ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കിയത് 'കിഴക്കുണരും പക്ഷി'! -വിശ്വരൂപം 2ന്റെ ഛായാഗ്രഹകന്‍ ഷാംദത്തുമായുള്ള സംഭാഷണം - ഭാഗം II

വി ഹരികൃഷ്ണന്‍

WEBDUNIA|
PRO
പരന്നുകിടക്കുന്ന വയലില്‍ നിലാവിന്റെ തെളിമ. വീടിന്‍റെ ടെറസിനുമുകളില്‍ പുലരുവോളം നീളുന്ന റിഹേഴ്സല്‍ ക്യാമ്പ്. കട്ടന്‍ കാപ്പിയും വെടിവട്ടവുമായി ഒരു കൂട്ടം ആളുകള്‍. എന്റെ മനസില്‍ പതിഞ്ഞ ആദ്യ ഫ്രെയിമുകള്‍ ഇവയാണ്. നാടകത്തിന്റെ കല സ്വായത്തമാക്കി തുടങ്ങിയതും ഇവിടെ നിന്നു തന്നെ. എന്നാല്‍ പഠനത്തില്‍ ഞാന്‍ മോശമായി കൊണ്ടിരുന്നു. പ്രീഡിഗ്രി തോല്‍ക്കുന്നിടം വരെയെത്തി കാര്യങ്ങള്‍. വീണ്ടും പരീക്ഷയെഴുതിയെങ്കിലും ഇനി പഠിക്കില്ലായെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു ഞാന്‍. വീട്ടില്‍ നിര്‍ബന്ധം ഏറി വരുമ്പോള്‍ ഞാന്‍ ഏതെങ്കിലും കോഴ്സിനു ചേരും. അങ്ങനെ കമ്പ്യൂട്ടര്‍ പഠിക്കാന്‍ ചേര്‍ന്നെങ്കിലും, കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ എന്തിനാണ് ഈ പ്രോഗ്രാമുകള്‍ പഠിക്കുന്നത് എന്നായി ചിന്ത. അതോടെ അതും പാതിവഴിയില്‍ ഉപേക്ഷിച്ചു. ഇതോടെ ഒരു കാര്യവും മുഴുമിപ്പിക്കില്ലായെന്നായി വീട്ടുകാര്‍. പൊക്കമില്ലാത്തതു കൊണ്ട് പൊലീസില്‍പ്പോലും കിട്ടില്ലല്ലോയെന്ന് അച്ഛന്‍ അക്കാലത്ത് പറയുമായിരുന്നു. അന്നേരവും ജീവിതത്തില്‍ പ്രത്യേകിച്ച് ഒരു ലക്‍ഷ്യവുമില്ലാതെ ഞാന്‍ മുന്നോട്ടുപൊയ്ക്കൊണ്ടിരുന്നു. ഒരു ഡിഗ്രി പോലുമില്ലാതെ നീയെങ്ങനെ ജീവിക്കും? പഠിച്ചില്ലായെന്നോര്‍ത്ത് പിന്നീട് നീ ദു:ഖിക്കുമെന്ന് അച്ഛന്‍ പറയും. അധ്യാപകരായ മാതാപിതാക്കളെ സംബന്ധിച്ച് പഠനത്തില്‍ ഉഴപ്പുന്ന മകന്‍ പ്രശ്നമായി മാറിക്കൊണ്ടിരിക്കുന്നു. സയന്‍സും കണക്കുമൊന്നും എന്‍റെ തലയില്‍ കയറില്ല. അങ്ങനെയുള്ള ഇതൊന്നും പഠിക്കേണ്ടതില്ലെന്ന ചിന്തയില്‍ ഞാനും.

മനസിന്റെ വെള്ളിത്തിരയില്‍ ഒരുപാട് ഷോട്ടുകള്‍ പതിയുന്നുണ്ട്, ജീവിതയാഥാര്‍ത്ഥ്യങ്ങളായി. അതില്‍ ശബ്ദദൃശ്യ വിതാനങ്ങളുണ്ട്. ഇത് നാം തിരിച്ചറിയാറില്ല. നമ്മുടെ മനസില്‍ പതിഞ്ഞ ചില കാഴ്ചകളുടെ സൗന്ദര്യം പിന്നീട് അതിലേക്ക് അടുപ്പിക്കാറുണ്ട്, മോഹിപ്പിക്കാറുണ്ട്. അത്തരത്തിലൊന്നു പോലെയാണ് ആദ്യമായി ക്യാമറയില്‍ തൊട്ട അനുഭവവും. ചെറുപ്പക്കാലത്ത് അച്ഛന്‍റെ ഒരു സ്നേഹിതന്‍ വീട്ടില്‍ ക്ലിക് 3 ക്യാമറ കൊണ്ടു വന്നു. ബാലസഹജമായ കൗതുകത്തോടെ ആ ക്യാമറയില്‍ ചാടി ഞാന്‍ ഒരു അമുക്ക് അമക്കി. ചിത്രം പതിഞ്ഞെങ്കിലും അതു ഞാന്‍ കണ്ടിട്ടില്ല. അതൊരു ഓര്‍മ്മച്ചിത്രം.

പ്രീഡിഗ്രി തോറ്റ സമയം. കൂട്ടുകാരുമായി സിനിമയൊക്കെ കണ്ട് കറങ്ങി നടക്കുകയാണ്. ഈ സമയത്താണ് കിഴക്കുണരും പക്ഷി കാണുന്നത്. കൂട്ടുകാരെല്ലാവരും പറഞ്ഞു, പടം ഗംഭീരമാണ്, ഭയങ്കര ക്യാമറ വര്‍ക്കാണ്. അപ്പോള്‍ ഞാന്‍ പറഞ്ഞു, പടമൊക്കെ കൊള്ളാം, പക്ഷേ ഔട്ട് ഓഫ് ഫോക്കസ് ആണ്. അതും പറഞ്ഞ് കൂട്ടുകാരെല്ലാം കളിയാക്കി. ഇതോടെയാണ് ഫോട്ടോഗ്രഫിയെക്കുറിച്ച് കൂടുതല്‍ പഠിക്കണമെന്ന ബോധം ഉള്ളിലുദിക്കുന്നത്. പിന്നീട് ക്യാമറാ‍മാന്‍ ആയിക്കഴിഞ്ഞപ്പോഴാണ് ഞാന്‍ മനസിലാക്കുന്നത് അത് തിയേറ്ററിലെ പ്രൊജക്ഷന്റെ കുഴപ്പമാണ്. പ്രൊജക്ഷനില്‍ ഉപയോഗിക്കുന്ന കാര്‍ബണിന്റെ കുഴപ്പം മൂലമാണ് ചില രംഗങ്ങള്‍ ഔട്ട് ഓഫ് ഫോക്കസ് ആവുന്നത്. എന്തായാലും ഫോട്ടോഗ്രഫി പഠിക്കണമെന്ന ആഗ്രഹമുദിക്കുന്നത് ഇവിടെ നിന്നാണ്.

അടുത്ത പേജില്‍‍: ക്യാമറ വാങ്ങാന്‍ തിരുപ്പൂരിലെ ബനിയന്‍ കമ്പനിയിലേക്ക്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :