സിനിമ തന്നെ ജീവിതം, ജീവനും - വിശ്വരൂപം 2ന്റെ ഛായാഗ്രാഹകന്‍ ഷാംദത്തുമായുള്ള സംഭാഷണം - ഭാഗം III

വി ഹരികൃഷ്ണന്‍

WEBDUNIA|
PRO
PRO
ജീവിതവഴിയില്‍ ചില സമയം നമ്മള്‍ പകച്ചുനില്‍ക്കും. അപ്പോള്‍ എന്തെങ്കിലും വഴി നമുക്ക് മുമ്പില്‍തെളിഞ്ഞുവരും. ആല്‍കെമിസ്റ്റില്‍ പൌലോ കൊയ്‌ലോ പറയുന്നു, "നിങ്ങള്‍ ശരിയ്ക്കും എന്തെങ്കിലും സംഭവിക്കണമെന്ന് ആഗ്രഹിക്കുമ്പോള്‍, അത് നേടാന്‍ ഈ ലോകം ഒന്നടങ്കം ഗൂഢാലോചന നടത്തുന്നു". ചില സമയം ഇത്തരം ചില അനിശ്ചിതാവസ്ഥയില്‍ ജീവിതം ചില വഴികളിലൂടെ ചലിച്ചു തുടങ്ങും. ജീവിതത്തില്‍ എന്തിനെയും ക്യാമറക്കണ്ണിലൂടെ നോക്കിക്കാണുകയെന്നത് ഒരു ശീലമായി കഴിഞ്ഞിരുന്നു. നമ്മള്‍ എപ്പോഴും കാണുന്ന ഒരേ ദൃശ്യം തന്നെ വ്യൂഫൈന്‍ഡറിലൂടെ നോക്കുമ്പോള്‍ പലപ്പോഴും പലതായാവും കാണപ്പെടുക. വെളിച്ചത്തിന്റെ വിതാനമനുസരിച്ച് ആ ദൃശ്യഭംഗി തന്നെ മാറിക്കൊണ്ടിരിയ്ക്കും. അത് ഒരു അനുഭവമാണ്. ക്യാമറയിലൂടെ പുതുമയുള്ള കാഴ്ചകള്‍ ഞാന്‍ കണ്ടു. വീണ്ടും കാണാന്‍ മോഹിച്ചു. ഇപ്പോഴും കാണുന്നു. മൂവി ക്യാമറയിലേക്ക് ഞാന്‍ ആകര്‍ഷിക്കപ്പെടുന്നത് ഈ താത്പര്യം കൊണ്ടാണ്.

അങ്ങനെയിരിക്കെ സീരിയലില്‍ അസിസ്റ്റന്റാവാന്‍ അവസരം ലഭിച്ചു. സീരിയലിന്റെ ക്യാമറമാന്‍ ഒരു തമിഴനായിരുന്നു. പഴയ ചില ക്യാമറമാന്‍മാരെപ്പോലെ ക്യാമറയില്‍പ്പോലും തൊടീക്കില്ല, വ്യൂഫൈന്‍ഡറിലൂടെ ഒന്നുനോക്കാന്‍ സമ്മതിക്കില്ല. അങ്ങനെയൊക്കെയായിരുന്നു കാര്യങ്ങള്‍. പക്ഷേ ആ അന്തരീക്ഷം എന്നെ സംബന്ധിച്ച് പുതിയൊരു അനുഭവമായിരുന്നു. ലൈറ്റും ബഹളവും ആളുമൊക്കെയായി ഒരു പുതുലോകം. അങ്ങനെ കുറേ ദിനങ്ങള്‍.

ഇതിനുശേഷം മറ്റൊരു സീരിയലിന്റെ വര്‍ക്കിനായി ഞാന്‍ തിരുവനന്തപുരത്തെത്തി. ഒരു പഴയകാല ചലച്ചിത്രസംവിധായകനും ഗാനരചയിതാവുമായ പ്രശസ്തനായിരുന്നു സീരിയലിന്റെ സംവിധായകന്‍. ഷൂട്ടിംഗ് സെറ്റില്‍ വെച്ച് എന്റെ പെന്റക്സ് മോഷണം പോയി. ഞാന്‍ അതും തിരഞ്ഞ് ഷൂട്ടിംഗ് സെറ്റിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. അപ്പോള്‍ എന്റെ സുഹൃത്തുക്കള്‍ പറഞ്ഞു, പൊലീസില്‍ പരാതിപ്പെടാം. ഇതൊന്നും സംവിധായകന് ഇഷ്ടപ്പെട്ടില്ല. "തന്നെ ഞാന്‍ അറിയില്ല, താന്‍ ഈ സെറ്റില്‍ വര്‍ക്ക് ചെയ്തിട്ടില്ല. തോന്ന്യാസം നടന്ന് ക്യാമറ നഷ്ടപ്പെടുത്തിയിട്ട്... എന്‍റെ സെറ്റില്‍ പൊലീസ് വരുന്നതൊന്നും എനിക്ക് ഇഷ്ടമല്ലാ"യെന്നൊക്കെ പറഞ്ഞു പൊട്ടിത്തെറിച്ചു. തലേന്ന് വരെ സ്നേഹപൂര്‍വം പെരുമാറിയിരുന്ന വ്യക്തി ഇങ്ങനെ പറയുന്നത് കേട്ട് കരഞ്ഞു ഞാന്‍ അവിടെ നിന്നിറങ്ങി നടന്നു.

അപ്പോള്‍ എന്റെ സുഹൃത്തുക്കള്‍ സംവിധായകനോട് ചോദിച്ചു, "സാറിന്റെ മോനായിരുന്നു ഇങ്ങനെയൊരു അവസ്ഥ വരുന്നതെങ്കില്‍ ഇങ്ങനെ പെരുമാറുമായിരുന്നോ?". അന്ന് അവര്‍ ഷൂട്ടിംഗ് നിര്‍ത്തിവെച്ചു. എന്നോടൊപ്പം വന്ന് പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ ചെന്ന് പരാതിപ്പെട്ടപ്പോള്‍ ഷൂട്ടിംഗ് സെറ്റിലാരെങ്കിലും ആവും ക്യാമറ എടുത്തത്, എല്ലാവരെയും ചോദ്യം ചെയ്യാമെന്നായി പൊലീസ് ഉദ്യോഗസ്ഥര്‍. കുറ്റം ചെയ്തത് ആരെങ്കിലും ഒരാളാവും. അതിന് എല്ലാവരെയും കഷ്ടപ്പെടുത്തണ്ട, എന്നെങ്കിലും ജോലി ചെയ്ത് ഒരു ക്യാമറ വാങ്ങിക്കൊള്ളാമെന്ന് പറഞ്ഞ് പരാതി നല്‍കാതെ അവിടെനിന്നു പോന്നു. ഇവന്‍ എന്തു മനുഷ്യനാടേ എന്നായിരുന്നു പൊലീസുകാരുടെ പ്രതികരണം. ഇനി ജോലി ചെയ്ത് ക്യാമറ വാങ്ങിയിട്ടേ വീട്ടിലേക്കുള്ളൂ എന്നായി എന്റെ ചിന്ത.

അടുത്ത പേജില്‍: ക്യാമറയോടുള്ള വാത്സല്യം, സ്വന്തം കുഞ്ഞിനെപ്പോലെ...




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :