മോളിവുഡ് മുതല്‍ ബോളിവുഡ് വരെ; സിനിമയുടെ പാഠശാലയില്‍!- വിശ്വരൂപം 2 ന്റെ ഛായാഗ്രഹകന്‍ ഷാം‌ദത്തുമായുള്ള സംഭാഷണം അവസാനഭാഗം

വി ഹരികൃഷ്ണന്‍

WEBDUNIA|
PRO
PRO
"സിനിമോട്ടോഗ്രാഫി എന്നത് ആര്‍ക്കും പഠിപ്പിച്ചു തരാന്‍ പറ്റുന്ന ഒന്നല്ല. അത് ഉള്ളിന്റെ ഉള്ളില്‍ നിന്ന് ഉണ്ടാവേണ്ടതാണ്. ചിത്രരചനയും മറ്റും ആര്‍ക്കും പഠിപ്പിച്ചു തരാനാവില്ലല്ലോ? അതുപോലെ. നിങ്ങള്‍ക്ക് വലിയ സെറ്റുകളില്‍ വര്‍ക്ക് ചെയ്ത് അതില്‍നിന്ന് അനുഭവവും പരിചയവുമുണ്ടാക്കാം. അതിലൂടെ നിങ്ങള്‍ക്ക് ഒരു ക്യാമറാമാനാകാം. അല്ലെങ്കില്‍ അസിസ്റ്റന്റായി എന്നും തുടരും" എന്റെ ഗുരുനാഥനായ രവി കെ ചന്ദ്രന്‍ ആദ്യം എന്നോട് പറഞ്ഞ വാക്കുകളാണിത്. ശരിക്കും എല്ലാ അര്‍ഥത്തിലും ഒരു ഗുരുനാഥനാണ് അദ്ദേഹം. ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ബ്രില്യന്റായ ക്യാമറാമാന്‍. തെറ്റുകള്‍ കണ്ടാല്‍ അതു ചൂണ്ടിക്കാണിക്കും. അസിസ്റ്റന്റുമാരാണെങ്കിലും നൂറു ശതമാനം പ്രൊഫഷണല്‍ ആയിരിയ്ക്കണമെന്ന് നിര്‍ബന്ധമുള്ളയാള്‍. ഓരോ സിനിമയും ഓരോ രീതിയിലാവണം. ഒരു ക്യാമറാമാന്റെ തന്നെ വിവിധ സിനിമകളില്‍ ഒരേ ഫ്രെയിമുകള്‍ ഉണ്ടാവരുതെന്നതാണ് നിഷ്ഠ. ഒരു കാണുമ്പോള്‍ ഒരിക്കലും ക്യാമറാമാന്‍ ആരെന്ന് തിരിച്ചറിയാനാവാത്തവിധം വൈവിധ്യം നിറഞ്ഞതായിരിയ്ക്കണം ഛായാഗ്രഹണമെന്നത് അദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നു.

പരന്ന വായനയുള്ളയാള്‍. ഫോട്ടോഗ്രാഫിയെക്കുറിച്ചുള്ള ലോകത്തിന്റെ ഏതു കോണുകളില്‍നിന്നുള്ള ജേര്‍ണലുകളും മാഗസിനുകളും റഫറന്‍സ് നടത്തി അതിനെ എങ്ങനെ ഉപയോഗപ്പെടുത്താമെന്നുള്ള വ്യക്തമായ ഉള്‍ക്കാഴ്ചയും അദ്ദേഹത്തിനുണ്ട്. കണ്ടു കൊണ്ടേന്‍ മുതല്‍ ദില്‍ ചാഹ്താ ഹേ വരെ ആറു സിനിമകളിലും നാല്‍പ്പതോളം പരസ്യചിത്രങ്ങളിലും അദ്ദേഹത്തെ അസിസ്റ്റ് ചെയ്തു. ഓരോ സിനിമയ്ക്കും ഓരോ കളര്‍ പാറ്റേണും ലൈറ്റിംഗുമാണ് ഉപയോഗിക്കുന്നത്. അത് സിനിമയുടെ കഥയ്ക്ക് യോജിക്കുന്ന രീതിയിലുള്ളവയായിരിയ്ക്കും. തന്റെ സിനിമകള്‍ക്ക് ലോകോത്തര നിലവാരം ഉണ്ടായിരിയ്ക്കണം, അതിന് വിട്ടുവീഴ്ചകള്‍ പാടില്ലായെന്നതാണ് നയം. തന്റെ കൂടെയുള്ളവരും അങ്ങനെയായിരിയ്ക്കണമെന്ന നിര്‍ബന്ധബുദ്ധിയും അദ്ദേഹത്തിനുണ്ട്.

നമ്മള്‍ പെര്‍ഫെക്ടായിരുന്നാല്‍ നൂറു ശതമാനം നമ്മുടെ സുഹൃത്താണ്. അദ്ദേഹത്തോടൊപ്പമുള്ള ആദ്യ സിനിമ 'കണ്ടു കൊണ്ടേന്‍ കണ്ടു കൊണ്ടേന്‍' ഒരു അനുഭവമായിരുന്നു. സിനിമാട്ടോഗ്രാഫിയില്‍ അതുല്യരായ രണ്ടു പ്രതിഭകളുടെ സംഗമമായിരുന്നു ആ സിനിമ, രാജീവ് മേനോനും രവി കെ ചന്ദ്രനും. രാജീവ് സാറാണെങ്കിലും വളരെ സൗഹൃദമുള്ളയാളാണ്. കൂടെയുള്ളവരെ നന്നായി പ്രോത്സാഹിപ്പിക്കും. ഇരുവരും എന്നോട് വാത്സല്യം കാട്ടിയിരുന്നു.

അടുത്ത പേജില്‍: പ്രിയദര്‍ശനൊപ്പം തുടക്കം; സിനിമാട്ടോഗ്രാഫിയുടെ പുതുലോകത്ത്




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :