മോളിവുഡ് മുതല്‍ ബോളിവുഡ് വരെ; സിനിമയുടെ പാഠശാലയില്‍!- വിശ്വരൂപം 2 ന്റെ ഛായാഗ്രഹകന്‍ ഷാം‌ദത്തുമായുള്ള സംഭാഷണം അവസാനഭാഗം

വി ഹരികൃഷ്ണന്‍

PRO
PRO
രവി കെ ചന്ദ്രന്‍ സാറിന്റെ സെറ്റിലേക്ക് ഞാന്‍ എത്തുന്നത് തികച്ചും യാദൃശ്ചികമായാണ്. പരസ്യചിത്ര സംവിധായകനായ ജബ്ബാര്‍ കല്ലറയ്ക്കലാണ് അദ്ദേഹത്തെ പരിചയപ്പെടുത്തുന്നത്. ഒരു ഇന്റര്‍വ്യൂ ഷൂട്ടിനിടെയാണ് ജബ്ബാര്‍ കല്ലറയ്ക്കലിനെ പരിചയപ്പെടുന്നത്. അപ്പോള്‍ ഞാന്‍ ചെയ്ത ഷോര്‍ട്ട് ഫിലിം ഒന്നു കാണുന്നോയെന്ന് ചോദിച്ചു. അങ്ങനെ ഷോര്‍ട്ട് ഫിലിം കണ്ടു കഴിഞ്ഞപ്പോള്‍ ആരുടെ അസിസ്റ്റന്റായാണ് വര്‍ക്ക് ചെയ്തിട്ടുള്ളത് ? എന്താണ് ഭാവി പരിപാടിയെന്ന് അദ്ദേഹം ചോദിച്ചു. സാര്‍ ആഡൊക്കെ തന്നാല്‍ ചെയ്യാമെന്നായിരുന്നു എന്റെ ഉത്തരം. താന്‍ ഒരു വലിയ ക്യാമറാമാനാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അങ്ങനെ ജബ്ബാര്‍ കല്ലറയ്ക്കലിന്റെ പുതിയ പരസ്യചിത്രത്തിന്റെ ഷൂട്ട് ഒരു സോംഗായി കട്ട് ചെയ്തെടുക്കാനുള്ള ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ അവസരം ലഭിച്ചു. പരസ്യചിത്രത്തിന്റെ ക്യാമറാമാന്‍ രവി കെ ചന്ദ്രന്‍ സാറായിരുന്നു. അദ്ദേഹത്തോട് ജബ്ബാര്‍ എന്റെ ആഗ്രഹം അറിയിച്ചപ്പോള്‍ ചെന്നൈയിലെ വീട്ടിലെത്താന്‍ പറഞ്ഞു, കൂടെ ചെയ്ത വര്‍ക്കുകള്‍ കാട്ടാനും. അങ്ങനെയാണ് അദ്ദേഹത്തിന്റെ ടീമിനൊപ്പമെത്തുന്നത്. ആ ടീമിനൊപ്പമുള്ള അനുഭവം ശരിയ്ക്കും എന്റെ സിനിമാ ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അദ്ദേഹത്തിനൊപ്പം പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത റെയ്നോള്‍ഡ്സിന്റെ പരസ്യ ചിത്രത്തിലൂടെയായിരുന്നു തുടക്കം.

