മോളിവുഡ് മുതല്‍ ബോളിവുഡ് വരെ; സിനിമയുടെ പാഠശാലയില്‍!- വിശ്വരൂപം 2 ന്റെ ഛായാഗ്രഹകന്‍ ഷാം‌ദത്തുമായുള്ള സംഭാഷണം അവസാനഭാഗം

വി ഹരികൃഷ്ണന്‍

PRO
PRO
ദില്‍ ചാഹ്ത്താഹേയുടെ സെറ്റില്‍ നിന്ന് ഞാനെത്തുന്നത് 3ഡി മാക്സ് മീഡിയ എന്ന വിദേശ പ്രൊഡക്ഷന്‍ ടീമിനൊപ്പമാണ്. അതിനുശേഷം കല്‍ക്കട്ട മെയില്‍ എന്ന സിനിമയില്‍ അസിസ്റ്റ് ചെയ്യുന്നതിനിടെയാണ് ആദ്യ സിനിമയായ പ്രേമായനമഹ എന്ന തെലുങ്ക് പടം ചെയ്യാന്‍ പോകുന്നത്. ന്യൂയോര്‍ക്കിലും ഡെട്രോയ്റ്റിലുമായിരുന്നു ഷൂട്ടിംഗ്. അവിടെ നിന്നാണ് കൃത്യം എന്ന എന്റെ ആദ്യ മലയാളസിനിമ ചെയ്യാന്‍ വരുന്നത്. അതിനുശേഷം ഷാജി കൈലാസിന്റെ ടൈഗര്‍, വര്‍ഗം, ഋതു, ഐജി, പ്രമാണി, വെനീസിലെ വ്യാപാരി, മേരിക്കുട്ടിക്കുണ്ടൊരു കുഞ്ഞാട്, തേജാഭായ് തുടങ്ങി ആര്‍ട്ടിസ്റ്റ് വരെ എത്തിനില്‍ക്കുന്നു. ഇതിനിടെ കുറേയേറെ തെലുങ്ക് പടങ്ങള്‍. സാഹസം എന്ന തെലുങ്ക് ബിഗ് ബജറ്റ് ചിത്രത്തിനുശേഷമാണ് ഞാന്‍ ആര്‍ട്ടിസ്റ്റ് ചെയ്യാന്‍ വരുന്നത്. പക്ഷേ രണ്ടും രണ്ട് അനുഭവങ്ങളാണ്. തെലുങ്കില്‍ ഒരു ബിഗ് ബജ്റ്റ് പടത്തിന് 25 മുതല്‍ 50 കോടി വരെ മുടക്കുമ്പോള്‍ നമ്മുടെ സിനിമയിലെ ബിഗ് ബജറ്റ് പടം തീരുന്നത് അഞ്ചു കോടി രൂപയ്ക്കാണ്. കാരണം ഒരു തെലുങ്ക് പടം 1500 തീയേറ്ററിലൊക്കെ റിലീസ് ചെയ്യുമ്പോള്‍ നമ്മുടെ സിനിമയുടെ മാര്‍ക്കറ്റ് പരമാവധി 150 തീയേറ്ററില്‍ തീരുന്നു. തെലുങ്കില്‍ ആവശ്യമുള്ള എന്ത് ഉപകരണങ്ങളും നമ്മള്‍ക്ക് ആവശ്യപ്പെടാം. അങ്ങനെ ഫുള്‍ സെറ്റില്‍ വേണമെങ്കില്‍ ഷൂട്ട് നടത്താം. പക്ഷേ മലയാള സിനിമയില്‍ പരിമിതി അറിഞ്ഞു വേണം ജോലി ചെയ്യാന്‍. ഇപ്പോള്‍ അഞ്ചു കോടിയുടെ പടമാണെങ്കില്‍ അത് അമ്പത് കോടിയുടെ പകിട്ടുണ്ടാകണം സ്ക്രീനിലെത്തുമ്പോള്‍.

അത് ഒരു ക്യാമറാമാന്റെ കടമയാണ്. വ്യത്യസ്തമായ ലൈറ്റിംഗില്‍ കഥയ്ക്ക് അനുയോജ്യമായ അന്തരീക്ഷമൊരുക്കുക. സാഹസം എന്ന സിനിമയില്‍ ക്യാമറ ഉണ്ട് എന്നത് പ്രേക്ഷകര്‍ക്കും മനസിലാകണം. എന്നാല്‍ ആര്‍ട്ടിസ്റ്റില്‍ ക്യാമറ ഉണ്ടെന്ന ധാരണപോലും പ്രേക്ഷകനുണ്ടാവാതെ നോക്കേണ്ടത് ഛായാഗ്രഹകനാണ്. ഇതിലെല്ലാം ഉപരി സിനിമയെന്നത് ഒരു കൂട്ടായ്മയാണ്. സൗഹൃദങ്ങളുടെ കൂട്ടായ്മ. അങ്ങനെയുള്ള കൂട്ടായ്മകളിലാണ് നല്ല സിനിമകള്‍ ഉണ്ടാകുന്നത്. അവിടെ നായകനെന്നോ നിര്‍മാതാവെന്നോ ക്യാമറാമാനെന്നോ ഉള്ള വ്യത്യാസമില്ല. ഒരു ഷൂട്ടിംഗ് ലൊക്കെഷനില്‍ എന്തു ജോലിയും ചെയ്യാനുള്ള മനസ്. അതില്‍ നിന്നൊക്കെയാണ് തീര്‍ച്ചയായും നല്ല നല്ല സൗഹൃദങ്ങളും സിനിമകളുമുണ്ടാകുന്നത്. എന്നെ പഠിപ്പിച്ചതും ഇതൊക്കെ തന്നെയാണ്. കാരണം സിനിമയല്ലാതെ മറ്റൊന്നും എനിക്ക് അറിയില്ല.

ഷാംദത്ത് പറഞ്ഞുനിര്‍ത്തി. ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയില്‍ ഇത്തിരിനേരത്തെ സംഭാഷണശകലങ്ങള്‍. അതില്‍ കുറേയേറെ അനുഭവങ്ങള്‍. സിനിമയെക്കുറിച്ചുള്ള അറിവുകള്‍. ഒത്തിരി സ്വപ്നങ്ങള്‍. അവയില്‍ സെല്ലുലോയ്ഡില്‍ പതിയേണ്ടവ ഏറെയാണ്. ക്യാമറക്കണ്ണിലൂടെ നോക്കുമ്പോള്‍ കാണുന്ന ലോകത്തെ വൈവിധ്യമാര്‍ന്നതാക്കി പ്രേക്ഷകരിലേക്ക് എത്തിക്കുകയെന്നതാണ് ഛായാഗ്രഹകന്റെ കടമയും ധര്‍മ്മവും. അതില്‍ ജീവിതവും സ്വപ്നങ്ങളുണ്ട്. കമല്‍ഹാസന്റെ വിശ്വരൂപം 2ന്റെ ഷൂട്ടിംഗ് ചെന്നൈയില്‍ തുടരുകയാണ്. ഷാംദത്ത് എന്ന ഛായാഗ്രഹകന്റെ പ്രയാണവും...

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :