സിനിമ തന്നെ ജീവിതം, ജീവനും - വിശ്വരൂപം 2ന്റെ ഛായാഗ്രാഹകന്‍ ഷാംദത്തുമായുള്ള സംഭാഷണം - ഭാഗം III
വി ഹരികൃഷ്ണന്
PRO
PRO
ക്യാമറയും നെഞ്ചില്‍ ചേര്‍ത്തായിരുന്നു അന്നുവരെ എന്റെ ഉറക്കമൊക്കെ. ഒരു തരം വാത്സല്യവും സ്നേഹവുമാണ്. ഒരു ജീവനുള്ള ആളോടെന്ന പോലെയാണ് ഞാന്‍ പെരുമാറുക. ശരിയ്ക്കും പറഞ്ഞാല്‍ എന്റെ കുഞ്ഞ് എന്ന് ഒരു അച്ഛനു തോന്നുന്ന വാത്സല്യം. വേര്‍പെടുത്താനാവാത്ത ആത്മബന്ധം തന്നെ വളര്‍ന്നിരുന്നു. അപ്പോഴാണ് അത് കൈവിട്ടുപോകുന്നത്. ജോലിയില്ലാതായതോടെ തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡിനുള്ളില്‍ ഏതെങ്കിലും കെ എസ് ആര് ടി സി ബസിലായി രാത്രി ഉറക്കം. രാവിലെ എണീറ്റ് ന്യൂ തീയേറ്ററിനു സമീപത്തെ പൊതു കക്കൂസില്പോയി പ്രാഥമിക കാര്യങ്ങളൊക്കെ നിര്‍വഹിയ്ക്കും.
അന്നൊക്കെ രാവിലെ തിരുവനന്തപുരത്തെ വി ട്രാക്സ് സ്റ്റുഡിയോയുടെ മുമ്പില്‍ പോയിരിയ്ക്കും. ആരെങ്കിലും 50 രൂപയൊക്കെ തരും. എന്നാല്‍ ആ പണം മടക്കിനല്‍കി, അവരോട് ഒരു രണ്ട് രൂപ മാത്രം ആവശ്യപ്പെടും. എന്നിട്ട് പകല്‍ മുഴുവന്‍ പട്ടിണി നടക്കും. വൈകിട്ട് ഇഡ്ഡലിയോ ദോശയോ കഴിയ്ക്കും. ഈ സമയം എന്റെ സുഹൃത്തുക്കള്‍ അവിടെ എല്ലാ സ്റ്റുഡിയോകളിലും പറഞ്ഞുവെച്ചിരുന്നു, ഒരു പെന്റക്സ് ക്യാമറ ലഭിച്ചാല്‍ അറിയിക്കണമെന്ന്. പകല്‍ പത്മനാഭ സ്വാമി ക്ഷേത്രത്തിനു മുന്നിലും പള്ളികളുടെ മുന്നിലുമൊക്കെ പോവും. എന്നിട്ട് "എല്ലാവരുടെയും പ്രാര്‍ഥന കേട്ടു കഴിയുമ്പോള്‍ എന്റെ കാര്യം കൂടി പരിഗണിക്കണേ" എന്നൊക്കെ പറയും. പലപ്പോഴും ഒരു സിനിമയിലെ രംഗങ്ങള്‍ പോലെയാണ് ജീവിതം കടന്നുപൊയ്ക്കൊണ്ടിരുന്നത്. ഏതുകാര്യത്തിലും ഒരു നര്‍മ്മമുണ്ടെന്ന് പറയുന്നതുപോലെ ഇതിനിടെയിലുണ്ടായ പല സംഭവങ്ങളും ഒരുതരം കോമഡി പോലെയായിരുന്നു.
വി ട്രാക്സ് സ്റ്റുഡിയോയില്വന്നിരുന്ന ഒരു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്നോട് പറഞ്ഞു, 'നിന്റെ ക്യാമറ തിരിച്ചുകിട്ടും, ഒരു വഴിയുണ്ട്'. ആ ചേച്ചി എന്നെയും കൊണ്ട് ഒരു ആള്‍ദൈവത്തിന്റെ അടുത്തേക്കാണ് പോയത്. അവിടെ ചെന്നപ്പോള്‍ നിറയെ പുകയും പൂക്കളുമൊക്കെയായി ഒരു തരം അന്തരീക്ഷം. എന്നെ അടുത്ത് വിളിച്ചിട്ട് ആ 'പെണ്‍ദൈവം' എന്നോട് കുറേ ഇംഗ്ലീഷ് അക്ഷരങ്ങള്‍ പറഞ്ഞിട്ട്, ഇതില്തുടങ്ങുന്ന ഒരു പേരുകാരനാണ് ഇതുകൊണ്ടു പോയതെന്നൊക്കെ പറഞ്ഞു. ഞാന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു "എനിയ്ക്ക് ഈ പേരുകാരെ ആരെയും അറിയില്ല". അതോടെ അവര്‍ പറഞ്ഞു, "മകന് പേടിക്കേണ്ട, ക്യാമറ തിരിച്ചുകിട്ടും". ഇതൊക്കെ കണ്ടുംകേട്ടും ഞാന്‍ അവിടെനിന്ന് പോന്നു. ഇങ്ങനെ കുറെയേറെ സംഭവങ്ങള്‍, കുറെ ആളുകള്‍, ബന്ധങ്ങളൊക്കെയായി ജീവിതം മുന്നോട്ടുപോയി. അത്തരമൊരു ദിനത്തില്‍ സിനിമയുടെ ക്ലൈമാക്സ് രംഗം പോലൊരു സംഭവം നടന്നു.
ഒരു ദിവസം കിഴക്കേ കോട്ട ബസ് സ്റ്റാന്ഡിലിരിക്കുകയാണ് ഞാന്‍. നന്നായി വിശക്കുന്നുണ്ട്. അപ്പോഴാണ് പോള്‍ എന്ന എന്റെ ഒരു സുഹൃത്ത് ആ വഴി വന്നത്. എന്റെ സീനിയറായി ഫിലിം ഇന്‍സ്റ്റിട്യൂട്ടില്‍ പഠിച്ചയാളാണ്. ഞാന്‍ ഓടിപ്പോയി അയാളുടെയടുത്ത് എത്തി പറഞ്ഞു, എനിയ്ക്ക് കഴിയ്ക്കാന്‍ എന്തെങ്കിലും വാങ്ങിത്തരണമെന്ന്. അയാള്‍ എനിക്ക് വയര്‍ നിറച്ച് ആഹാരം വാങ്ങി തന്നു. ജീവിതത്തില്‍ ആദ്യമായി ഏറ്റവും രുചികരമായി ഞാന്‍ ഭക്ഷണം കഴിച്ചത് അന്നായിരുന്നു. ഒരുപക്ഷേ ഏറ്റവും ആര്‍ത്തിയോടെയും...