കാരണം സിനിമാട്ടോഗ്രാഫിയിലെ അത്യാധുനികമായ കാര്യങ്ങളെക്കുറിച്ച് പഠിക്കാന്‍ തുടങ്ങിയത് അവിടെ നിന്നാണ്. ഒരു പുതിയ ഷൂട്ടിംഗ് എക്യുപ്‌മെന്റിനെക്കുറിച്ച് അറിഞ്ഞാല്‍ അതെപ്പറ്റി പഠിക്കാന്‍ പറയും. ഷൂട്ടിന്റെ ലൈറ്റിംഗ് ആംഗിളുകള്‍, പാറ്റേണ്‍ ഇവയെല്ലാം വരപ്പിക്കും. അവ പിന്നീട് തീയേറ്ററില്‍ കാണുമ്പോള്‍ അതെപ്പറ്റി നമ്മള്‍ കൂടുതല്‍ ബോധവനാകും. അദ്ദേഹത്തോടൊപ്പമുള്ള രണ്ടാമത്തെ സിനിമയായ സ്നിപ് മുതല്‍ തന്നെ ക്യാമറ ഷൂട്ട് ചെയ്യാന്‍ തരുമായിരുന്നു. അതൊരു വ്യത്യസ്തമായ അനുഭവമാണ്. ഡിജിറ്റല്‍ യുഗത്തില്‍ എല്ലാം എളുപ്പമാണെങ്കില്‍ മൂവി ക്യാമറയില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ അതില്‍ ഷൂട്ടിംഗ് മോഡും എല്ലാം മാനുവലായി സെറ്റ് ചെയ്യണം. അതിനൊരു വഴക്കം ആവശ്യമാണ്. അതിനാണ് ക്യാമറയുമായി കൂടുതല്‍ ഇടപഴകാന്‍ പറയുന്നത്. ഇന്ത്യന്‍ സിനിമയുടെ ലോകമെന്തെന്ന് കാട്ടിത്തന്നത് ഈ അനുഭവങ്ങളാണ്. ഇപ്പോഴും വലിയ സെറ്റുകളില്‍ ചെല്ലുമ്പോള്‍ പതറാതെ വര്‍ക്ക് ചെയ്യാന്‍ പറ്റുന്നത് അനുഭവങ്ങളുടെ ഈ പിന്‍ബലം മൂലമാണ്.

ബോളിവുഡിന്റെ ലോകം വേറൊന്നാണ്. അവിടെ അച്ചടക്കത്തിലും കൂട്ടായ്മയിലുമാണ് ഷൂട്ടിംഗ് മുന്നോട്ട് പോകുന്നത്. ക്യാമറാമാനു പോലും ഐഡന്റിറ്റി കാര്‍ഡുണ്ടാകും. സെറ്റില്‍ കാര്‍ഡില്ലാതെ ആരെയും പ്രവേശിപ്പിക്കില്ല. പക്ഷേ സെറ്റില്‍ എല്ലാവരും ഒന്നാണ്. ഭക്ഷണം കഴിക്കുന്നതും അങ്ങനെ തന്നെ. അമീര്‍ ഖാനും സെയ്ഫ് അലി ഖാനുമൊക്കെ ഭക്ഷണം കഴിക്കാന്‍ ലൈറ്റ് ബോയ്സിനൊപ്പം ക്യൂ നില്‍ക്കും. ബോളിവുഡിലെ സിനിമകളെല്ലാം മുന്‍‌കൂട്ടി ആസൂത്രണം ചെയ്താണ് ഷൂട്ടിംഗ് തുടങ്ങുക. അതുകൊണ്ട് തന്നെ ജോലിക്കിടെ ഒന്നിനെക്കുറിച്ചും ടെന്‍ഷന്‍ അടിക്കേണ്ടി വരില്ല. ഫ്രീയായി വര്‍ക്ക് ചെയ്യാനാകും. സംവിധായകന്‍ ഫര്‍ഹാന്‍ അക്തറും ഒരു പ്രത്യേക വ്യക്തിത്വമാണ്. ഷൂട്ടിനിടെ അധികം സംസാരിക്കില്ല. എപ്പോഴും ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അതിനെപ്പറ്റി ചിന്തിക്കുന്നയാള്‍.

സിനിമയെക്കുറിച്ചുള്ള സംഭാഷണം നീളുകയാണ്. അനുഭവങ്ങള്‍ കേട്ടപ്പോള്‍ ചോദ്യങ്ങളുടെ എണ്ണവും കൂടിയതാവാം. വ്യത്യസ്ത ഭാഷകള്‍, വ്യത്യസ്ത സിനിമകള്‍, വ്യത്യസ്ത അനുഭവങ്ങള്‍ തന്നതെന്താണ്, പഠിപ്പിച്ചതെന്താണ്? മറുപടിക്കായി കാത്തുനില്‍ക്കേണ്ടി വന്നില്ല.

അടുത്ത പേജില്‍: അറിയാവുന്നത് സിനിമ മാത്രം; ജീവിക്കാനാഗ്രഹിക്കുന്നതും

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :