ഭരണിപ്പാട്ടിന്‍റെ കലി

ശ്രീഹരി പുറനാട്ടുകര

WDFILE
ഹഡിംഗ്‌ടണ്‍ സംസ്‌കാരങ്ങള്‍ തമ്മിലുള്ള സംഘര്‍ഷ സിദ്ധാന്തം അവതരിപ്പിക്കുന്നതിനു മുമ്പ് ഭാരതീയ പുരാണം രണ്ട് സംസ്കാരങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തെ വിവരിക്കുന്നുണ്ട്. മഹാദേവനും ദക്ഷനും തമ്മില്‍ നടന്ന പോരാട്ടം സത്യത്തില്‍ രണ്ട് സംസ്‌കാരങ്ങള്‍ തമ്മിലുള്ള പോരാട്ടമായിരുന്നു.

ശവപ്പറമ്പില്‍ ഉറങ്ങുന്നതാണ് ശിവന് ഇഷ്‌ടം. അദ്ദേഹത്തിന്‍റെ സൈന്യം ദ്രാവിഡ ഗോത്ര വീര്യമുള്ള ഭൂതഗണങ്ങളാണ്. കൂടാതെ ശനിയെ ഒരു കൂടപ്പിറപ്പിനെ പോലെ അദ്ദേഹം കൊണ്ടു നടക്കുന്നു. ദക്ഷന്‍. എല്ലാ സൌഭാഗ്യങ്ങളും അനുഭവിക്കുന്നവന്‍.

അങ്ങനെ അനുഭവിക്കുമ്പോള്‍ അഹങ്കാരം ഉണ്ടാവുക സ്വാഭാവികം. സത്യത്തില്‍ ശിവന്‍ പോരാട്ടം നടത്തിയത് ദക്ഷനോടല്ല. ദക്ഷന്‍ പ്രതിനിധാനം ചെയ്യുന്ന അഹങ്കാര സംസ്‌കാരത്തോടാണ്. എല്ലാ യുഗത്തിലും സംസ്‌കാരങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമുണ്ടാകുന്നു.

എം.എസ്.ബനേഷിന്‍റെ കലി-ദി ഫ്ലേമ്മിംഗ് ഫേസസെന്ന ഡോക്യുമെന്‍ററിയുടെ ദൃശ്യഭാഷയുടെ പുസ്തക രൂപം ഫേബിയന്‍ ബുക്‍സാണ് പുറത്തിറക്കിയിരിക്കുന്നത്. കൊടുങ്ങല്ലൂര്‍ ഭരണിയെക്കുറിച്ചുള്ളതാണ് ഈ ഡോക്യുമെന്‍ററി.

നേരത്തെ സൂചിപ്പിച്ച പോലെ ശിവന്‍റെ ദ്രാവിഡമായ പോരാട്ടത്തിന്‍റെ സ്വഭാ‍വം കൊടുങ്ങല്ലൂര്‍ ഭരണി പ്രതിനിധാനം ചെയ്യുന്നുണ്ട്. ഇവിടെ പോരാട്ടം വ്യവസ്ഥയോടാണ്. ഇതു മാത്രമാണ് ശരിയെന്ന് എഴുതി വെച്ച വ്യവസ്ഥാ സംസ്‌കാരത്തോട്.

കൊടുങ്ങല്ലൂരില്‍ കോമരങ്ങള്‍ ദ്രാവിഡമായ രൌദ്രത പ്രതിനിധാനം ചെയ്ത് സ്വാത്വികതയില്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്ന കാപട്യങ്ങള്‍ക്കും വഞ്ചനകള്‍ക്കു നേരെ പോരാട്ടം നടത്തുന്നു. അവിടെ നിറയുന്ന വര്‍ണ്ണങ്ങളും ഗന്ധങ്ങളും തീക്ഷ്‌ണമാണ്. ദക്ഷന്‍റെ തലയറുത്ത ശിവന്‍റെയും, ദാരികനെ നാമവശേഷമാക്കിയ കാളിയുടെയും ശക്തി അദൃശ്യമായി ഇവിടത്തെ കോമരങ്ങള്‍ക്ക് പകര്‍ന്നു കിട്ടുന്നതായി കാഴ്‌ചക്കാര്‍ക്ക് അനുഭവപ്പെടുന്നു.

കോമരങ്ങളിളൂടെയാണ് സഞ്ചാരമാണ് ബനേഷിന്‍റെ ഡോക്യുമെന്‍ററി. ഗോത്ര ജീവിതത്തിന്‍റെ താളം, ലയം എന്നിവ പകര്‍ന്നു നല്‍കുവാന്‍ ബനേഷിന്‍റെ ഡോക്യുമെന്‍ററിയുടെ ദൃശ്യഭാഷക്ക് കഴിഞ്ഞിരിക്കുന്നു. ദ്രാവിഡമായ ആത്മീയതയുടെ ജൈവികത പകര്‍ന്നു നല്‍കുന്നവയാണ് ഇതിലെ ഫോട്ടോകള്‍.

ചടുലമായ ഒരു ചടങ്ങിന് ആവശ്യമായ വിവരണം തന്നെയാണ് ഡോക്യുമെന്‍ററിയുടേത്. ഇവിടെ കോമരങ്ങള്‍ ഒറ്റപ്പെട്ട തുരുത്തുകളല്ല. ദ്രാവിഡ വീര്യം പേറുന്ന ഭൂതഗണങ്ങളുടെ കൂട്ടത്തെയാണ് അവര്‍ ഓര്‍മ്മിപ്പിക്കുന്നത്.

WEBDUNIA|
പക്ഷെ, പുസ്തകം വായിച്ചു കഴിഞ്ഞാല്‍ മനസ്സില്‍ ഒരു ദാ‍ഹം ഉണ്ടാകുമെന്നത് ഉറപ്പാണ്-‘കലി ദി ഫ്ലേമ്മിംഗ് ഫേസസെ‘ന്ന ഡോക്യുമെന്‍ററി കാണണമെന്നുള്ള ദാഹം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :