനെ തിരിച്ചുകിട്ടിയ പോലെ ഒരു തരം വൈകാരികതയായിരുന്നു മനസില്‍.

ക്യാമറ മോഷ്ടിച്ച അവനെ എന്തുചെയ്യണമെന്ന് ചോദിച്ചു സുഹൃത്തുക്കള്‍. ഒന്നും വേണ്ട, ചെയ്തു തന്നതിനൊക്കെ നന്ദിയെന്ന് പറഞ്ഞ് അവിടെനിന്ന് തിരിച്ചു നടന്നു. എന്റെ സുഹൃത്തുക്കള്‍ സന്തോഷത്തിലായിരുന്നു, രാവേറെ ചെല്ലുവോളം പാട്ടും മേളവുമൊക്കെയായി ഒരു പാര്‍ട്ടി തന്നെ ഒരുക്കി. പിറ്റേന്ന് അവര്‍ എനിയ്ക്ക് 150 രൂപ തന്നു. ഇനി മര്യാദയ്ക്ക് എന്തെങ്കിലും ജോലിയൊക്കെയായി ജീവിക്കാമെന്നായി എന്റെ ചിന്ത. സിനിമയെന്നുള്ള ചിന്തയൊക്കെ പൂട്ടിക്കെട്ടി വണ്ടികയറി. ഇനിയൊരിക്കല്‍ സിനിമയാകും എന്റെ ലോകമെന്നുള്ള വിദൂരസ്വപ്നം പോലുമില്ലാതെയായിരുന്നു വീട്ടിലേക്കുള്ള മടങ്ങിപ്പോക്ക്. ഫ്രെയിം ടു ഫ്രെയിം ഒരു തിരക്കഥ പോലെയായിരുന്നു ഈ സംഭവങ്ങളത്രയും. അങ്ങനെ വീണ്ടും കല്യാണവര്‍ക്കിനു പോയി തുടങ്ങി.

കല്യാണവര്‍ക്കിന് പോയി എനിയ്ക്ക് ആദ്യം ലഭിച്ച പ്രതിഫലം 2000 രൂപയാണ്. അത് അച്ഛനെ ഏല്‍പ്പിച്ചു. ഇത്രയും കാലം കഷ്ടപ്പെട്ടില്ലേ? ഇതു നീ സമ്പാദിച്ച പണമാണ്, നീ തന്നെ ചെലവിട്ടോയെന്ന് പറഞ്ഞു കൈയില്‍ തിരികെ നല്‍കി. പിന്നെ വര്‍ക്കുകള്‍ കൂടുതല്‍ കിട്ടിത്തുടങ്ങി. സിനിമ ഒരു മോഹമായപ്പോള്‍ പണം സൂക്ഷിച്ചുവെച്ചു തുടങ്ങി. എന്റെ അച്ഛനും സുഹൃത്ത് വിനോദും 10,000 രൂപ വീതം തന്നു. അന്ന് ആ പണം തന്നിട്ട് വിനോദ് എന്നോട് പറഞ്ഞു, ’എന്നെങ്കിലും നീ വളര്‍ന്ന് വലുതായി സിനിമയിലെത്തി ധാരാളം പണം സമ്പാദിക്കുമ്പോള്‍ എനിക്ക് ഇത് തിരിച്ചു തന്നാല്‍ മതി‘. അതൊരു പ്രചോദനമായിരുന്നു. മുന്നോട്ടുള്ള ജീവിതത്തിന് എന്റെ സുഹൃത്ത് നല്‍കിയ ഊര്‍ജം.

അങ്ങനെ ഷോര്‍ട്ട് ഫിലിം എടുക്കാന്‍ തീരുമാനിച്ചു. ആ ഷോര്‍ട്ട് ഫിലിം സംസ്ഥാന തലത്തില്‍ മികച്ച എക്സ്പിരിമെന്റല്‍ ഫിലിമായി തെരഞ്ഞെടുക്കപ്പെട്ടു. അത്യാവശ്യം ക്യാമറയൊക്കെ പ്രവര്‍ത്തിപ്പിക്കാന്‍ അറിയാം. അപ്പോള്‍ അതുകൊണ്ട് എന്തെങ്കിലും ചെയ്യുക. അതായിരുന്നു ഷോര്‍ട്ട് ഫിലിം എടുക്കാനുള്ള കാരണം. ഇപ്പോഴത്തെ പ്രശസ്ത എഡിറ്ററാ‍യ മനോജായിരുന്നു ഫിലിമിന്റെ എഡിറ്റര്‍. എന്തായാലും മുന്‍പോട്ട് ഒരു ചുവട് വെക്കാന്‍ ആത്മവിശ്വാസം തന്നു ആ ഷോര്‍ട്ട് ഫിലിമിന് ലഭിച്ച അംഗീകാരം.

അടുത്ത പേജില്‍: അനുഭവങ്ങളുടെ ദേവരാഗം




WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :