പത്രപ്രവര്‍ത്തനത്തിന്‍റെ ധര്‍മ്മദര്‍ശനങ്ങള്‍

ടി ശശി മോഹന്‍

N P Rajendran
WDWD
പത്രപ്രവര്‍ത്തനത്തെ കുറിച്ചും റിപ്പോര്‍ട്ടിംഗിനെ കുറിച്ചും എഡിറ്റിംഗിനെ കുറിച്ചും പത്ര ഭാഷയെ കുറിച്ചും എല്ലാം പല പുസ്തകങ്ങളും മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ട് എങ്കിലും പത്രമാധ്യമങ്ങളുടെ ധാര്‍മ്മികതയെ കുറിച്ചും പത്ര നിയമങ്ങളെ കുറിച്ചും പ്രതിപാദിക്കുന്ന പുസ്തകങ്ങള്‍ ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം. ആ നിലയ്ക്ക് രാജേന്ദ്രന്‍റെ ഈ പുസ്തകം വളരെ കാലിക പ്രസക്തിയുള്ളതാണ്.

പത്രം ഇന്നത്തെ എല്ലാ മാധ്യമങ്ങളുടെയും കാരണവരാണ്. ആ നിലയ്ക്ക് പത്രങ്ങള്‍ക്ക് ബാധകമായ ധാര്‍മ്മികതയും നൈതികതയും, നിയമങ്ങളും ഇപ്പോഴത്തെ ബഹുജന മാധ്യമങ്ങള്‍ക്കും, ആധുനിക യുഗത്തിലെ ഇന്‍റര്‍‌നെറ്റിനും പോര്‍ട്ടലുകള്‍ക്കും, ബ്ലോഗുകള്‍ക്കും എല്ലാം പൊതുവേ ബാധകമാണ്.അതുകൊണ്ട് മാധ്യമങ്ങള്‍ക്ക് പൊതുവായ സദാചാര സംഹിതകളുടെ ആഖ്യാനമായി ഇതിനെ കാണാവുന്നതാണ്‌.

പത്രപ്രവര്‍ത്തനം പഠിക്കുന്നവര്‍ക്ക് ഇതൊരു കൈപ്പുസ്തകമായി സൂക്ഷിച്ച് വയ്ക്കാവുന്നതാണ്. കേരളം, ഇന്ത്യ, ലോകം ഈ മൂന്ന് തലങ്ങളില്‍ മാധ്യമങ്ങള്‍ അനുവര്‍ത്തിച്ചു പോന്ന നയങ്ങള്‍, പെരുമാറ്റ ചട്ടങ്ങള്‍, ധാര്‍മ്മികത, അവയ്ക്ക് മേലുണ്ടായിരുന്ന വിലക്കുകള്‍, നിയന്ത്രണങ്ങള്‍, മാരണ നിയമങ്ങള്‍ എന്നിവയോടൊപ്പം പത്രങ്ങള്‍ക്കും പത്ര പ്രവര്‍ത്തകര്‍ക്കും വേണ്ടിയുണ്ടാക്കിയ നിയമങ്ങള്‍, ഭരണഘടനയിലൂടെ നേരിട്ടല്ലെങ്കിലും ലഭ്യമായ നിയമ ആനുകൂല്യങ്ങള്‍, നിയമ പരിരക്ഷകള്‍, നിയമാവകാശങ്ങള്‍ എന്നിവയെ കുറിച്ചെല്ലാം രാജേന്ദ്രന്‍ ഈ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

ഒരു പത്രപ്രവര്‍ത്തകനു ചേരും വിധം , പല നിരീക്ഷണങ്ങള്‍ക്കും പിന്തുണയേകുന്ന സ്രോതസ്സുകളെ ഉദ്ധരിച്ച് കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഏറ്റവും പുതിയ വിവരാവകാശ നിയമത്തില്‍ നിന്ന് തുടങ്ങി പരസ്യ നിയമങ്ങളേയും പരസ്യങ്ങളുടെ ധാര്‍മ്മികതയേയും വരെ ഉള്‍ക്കൊള്ളിച്ചുള്ള 13 അധ്യായങ്ങളാണ് ഈ പുസ്തകത്തിലുള്ളത്.

സ്വകാര്യത, വാര്‍ത്തയുടെ ഉറവിടം, ആധുനികവും പൌരാണികവുമായ നിയമങ്ങള്‍, പത്രസ്വാതന്ത്ര്യം, മാനനഷ്ടം, കോടതിയലക്‍ഷ്യം, പത്രാധിപരുടെ അവസ്ഥ, പ്രസ്സ് കൌണ്‍സില്‍, പത്രപ്രവര്‍ത്തക നിയമം തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ ഈ പുസ്തകത്തില്‍ ചര്‍ച്ചാവിഷയം ആക്കിയിട്ടുണ്ട്.

മിക്ക കാര്യങ്ങളിലും സ്വകീയമായ അഭിപ്രായം, പൊതുതാത്പര്യത്തിന് ഹിതകരമാവും വിധവും വിശാലാര്‍ത്ഥത്തില്‍ അംഗീകരിക്കാവുന്ന തരത്തിലും രാജേന്ദ്രന്‍ അവതരിപ്പിച്ചത് അഭിപ്രായ വ്യത്യാസം ഉള്ളവര്‍ക്ക് പോലും സ്വീകാര്യമാവും എന്നത് ഒരു സവിശേഷതയായി എനിക്ക് തോന്നുന്നു.

ധാര്‍മ്മികതയും നിയമവും പലപ്പോഴും പരസ്പരപൂരകങ്ങളാണെങ്കിലും പത്രപ്രവര്‍ത്തനത്തിന്‍റെ കാര്യത്തില്‍ മിക്കപ്പോഴും അങ്ങനെയല്ല . ഈ വൈരുധ്യമാണ് പത്രപ്രവര്‍ത്തനത്തെ ,ഒരു തരത്തില്‍ പറഞ്ഞാല്‍ , ധീരവും വെല്ലുവിളി നിറഞ്ഞതുമായ കര്‍മ്മ മേഖലയാക്കുന്നത്.

സത്യം പുറത്തു പറഞ്ഞാല്‍ ചിലപ്പോഴത് കോടതിയലക്ഷ്യമായേക്കാം, അല്ലെങ്കില്‍ അവകാശലംഘനമായേക്കാം.ചില വാര്‍ത്തകള്‍ പുറത്തുവിടുന്നത് ധാര്‍മ്മികത്യ്ക്കോ ഔചിത്യത്തിനോ നിരക്കാത്തതാവാം. പക്ഷേ അവ പറയാതിരിക്കുന്നത് വലിയൊരു വാര്‍ത്തയുടെ തമസ്കരണമായി തീര്‍ന്നേക്കാം .

ഇങ്ങനെ കര്‍മ്മപഥങ്ങളില്‍ പകച്ചു പോകുന്ന പത്രപ്രവര്‍ത്തകര്‍ക്ക് ഈ പുസ്തകം ഒരു ഞെക്കുവിളക്കാണ്,പത്രപവര്‍ത്തനം പഠിക്കുന്നവര്‍ക്ക് സൂക്ഷിച്ചു വെക്കാവുന്ന സംശയനിവാരണ ഗ്രന്ഥമാണ്.



WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :